ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ആദ്യപാദത്തിൽ ആർസലനിന് തോൽവി. സ്വന്തം തട്ടകത്തിൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗണ്ണേഴ്‌സ് തോൽവയറിഞ്ഞത്. നാലാം മിനുട്ടിൽ ഉസ്മാൻ ഡെംബലെയാണ് മത്സരത്തിന്റെ ഗതി നിർണയിച്ച ഗോൾ നേടിയത്. ഇതോടെ, മെയ് എട്ടിന് പാരിസിൽ നടക്കുന്ന രണ്ടാം പാദത്തിൽ തോൽക്കാതിരുന്നാൽ പി.എസ്.ജിക്ക് ഫൈനലിലേക്ക് മുന്നേറാൻ കഴിയും. രണ്ടാം സെമിഫൈനിൽ ഇന്ന് ഇന്റർ മിലാനെ നേരിടും.
സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡിനെ ഇരുപാദങ്ങളിലും മുട്ടുകുത്തിച്ച് സെമിയിലേക്ക് മുന്നേറിയ ആർസലനിന് ശക്തമായ പോരാട്ടമാണ് പി.എസ്.ജിയിൽ നിന്ന് നേരിടേണ്ടി വന്നത്. മിഡ്ഫീൽഡർ തോമസ് പാർട്ടി സസ്‌പെൻഷൻ കാരണം ഇറങ്ങാതിരുന്ന മത്സരത്തിൽ ഡെക്ലൻ റൈസ് സെൻട്രൽ മിഡ്ഫീൽഡിലും മൈക്കൽ മൊറീനോ ഇടതുഭാഗത്തും കളിച്ചു.
കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ മധ്യനിരയിലെ ആർസനലിന്റെ ദൗർബല്യം തുറന്നുകാട്ടിയ നീക്കത്തിലൂടെ പി.എസ്.ജി ലീഡ് നേടി. മൈതാനമധ്യത്തു നിന്ന് പന്തുമായി ഓടിക്കയറിയ ഡെംബലെ ഗോൾ ഏരിയക്കു സമീപം ക്വറത്സ്‌ഖെലിയക്ക് കൈമാറുകയും ബോക്‌സിൽ വെച്ച് തിരികെ സ്വീകരിച്ച് ഫസ്റ്റ് ടൈം ഷോട്ടിലൂടെ ഗോളടിക്കുകയുമായിരുന്നു. ആർസനൽ ഡിഫന്റർമാർക്കും ഡൈവ് ചെയ്ത ഗോൾകീപ്പർ ഡേവിഡ് റയക്കും പിടിനൽകാതെ പോസ്റ്റിൽ തട്ടിയ പന്ത് വലകുലുക്കി.
14-ാം മിനുട്ടിൽ അഷ്‌റഫ് ഹകിമി നൽകിയ ക്രോസിൽ നിന്ന് ലീഡുയർത്താൻ പി.എസ്.ജിക്ക് സുവർണാവസരം ലഭിച്ചെങ്കിലും മാർക്വിഞ്ഞോസിന്റെ ഹെഡ്ഡറിന് ബലം പോരായിരുന്നു. 17-ാം മിനുട്ടിൽ ക്വറത്സ്‌ഖെലിയ ആർസനൽ ബോക്‌സിൽ ഫൗൾ ചെയ്യപ്പെട്ടുവെന്നു കാണിച്ച് പി.എസ്.ജി പെനാൽട്ടിക്കായി വാദിച്ചെങ്കിലും റഫറി താൽപര്യം കാണിച്ചില്ല. 26-ാം മിനുട്ടിൽ ക്ലോസ് റേഞ്ചിൽ നിന്ന് ക്വറത്സ്‌ഖെലിയ തൊടുത്ത ഷോട്ട് ഗോൾകീപ്പർ പണിപ്പെട്ടാണ് തടുത്തിട്ടത്. 31-ാം മിനുട്ടിൽ മറ്റൊരു ഗോളവസരവും ഡേവിഡ് റയ വിഫലമാക്കി. ഹാഫ് ടൈമിനു തൊട്ടുമുമ്പ് ആർസനലിന് ലഭിച്ച സുവർണാവസരം മുതലാക്കാൻ മാർക്വിഞ്ഞോസിനും കഴിഞ്ഞില്ല.
ഇടവേള കഴിഞ്ഞെത്തിയ ഉടനെ ആർസനൽ പി.എസ്.ജി പോസ്റ്റിൽ പന്തെത്തിച്ചെങ്കിലും വാർ പരിശോധനയെ തുടർന്ന് ഗോൾ റദ്ദാക്കി. ഡെക്ലൻ റൈസിന്റെ ഫ്രീകിക്കിൽ നിന്ന് പന്ത് വലയിലേക്ക് ഹെഡ്ഡ് ചെയ്തിട്ടെങ്കിലും പുനഃപരിശോധനയിൽ ഓഫ്‌സൈഡ് കണ്ടെത്തുകയായിരുന്നു. 56-ാം മിനുട്ടിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ട്രോസാർഡ് അവസരം നഷ്ടപ്പെടുത്തിയതും ആതിഥേയർക്ക് തിരിച്ചടിയായി.
കളിയുടെ അവസാന ഘട്ടത്തിൽ കൂടുതൽ ഗോളുകൾ വഴങ്ങുന്നതിൽ നിന്ന് ആർസനൽ രക്ഷപ്പെട്ടത് ഭാഗ്യത്തിനാണ്. ഗോൺസാലോ റാമോസിന്റെ പ്ലേസിങ് ഗോൾകീപ്പറെ കീഴടക്കിയെങ്കിലും പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തുപോയപ്പോൾ, താരത്തിന്റെ തന്നെ മറ്റൊരു ശ്രമം ക്രോസ്ബാറിനെ വിറപ്പിച്ച് വിഫലമായി.
ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്കെതിരെ ഇതാദ്യമായാണ് ആർസനൽ തോൽവിയറിയുന്നത്. 2016-നു ശേഷം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗണ്ണേഴ്‌സ് ഗോളടിക്കാതിരിക്കുന്നതും ആദ്യം തന്നെ.