മിയാമി: അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി ഈ സീസണോടെ ഇന്റര്‍മിയാമി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍മയാമിയുമായി ബന്ധപ്പെട്ട ഒരു വിവാദമാണ് താരത്തിനെ ക്ലബ്ബിന് പുറത്തേക്ക് വഴിതെളിയിക്കാന്‍ കാരണം. 2025 ഫിഫാ ക്ലബ്ബ് ലോകകപ്പ് കളിക്കാന്‍ ഇന്റര്‍മിയാമിയും തിരഞ്ഞെടുക്കപ്പെട്ടതായി അടുത്തിടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആതിഥേയ ക്ലബ്ബ് എന്ന നിലയിലാണ് ഇന്റര്‍മിയാമിക്കും സ്ഥാനം ലഭിച്ചത്. എന്നാല്‍ ഫിഫ മെസ്സിയെ ടൂര്‍ണ്ണമെന്റിന്റെ ഭാഗമാക്കാന്‍ വേണ്ടിയാണ് ക്ലബ്ബിന് ലോകകപ്പില്‍ സ്ഥാനം നല്‍കിയതെന്നാണ് ഒരു വിഭാഗം ചൂണ്ടികാണിക്കുന്നത്.
മെസ്സി ടൂര്‍ണ്ണമെന്റില്‍ ഉണ്ടെങ്കില്‍ അത് വിജയമാവും എന്ന് ഉദ്ദേശിച്ചാണ് ഫിഫ ഇന്റര്‍മിയാമിക്ക് സ്ഥാനം നല്‍കിയതെന്നാണ് നിരവധി സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകരും ചൂണ്ടികാണിക്കുന്നത്. ഇതിനെതിരേ നിരവധി ഫുട്‌ബോള്‍ വിദഗ്ധരും രംഗത്ത് വന്നിരുന്നു.ഇത് വന്‍ വിവാദമാവുകയും ചെയ്തിട്ടുണ്ട്. ഇത് മെസ്സിയെ മാനസികമായി തളര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തന്റെ പേരും പദവിയും ദുരുപയോഗം ചെയ്യുന്നു എന്ന തോന്നലും താരത്തിന്റെ തീരുമാനത്തിന് പിന്നിലുണ്ട്.
എംഎല്‍എസ് പ്ലേ ഓഫില്‍ നിന്ന് ഇന്റര്‍മിയാമി നേരത്തെ പുറത്തായതും മെസ്സിയെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളിലൂടെയാണ് ഇന്റര്‍മിയാമി ക്ലബ്ബ് ലോകകപ്പിന് യോഗ്യത നേടിയത്. എന്നാല്‍ മെസ്സി ഉള്ളതിനാലാണ് ക്ലബ്ബിന് ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ അവസരം ലഭിച്ചതെന്നാണ് വിമര്‍ശനം.
നിലവില്‍ മെസ്സിയുടെ ഇന്റര്‍മിയാമിയുമായുള്ള കരാര്‍ 2025ല്‍ അവസാനിക്കും. മെസ്സി എന്ന് ക്ലബ്ബ് വിടുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും താരം ഇക്കാര്യം ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് കോച്ച് ജെറാഡോ ടാറ്റാ മാര്‍ട്ടിനോ പറഞ്ഞു. പതിവ് പോലെ ക്ലബ്ബില്‍ ഉയര്‍ച്ച-താഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ മെസ്സി ക്ലബ്ബ് വിടുമെന്ന വാര്‍ത്ത ഇതുവരെ പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.