സ്റ്റുഗര്‍ട്ട്: യൂറോ കപ്പിന്റെ സെമിയില്‍ പ്രവേശിച്ച് സ്‌പെയിന്‍. ടൂര്‍ണ്ണമെന്റിലെ അപരാജിത കുതിപ്പ് സ്‌പെയിന്‍ ആതിഥേയരായ ജര്‍മനിക്ക് മുന്നിലും തുടര്‍ന്നു. ഫലമോ 2-1ന്റെ തോല്‍വിയുമായി ജര്‍മനി യൂറോ കപ്പ് ക്വാര്‍ട്ടറില്‍ നിന്ന് പുറത്ത്. അത്യന്തികം വാശി നിറഞ്ഞ പോരാട്ടത്തില്‍ മല്‍സരം നിശ്ചിത സമയത്ത് സമനിലയില്‍ അവസാനിക്കുകയായിരുന്നു.1-1. എക്‌സ്ട്രാ ടൈമിലെ 119ാം മിനിറ്റില്‍ മിഖേല്‍ മെറീനോ സ്‌പെയിനിന്റെ വിജയ ഗോള്‍ നേടുകയായിരുന്നു.
51ാം മിനിറ്റില്‍ ദാനി ഒല്‍മോയിലൂടെയാണ് സ്‌പെയിന്‍ ലീഡെടുത്തത്. 89ാം മിനിറ്റിലായിരുന്നു ജര്‍മനിയുടെ സമനില ഗോള്‍. ഫ്‌ലോറിയന്‍ വിര്‍ട്‌സാണ് ജര്‍മനിക്കായി ലക്ഷ്യം വലകുലിക്കിയത്. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. സ്പാനിഷ് ആക്രമണത്തോടെയാണ് മല്‍സരം തുടങ്ങിയത്. തുടക്കത്തില്‍ പെനല്‍റ്റി ഏരിയയ്ക്കു പുറത്തുനിന്ന് പെദ്രിയെടുത്ത ഷോട്ട് ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ തടഞ്ഞു. ആക്രമണത്തിന് സ്‌പെയിന്‍ മൂര്‍ച്ഛ കൂട്ടുന്നതിനിടെയാണ് അവര്‍ക്ക് മിഡ്ഫീല്‍ഡര്‍ പെഡ്രിയെ നഷ്ടമായത് . ജര്‍മന്‍ താരം ടോണി ക്രൂസിന്റെ ഫൗളില്‍ പെഡ്രിക്ക് പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റ് ഗ്രൗണ്ടില്‍വീണ പെഡ്രി ഉടന്‍ കളം വിട്ടു. പകരക്കാരനായിറങ്ങിയ ഒല്‍മോയാണ് പിന്നീട് സ്‌പെയിനിന് പ്രതീക്ഷ നല്‍കിയത്. 14ാം മിനിറ്റില്‍ ഒല്‍മോയെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിന് അന്റോണിയോ റൂഡിഗര്‍ മഞ്ഞക്കാര്‍ഡ് കണ്ടു. സ്‌പെയിനിന്റെ കൗമാരതാരം ലാമിന്‍ യമാല്‍ എടുത്ത ഫ്രീകിക്ക് ലോ ഷോട്ടായി ജര്‍മന്‍ പോസ്റ്റിന് വലതു ഭാഗത്തുകൂടെ പുറത്തേക്കുപോയി.
22ാം മിനിറ്റില്‍ ബാഴ്‌സയുടെ ലപോര്‍ട്ടെയെടുത്ത ഷോട്ടും പുറത്തായി. 35ാം മിനിറ്റില്‍ ആഴ്‌സണലിന്റെ കായ് ഹാവെര്‍ട്‌സിന്റെ ലോ ഷോട്ട് സ്പാനിഷ് ഗോളി ഉനായ് സിമോണ്‍ പിടിച്ചെടുത്തു. 39ാം മിനിറ്റില്‍ ഒല്‍മോയെടുത്ത നെടുനീളന്‍ ഷോട്ടും ജര്‍മന്‍ ഗോളി തടഞ്ഞു. റീബൗണ്ടില്‍ ക്യാപ്റ്റന്‍ അല്‍വാരോ മൊറാട്ടയുടെ(അത്‌ലറ്റിക്കോ മാഡ്രിഡ്) ശ്രമവും ഫലം കണ്ടില്ല. 40 മിനിറ്റ് പിന്നിട്ടപ്പോഴും മത്സരം ഗോള്‍ രഹിതമായിരുന്നു. 45ാം മിനിറ്റില്‍ ലാമിന്‍ യമാല്‍ എടുത്ത ഷോട്ടും ജര്‍മന്‍ ഗോളി നിഷ്പ്രയാസം തടഞ്ഞു.
രണ്ടാം പകുതിയില്‍ ഇരുടീമുകളും രണ്ട് വീതം താരങ്ങളെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തു. ജര്‍മനിക്കായി റോബര്‍ട്ട് ആന്റിച്, ഫ്‌ലോറിയന്‍ വിച് എന്നിവര്‍ കളിക്കാനിറങ്ങി. സ്പാനിഷ് ടീമില്‍ റോബിന്‍ നോര്‍മണ്ടിനെ പിന്‍വലിച്ച് നാച്ചോ ഇറങ്ങി. 48ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ട ലമിന്‍ യമാലില്‍നിന്നുള്ള പാസ് സ്വീകരിച്ച് നടത്തിയ ഗോള്‍ ശ്രമം ബാറിനു മുകളിലൂടെ പുറത്തേക്കു പോയത് സ്‌പെയിനിന് വീണ്ടും ആഘാതം നല്‍കി. 51ാം മിനിറ്റില്‍ യമാലിന്റെ അസിസ്റ്റില്‍ ഡാനി ഒല്‍മോ സ്‌പെയിനെ മുന്നിലെത്തിച്ചു.
ഗോള്‍ വീണതിനെ തുടര്‍ന്ന് ജര്‍മനി ആക്രമണത്തിന് മൂര്‍ഛ കൂട്ടി. എന്നാല്‍ സ്‌പെയിന്‍ അതിനെയെല്ലാം പ്രതിരോധിച്ചു. 58ാം മിനിറ്റില്‍ സ്പാനിഷ് താരം ഒല്‍മോ പെനല്‍റ്റി ഏരിയയില്‍നിന്ന് വില്യംസിനെ ലക്ഷ്യമിട്ട് പാസ് നല്‍കിയെങ്കിലും റൂഡിഗര്‍ ഈ നീക്കം പരാജയപ്പെടുത്തി.
68ാം മിനിറ്റില്‍ ഒല്‍മോയെ ഫൗള്‍ ചെയ്തതിന് ജര്‍മനിയുടെ റയല്‍ മാഡ്രിഡ് മുന്‍ താരം ടോണി ക്രൂസിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. രണ്ടാം പകുതിയില്‍ ബാഴ്‌സയുടെ യമാലിനെ പിന്‍വലിച്ച് സ്‌പെയിന്‍ ടോറസിനെ ഇറക്കി. സീനിയര്‍ താരം തോമസ് മുള്ളര്‍ 80ാം മിനിറ്റിലാണ് ഇറങ്ങിയത്. പ്രായത്തെ വെല്ലുന്ന നീക്കങ്ങളുമായി മുള്ളറും കളം നിറഞ്ഞു കളിച്ചു. 81ാം മിനിറ്റില്‍ ജര്‍മനിയുടെ 21കാരന്‍ ജമാല്‍ മുസിയാല ഒരു ഗോള്‍ ശ്രമം നടത്തി. സ്‌പെയിന്‍ ഇതിനെ അനായാസം തകര്‍ത്തു. 83ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ജര്‍മന്‍ ഫോര്‍വേഡ് കായ് ഹാവെര്‍ട്‌സ് നഷ്ടപ്പെടുത്തി. സ്പാനിഷ് ഗോളിയുടെ ഗോള്‍ കിക്ക് പിടിച്ചെടുത്ത് ലക്ഷ്യം കാണാനുള്ള അവസരം താരത്തിനു ലഭിച്ചു. പക്ഷേ ഹാവെര്‍ട്‌സിന്റെ ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്കു പറന്നു. ഇത് ജര്‍മനിക്ക് വീണ്ടും നിരാശ നല്‍കി.
86ാം മിനിറ്റിലെ ഫ്രീകിക്ക് അവസരവും മുതലാക്കാന്‍ ജര്‍മനിക്കു കഴിഞ്ഞില്ല. വിരമിക്കല്‍ പ്രഖ്യാപിച്ച ടോണി ക്രൂസിനെ ടീമിലേക്ക് തിരിച്ച് വിളിച്ചത് വെറുതെ ആയില്ലെന്ന പ്രകടനമാണ് താരം നടത്തിയത്. ടോണി ക്രൂസിന്റെ കിക്കില്‍ തല വച്ച് ഹാവെര്‍ട്‌സ് ലക്ഷ്യം കാണാന്‍ ശ്രമിച്ചെങ്കിലും സ്പാനിഷ് ഗോളി തടഞ്ഞു. തൊട്ടുപിന്നാലെ ലഭിച്ച കോര്‍ണറും ജര്‍മനി നഷ്ടപ്പെടുത്തി. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി ജര്‍മനി തുടര്‍ ആക്രമണങ്ങള്‍ ഒടുവില്‍ വിജയം കാണുകയായിരുന്നു. 89ാം മിനിറ്റില്‍ ഫ്‌ലോറിയന്‍ വിര്‍ട്‌സിന്റെ ഗോളില്‍ ജര്‍മനി സമനില പിടിച്ചു.
എക്‌സ്ട്രാടൈമില്‍ ഇരുടീമും തുടരെ തുടരെ ആക്രമണം നടത്തി. ഒടുവില്‍ സ്‌പെയിനിന്റെ പെട്ടെന്നുള്ള മുന്നേറ്റം ജര്‍മനിക്ക് തടയാനായില്ല. ഫലമോ 2-1ന്റെ ലീഡ് സ്പാനിഷ് ടീം നേടി.119ാം മിനിറ്റില്‍ മിഖേല്‍ മെറീനോയാണ് സ്‌പെയിനിനായി സ്‌കോര്‍ ചെയ്തത്. ഡാനു ഒല്‍മോയുടെ ഒരു ക്രോസില്‍ നിന്ന് വന്ന പന്ത് മെറീനോ ഹെഡറിലൂടെ ഗോള്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു. 124ാം മിനിറ്റില്‍ സ്‌പെയിന്‍ താരം ഡാനിയല്‍ കാര്‍വജലിന് റെഡ് കാര്‍ഡ് ലഭിച്ചു. ഫ്രാന്‍സ്-പോര്‍ച്ചുഗല്‍ മല്‍സരത്തിലെ വിജയികളാണ് സ്‌പെയിനിന്റെ സെമി എതിരാളികള്‍.