ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ ടീമിനെ അവരുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ എത്തിച്ച കോച്ചാണ് ലയണല്‍ സ്‌കലോണി. മറഡോണയുടെ കാലത്തിന് ശേഷം എടുത്ത പറയത്തക്ക നേട്ടങ്ങളൊന്നുമില്ലാത്ത അര്‍ജന്റീനാ ടീമിനെ ഇന്ന് ലോക ഫുട്‌ബോളിലെ താരരാജാക്കന്‍മാരാക്കിയത് സ്‌കലോണിയുടെ തന്ത്രങ്ങള്‍ തന്നെയാണ്. 46കാരനായ സ്‌കലോണിക്ക് 15 വര്‍ഷം കൂടി വാമോസിനെ പരിശീലിപ്പിക്കണമെന്നാണ് ആഗ്രഹം. തുടര്‍ച്ചയായ രണ്ടാം കോപ്പാ കിരീടം നേടിയതിന് ശേഷം അര്‍ജന്റീനയിലെത്തിയ സ്‌കലോണി മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മാനേജ്‌മെന്റ് അനുവദിക്കുകയാണെങ്കില്‍ ഇനിയൊരു 15 വര്‍ഷം കൂടി ഈ ടീമിനെ പരിശീലിപ്പിക്കണം എന്നാണ് തന്റെ ആഗ്രഹം-സ്‌കലോണി വ്യക്തമാക്കി. അര്‍ജന്റീനയ്ക്കായി ഒരു ലോകകപ്പും രണ്ട് കോപ്പാ അമേരിക്കന്‍ കിരീടവും ഒരു ഫൈനലിസിമ കിരീടവും നല്‍കിയ പരിശീലകനാണ് സ്‌കലോണി. 2018 ലോകകപ്പിലെ അര്‍ജന്റീനയുടെ തകര്‍ച്ചയ്ക്ക് ശേഷം കോച്ച് സംമ്പോളിയെ പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് സ്‌കലോണി ചുമതലയേറ്റത്.
സ്‌പെയിനിലെ ഡിപ്പോര്‍ട്ടീവാ ലാ കൗറുണയിലും ഇറ്റലിയിലെ ലാസിയോ ക്ലബ്ബിനും വേണ്ടി കളിച്ച സ്‌കലോണി അര്‍ജന്റീനയുടെ 2006 ലോകകപ്പ് ടീമിലും മെസ്സിക്കൊപ്പം ഉണ്ടായിരുന്നു. 2019 കോപ്പാ അമേരിക്കയില്‍ അര്‍ജന്റീനയ്ക്ക് മൂന്നാം സ്ഥാനം നല്‍കിയാണ് സ്‌കലോണിയുടെ തുടക്കം. നിലവിലെ ചാംപ്യന്‍മാരായ ബ്രസീലിനെ തകര്‍ത്ത് 2021ല്‍ കോപ്പാ അമേരിക്ക തിരിച്ച് പിടിച്ചത് സ്‌കലോണിയുടെ പിന്നീടുള്ള നേട്ടമായി.
28 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അര്‍ജന്റീനയുടെ ആദ്യ കിരീട നേട്ടമായിരുന്നു ഇത്. തുടര്‍ന്ന് ലോകകപ്പും നേടിയ സ്‌കലോണി ഇത്തവണ കോപ്പയില്‍ വീണ്ടും കിരീടം ചൂടി. നിലവില്‍ 35 വിജയങ്ങളുമായി ബ്ലൂസ് കുതിപ്പ് തുടരുകയാണ്.