ഗുവാഹാത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് സമനില. എവേ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ വിജയം നേടാന്‍ ലഭിച്ച അവസരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തുകയായിരുന്നു. 1-1നാണ് മല്‍സരം അവസാനിച്ചത്. നിലവില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ജയവും ഒരു സമനിലയുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. 58-ാം മിനിറ്റില്‍ അലാദിന്‍ അജാരെയിലൂടെ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിനെതിരേ 67-ാം മിനിറ്റില്‍ സമനില ഗോളടിച്ച് ഒരിക്കല്‍ക്കൂടി നോഹ സദോയ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി.
ആദ്യപകുതിയിലുടനീളം കളിയുടെ കടിഞ്ഞാണ്‍ നോര്‍ത്ത് ഈസ്റ്റ് ഏറ്റെടുത്തു. പതിവുപോലെ ജിതിന്‍ എം.എസ് വടക്കുകിഴക്കന്‍ ടീമിനായി മൈതാനം നിറഞ്ഞുകളിച്ചു. ജിതിനും അലാദിന്‍ അജാരെയും ചേര്‍ന്ന മുന്നേറ്റങ്ങള്‍ പലപ്പോഴും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പരീക്ഷിച്ചു. 58-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ പിഴവില്‍ നിന്നാണ് നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തിയത്. അജാരെയുടെ അത്ര അപകടമല്ലാതിരുന്ന ഫ്രീ കിക്കില്‍ നിന്ന് പന്ത് പിടിക്കാന്‍ ശ്രമിച്ച സച്ചിന്റെ കൈയില്‍ നിന്ന് വഴുതി പന്ത് ഗോള്‍വര കടക്കുകയായിരുന്നു.
പിന്നാലെ 67-ാം മിനിറ്റില്‍ നോഹ സദോയിയുടെ വ്യക്തിഗത മികവ് ഒരിക്കല്‍ക്കൂടി ബ്ലാസ്റ്റേഴ്സിനെ കാത്തു. വലതു വിങ്ങില്‍ നിന്ന് ഇടത്തേക്ക് മുന്നേറി താരം അടിച്ച ഇടംകാലനടിയില്‍ പന്ത് വലയിലെത്തി. തുടര്‍ന്ന് 82-ാം മിനിറ്റില്‍ നോഹയ്ക്കെതിരായ മാരക ഫൗളിന് അഷീര്‍ അക്തറിന് ചുവപ്പുകാര്‍ഡ് ലഭിച്ചു. ശേഷിച്ച സമയം 10 പേരുമായി കളിച്ച നോര്‍ത്ത് ഈസ്റ്റിനെ കാര്യമായി പ്രതിരോധത്തിലാക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. ഇന്‍ജുറി ടൈമില്‍ ലഭിച്ച രണ്ട് സുവര്‍ണാവസരങ്ങള്‍ മുഹമ്മദ് ഐമന്‍ നഷ്ടപ്പെടുത്തിയതോടെ നിര്‍ണായകമായ എവേ ജയമാണ് ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്.