റിയാദ്: സൗദി പ്രോ ലീഗിന്റെ പുതിയ സീസണിന് നാളെ തുടക്കമാവും. നിലവിലെ ചാംപ്യന്‍മാരും കൂടുതല്‍ തവണ ലീഗ് കിരീടം നേടുകയും ചെയ്ത അല്‍ ഹിലാല്‍ തന്നെയാണ് ഇത്തവണയും കിരീട ഫേവററ്റുകള്‍. അല്‍ ഹിലാലിന്റെ ആധിപത്യം അവസാനിപ്പിക്കാനാണ് ഇക്കുറിയും അല്‍ നസര്‍ ഇറങ്ങുന്നത്. 19 തവണയാണ് അല്‍ ഹിലാല്‍ കിരീടം നേടിയത്. സൂപ്പര്‍ താരം നെയ്മര്‍ കൂടി ടീമിലേക്ക് തിരിച്ചെത്തുന്നതോടെ അല്‍ ഹിലാല്‍ കൂടുതല്‍ ശക്തരാകുമെന്നുറപ്പ്. ചിരവൈരികളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറും ഇക്കുറി ഒരുങ്ങി തന്നെയാണ്. പ്രീസീസണില്‍ മോശം പ്രകടനം കാഴ്ചവച്ചെങ്കിലും റൊണാള്‍ഡോ ഫോമിലുള്ളത് ടീമിന് ഗുണം ചെയ്യും. അല്‍ ഇത്തിഹാദും ഇത്തവണ മികച്ച പ്രതീക്ഷയിലാണ്. കരീം ബെന്‍സിമ ഇക്കുറിയും ടീമിന്റെ തുരുപ്പ് ചീട്ടാവും.
നിലവില്‍ പുതിയ താരങ്ങള്‍ക്കായുള്ള ട്രാന്‍സ്ഫര്‍ വിപണി സജീവമാണ്. പ്രധാനമായും യൂറോപ്പില്‍ നിന്നാണ് ഇക്കുറിയും താരങ്ങള്‍ എത്തുക. നിലവില്‍ നാച്ചോ ഫെര്‍ണാണ്ടസ്(അല്‍ ഖാദിസിയാ), പിയറി ഐമറിക് ഒബമായെങ്(അല്‍ ഖാദിസിയാ), മൗസാ ഡിയാബി(അല്‍ ഇത്തിഹാദ്) എന്നിവരാണ് പുതുതായി എത്തിയ താരങ്ങള്‍. വിനീഷ്യസ് ജൂനിയര്‍, മാര്‍ക്കസ് റാഷ്ഫോഡ്, കെയ്ല്‍ വാല്‍ക്കര്‍, കാന്‍സലോ എന്നീ താരങ്ങളെയും സൗദി ക്ലബ്ബുകള്‍ നോട്ടമിട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലായി ലോകത്ത് സൗദി പ്രോ ലീഗിന് വന്‍ പിന്തുണയാണ്. ലോകത്തെ മികച്ച ലീഗുകള്‍ക്കൊപ്പം സൗദി പ്രോ ലീഗിനും ആരാധകരുണ്ട്.ഇന്ത്യയില്‍ സോണി സ്പോര്‍ട്സ് ടിവിയ്ക്കാണ് സംപ്രേക്ഷണ അവകാശം.
ഇക്കുറിയും 18 ക്ലബ്ബുകള്‍ ലീഗില്‍ മാറ്റുരയ്ക്കും. അല്‍ ഹിലാല്‍, അല്‍ നസര്‍, അല്‍ അഹ്ലി, അല്‍ താവൂന്‍, അല്‍ ഇത്തിഹാദ് , അല്‍ ഇത്തിഫാഖ്, അല്‍ അല്‍ ഫത്തഹ്, അല്‍ ശബാബ്, അല്‍ ഫൈഹ, അല്‍ ഡാമെക്, അല്‍ ഖലീജ്, അല്‍ റീദ്, അല്‍ വഹ്ദ, അല്‍ റിയാദ്, അല്‍ അഖൗദ്, അല്‍ ഖാദിസിയ, അല്‍ ഒറോബ, അല്‍ ഖുലൂദ് എന്നീ ക്ലബ്ബുകളാണ് ലീഗില്‍ മല്‍സരിക്കുന്നത്.
നാളെ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ അല്‍ ഫൈഹയും അല്‍ താവൂനും ഏറ്റുമുട്ടും. സൗദി സമയം രാത്രി 7.10നാണ് (ഇന്ത്യന്‍ സമയം രാത്രി 9.40ന്) മല്‍സരം. രണ്ടാമത്തെ മല്‍സരം അല്‍ നസറും അല്‍ റീദും തമ്മിലാണ്. സൗദി സമയം രാത്രി 9.00 നാണ് ഈ മല്‍സരം(ഇന്ത്യന്‍ സമയം രാത്രി 11.30). ഇതേ സമയം നടക്കുന്ന മറ്റൊരു മല്‍സരത്തതില്‍ അല്‍ റിയാദ് വഹ്ദയെ നേരിടും. ഈ മൂന്ന് മല്‍സരങ്ങളാണ് നാളെ നടക്കുന്നത്. അല്‍ അഹ്ലി വെള്ളിയാഴ്ചയാണ് ആദ്യ അങ്കത്തിനിറങ്ങുന്നത്. അല്‍ ഹിലാലും അല്‍ ഇത്തിഹാദും അല്‍ ഇത്തിഫാഖും ശനിയാഴ്ച ഇറങ്ങും.