ലിസ്ബണ്‍: ലോക ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ട് മാസങ്ങളേ ആയുള്ളൂ. തുടങ്ങിയ ദിവസം തന്നെ ചാനല്‍ റെക്കോഡുകള്‍ ഭേദിച്ചിരുന്നു.എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് റൊണാള്‍ഡോ തന്റെ യൂട്യൂബ് ചാനലിനായി ഒരു ബ്രേക്കിങ് നല്‍കിയിരുന്നു. ഇന്റര്‍നെറ്റ് ബ്രേക്കിങ് എന്നായിരുന്നു തലക്കെട്ട്. ഒരു പുതിയ അതിഥിയെത്തുമെന്നും ഇന്റര്‍നെറ്റ് തകര്‍ക്കുമെന്നായിരുന്നു റൊണാള്‍ഡോയുടെ പരസ്യം. എന്നാല്‍ ആ അതിഥി യൂട്യൂബ് റെക്കോഡുകള്‍ തകര്‍ത്തില്ല എന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത. 331 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള ലോകത്തെ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന യൂട്യുബര്‍ മിസ്റ്റര്‍ ബ്രീസ്റ്റായിരുന്നു റൊണാള്‍ഡോയുടെ ചാനലിലെ അതിഥി. എല്ലാവരും ലയണല്‍ മെസ്സിയാകും ആ അതിഥിയെന്ന് പ്രതീക്ഷിച്ചിരുന്നു.
ബ്രീസ്റ്റുമായുള്ള അഭിമുഖം റൊണാള്‍ഡോയുടെ ചാനലിന് വേണ്ടത്ര റീച്ച് ഉണ്ടാക്കിയില്ല. ഇരുവരും തമ്മിലുള്ള അഭിമുഖത്തില്‍ അവരുടെ കരിയര്‍, വ്യക്തിഗത നാഴികക്കല്ലുകള്‍, സോഷ്യല്‍ മീഡിയ ആധിപത്യം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. റൊണാള്‍ഡോയുടെ മകന്‍ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കുന്ന നിമിഷത്തെ പറ്റിയും ബ്രീസ്റ്റ് സംസാരിച്ചു. എന്റെ മകന് 14 വയസ്സ് മാത്രമേ ഉള്ളൂ, പക്ഷേ അവന്‍ വലുതാകുമ്പോള്‍, അവന്‍ എന്നോടൊപ്പം കളിക്കളത്തില്‍ ചേരും. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാന്‍ കളിച്ചേക്കാം-റൊണാള്‍ഡോ പറഞ്ഞു.
ഒരാഴ്ച തന്നെ ജീവനോടെ കുഴിച്ചുമൂടുകയും ഏഴു ദിവസം ഏകാന്ത തടവില്‍ കഴിയുകയും ചെയ്ത ചില അസുലഭ നിമിഷങ്ങളും ബ്രീസ്റ്റ് വ്യക്തമാക്കി. ‘ക്രിസ്റ്റ്യാനോ, നിങ്ങള്‍ക്ക് ഏകദേശം 40 വയസ്സ് തികഞ്ഞു,” എന്ന് മിസ്റ്റര്‍ ബീസ്റ്റ് തമാശ പറഞ്ഞപ്പോള്‍ ”എനിക്ക് കഴിയുന്നിടത്തോളം കാലം കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു-40-കളില്‍ കളിക്കുന്ന ലെബ്രോണ്‍ ജെയിംസിനെപ്പോലെയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് റൊണാള്‍ഡോ പറഞ്ഞു.
എന്നിരുന്നാലും, സംഭാഷണം അവരുടെ ഭാവി പദ്ധതികളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളാല്‍ നിറഞ്ഞിരുന്നു. റൊണാള്‍ഡോയുടെ യാത്രയില്‍ മിസ്റ്റര്‍ ബീസ്റ്റ് അഭിനന്ദനം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ നാഴികക്കല്ലുകളെ കുറിച്ച് ചോദിക്കുകയും ചെയ്തു. ‘എല്ലാത്തിലും നിങ്ങള്‍ ഒരു ബില്യണ്‍ ഫോളോവേഴ്സ് നേടിയപ്പോള്‍, നിങ്ങള്‍ക്ക് എന്ത് തോന്നി-ബ്രീസ്റ്റ് ചോദിച്ചു. ”ഇത് വളരെ മികച്ചതായി തോന്നി, പക്ഷേ സത്യസന്ധമായി, അതിശയിക്കാനില്ല. ആളുകള്‍ക്ക് എന്നോടും ഫുട്‌ബോളിനോടും ഉള്ള അഭിനിവേശം എനിക്കറിയാം. അതൊരു അത്ഭുതകരമായ യാത്രയായിരുന്നു-റൊണാള്‍ഡോ മറുപടി പറഞ്ഞു.ചാനല്‍ തുടങ്ങി 12 മണിക്കൂറിനുള്ളില്‍ 10 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. 132 ദിവസങ്ങള്‍കൊണ്ട് 10 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയ യൂട്യൂബര്‍ ആണ് ബ്രീസ്റ്റ്.