കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയവുമായി മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്. ലീഗിലെ നവാഗതരായ മുഹമ്മദന്‍സ് കരുത്തരായ ചെന്നൈയിന് എഫ്സിയെയാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഐ ലീഗ് ചാംപ്യന്മാരുടെ ജയം. ലാല്രേമസങ്കാ ഫനായിയാണ് മുഹമ്മദന്‍സിന്റെ വിജയഗോള്‍ നേടിയത്. 39ാം മിനിറ്റിലാണ് താരം സ്കോര്‍ ചെയ്തത്. ലീഗിലെ ഇത്തിരികുഞ്ഞന്മാര്‍ എന്ന വിളിപ്പേരുണ്ടെങ്കിലും ചെന്നൈയിനെതിരേ ശക്തമായ പ്രതിരോധമാണ് മുഹമ്മദന്‍സ് തീര്‍ത്തത്.
തുടക്കം ചെന്നൈയാണ് മുന്നിട്ടത്.ആക്രമിച്ച് കളിച്ചതും അവര്‍ തന്നെ. എന്നാല്‍ അവസരങ്ങള്‍ പാഴാക്കാതെ മുഹമ്മദന്‍സും തുടര്‍ന്നു. മികച്ച ചില നീക്കങ്ങളും അവര്‍ നടത്തി. ഒരു ഗോള്‍ വീണതോടെ രണ്ടാം പകുതിയില്‍ ചെന്നൈയിന് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മുഹമ്മദന്‍സ് സ്പോര്‍ട്ടിങിന്റെ പ്രതിരോധം അതിന് വിലങ്ങുതടിയായി. ജയത്തോടെ മുഹമ്മദന്‍സ് ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. ഒരു സമനിലയും ഒരു ജയവുമാണ് മുഹമ്മദന്‍സിന്റെ അക്കൗണ്ടിലുള്ളത്. കഴിഞ്ഞ വര്‍ഷം ഐ ലീഗില്‍ നിന്നെത്തിയ പഞ്ചാബ് എഫ്സിയാണ് നിലവില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ളത്.