ന്യൂയോർക്ക്: സൂപ്പർ താരം കിലിയൻ എംബപ്പെയുടെ ഇരട്ട ഗോൾ മികവിൽ സ്വീഡനെ തകർത്ത് ഫ്രാൻസ് ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. റൗണ്ട് ഓഫ് 32 വിലെ മത്സരത്തിൽ മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് പട സ്വീഡനെ തറപറ്റിച്ചത് (3-0). മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ ഈ ലോകകപ്പിൽ ആറ് ഗോളുകളുമായി എംബപ്പെ മെസ്സിക്ക് ഒപ്പമെത്തി. ഇതോടെ ലോകകപ്പ് കരിയറിൽ മൊത്തം 18 ഗോളുകൾ എന്ന ചരിത്ര നേട്ടവും ഫ്രഞ്ച് നായകൻ സ്വന്തമാക്കി.
മത്സരത്തിന്റെ ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ 45-ാം മിനിറ്റിലായിരുന്നു എംബപ്പെയുടെ ആദ്യ ഗോൾ. മൈക്കൽ ഒലീസെ ബോക്സിന്റെ അരികിൽ നിന്ന് എടുത്ത ഷോട്ട് സ്വീഡിഷ് ഗോൾകീപ്പർ സെറ്റർസ്ട്രോം തട്ടിയകറ്റി കോർണറിലേക്ക് വിട്ടിരുന്നു. തുടർന്ന് ഒലീസെയും ഡെംബെലെയും എംബപ്പെയും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ, ബോക്സിനുള്ളിൽ പന്ത് ലഭിച്ച എംബപ്പെ സ്വീഡിഷ് പ്രതിരോധത്തെ വെട്ടിച്ച് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ മൂലയിലേക്ക് തുളച്ചുകയറുകയായിരുന്നു.
തുടർന്ന് രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണം ശക്തമാക്കി. 53-ാം മിനിറ്റിൽ മിഡ്ഫീൽഡിൽ വെച്ച് സ്വീഡന്റെ പന്ത് തട്ടിയെടുത്ത ഷുവാമേനി അത് ഒലീസെയ്ക്ക് കൈമാറി. ബയേൺ മ്യൂണിക് പ്ലേമേക്കറായ ഒലീസെ സ്വീഡിഷ് പ്രതിരോധ നിരക്കാരന്റെ കാലുകൾക്കിടയിലൂടെ നൽകിയ അതിമനോഹരമായൊരു ത്രൂ-പാസ് ബോക്സിനുള്ളിൽ ബാർകോളയ്ക്ക് ലഭിച്ചു. പന്ത് നിയന്ത്രണത്തിലാക്കിയ പി.എസ്.ജി താരം, ഗോൾകീപ്പർ സെറ്റർസ്ട്രോമിനെ കാഴ്ചക്കാരനാക്കി ഫ്രാൻസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. 74-ാം മിനിറ്റിൽ സ്വീഡന്റെ പ്രതിരോധപ്പൂട്ട് പൂർണ്ണമായും തകർത്തുകൊണ്ട് എംബപ്പെ തന്റെ ഇരട്ട ഗോൾ തികച്ചു. ഈ ഗോളിന് പിന്നിലും പ്രവർത്തിച്ചത് ഒലീസെയുടെ മാന്ത്രിക പാസായിരുന്നു. സ്വീഡിഷ് പ്രതിരോധ നിരയുടെ ഇടയിലൂടെ ഒലീസെ നൽകിയ കൃത്യതയാർന്ന പാസ് സ്വീകരിച്ച്, ഓഫ്‌സൈഡ് കെണിയിൽ വീഴാതെ കൃത്യസമയത്ത് മുന്നോട്ട് കുതിച്ച എംബപ്പെ, തന്റെ പതിവ് ശൈലിയിൽ പന്ത് വളച്ച് പോസ്റ്റിന്റെ കോർണറിലേക്ക് എത്തിച്ച് ഫ്രാൻസിന്റെ വിജയം ഉറപ്പിച്ചു. ഈ അസിസ്റ്റോടെ ഒലീസെ ടൂർണമെന്റിലെ അസിസ്റ്റ് പട്ടികയിൽ അഞ്ചെണ്ണവുമായി ഒന്നാമതെത്തി. ആധികാരിക ജയത്തോടെ ഫ്രാൻസ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി.
ജൂലൈ 5 ഞായറാഴ്ച നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസ് പരാഗ്വെയെ നേരിടും.



