കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സീസണിലേക്ക് മറ്റൊരു സ്‌ട്രൈക്കര്‍ കൂടി വരുന്നു. സ്‌പെയിന്‍ താരം ജീസസ് ജിമെനെസാണ് മഞ്ഞപ്പടയുമായി കരാറിലെത്തിയിരിക്കുന്നത്. ഗ്രീക്ക് ക്ലബ്ബ് ഒ എഫ് ഐ ക്രെറ്റെയുടെ സ്‌ട്രൈക്കറാണ് ജിമെനെസ്. സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ യൂത്ത് ടീം അംഗമായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തിന് 30കാരന്‍ ശക്തിപകരും.ക്വാമി പെപ്ര-നോഹ സദൂയി ടീമിനൊപ്പം മുന്‍നിരയില്‍ ജിമെനെസും ഉണ്ടാവും. ക്ലബ്ബ് വിട്ട ദിമിത്രിയോസ് ഡയമന്റകോസിന് പകരമാണ് സ്‌പെയിന്‍ താരം ടീമിലെത്തുന്നത്.
2017ല്‍ സ്‌പെയിനിലെ മൂന്നാം ഡിവിഷന്‍ ലീഗില്‍ സിഎഫ് ടലവേരയിലാണ് ജീസസ് കരിയര്‍ ആരംഭിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രമാണ് ഇനിയുള്ളത്. ബ്ലാസറ്റേഴ്‌സ് സ്‌ക്വാഡ് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കേണ്ടതുണ്ടെന്ന ആരാധകരുടെ ആവശ്യം മുഖവിലകെടുത്താണ് പുതിയ കോച്ചിന്റെ നീക്കം. ഗ്രീക്ക് ക്ലബ്ബില്‍ എത്തിയ ജീസസിന് ഇവിടെ കാര്യമായി തിളങ്ങാനായിരുന്നില്ല. പരിക്കിനെ തുടര്‍ന്നാണ് താരം ഏറിയ പങ്കും പുറത്തായിരുന്നു. പോളണ്ടിലെ ഒന്നാം ഡിവിഷന്‍ ലീഗിലും അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിലും താരം കളിച്ചിട്ടുണ്ട്.