ബിൽബാവോ: യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുനൈറ്റഡും ടോട്ടനം ഹോട്‌സ്പറും ഏറ്റുമുട്ടും. സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക് ബിൽബാവോയുടെ ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദ സെമിയിൽ ഒന്നിനെതിരെ നാലു ഗോളിന് ജയിച്ച് മാഞ്ചസ്റ്റർ ഫൈനലിലേക്ക് മുന്നേറിയപ്പോൾ നോർവേയിൽ നിന്നുള്ള ബോഡോ ഗ്ലിംതിനെ അവരുടെ ഗ്രൗണ്ടിൽ രണ്ടു ഗോളിന് തകർത്തായിരുന്നു ടോട്ടനത്തിന്റെ മുന്നേറ്റം. ആദ്യപാദത്തിൽ യുനൈറ്റഡ് 0-3 നും ടോട്ടനം 3-1 നും ജയിച്ചിരുന്നു.
ബിൽബാവോയിൽ നടന്ന ആദ്യപാദ സെമിയിൽ മൂന്നു ഗോൾ ജയത്തിന്റെ ആത്മവിശ്വാസത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ ഇറങ്ങിയ യുനൈറ്റഡ് കളിയുടെ ഭൂരിഭാഗം സമയവും ഒരു ഗോളിന് പിന്നിലായിരുന്നെങ്കിലും അവസാന മിനുട്ടുകളിൽ നടത്തിയ അവിശ്വസനീയ തിരിച്ചവരവിലൂടെയാണ് വൻ ജയം ആഘോഷിച്ചത്. 31-ാം മിനുട്ടിൽ ബോക്‌സിനു പുറത്തുനിന്നുള്ള കരുത്തുറ്റ വോളിയിലൂടെ മൈക്കൽ ജോറെഗിസർ ആണ് സന്ദർശകരെ മുന്നിലെത്തിച്ചത്. 72-ാം മിനുട്ടിൽ മേസൺ മൗണ്ട് യുനൈറ്റഡിനെ ഒപ്പെത്തിച്ചു. 79-ാം മിനുട്ടിൽ ഹെഡ്ഡർ ഗോളിലൂടെ കാസമിറോയും 85-ാം മിനുട്ടിൽ ടാപ്പ് ഇൻ വഴി റാസ്മസ് ഹോയ്‌ലണ്ടും ലക്ഷ്യം കണ്ടപ്പോൾ ഇഞ്ച്വറി ടൈമിൽ 35 വാര അകലെ നിന്ന് ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് ഉയർത്തിയടിച്ച് മൗണ്ട് പട്ടിക പൂർത്തിയാക്കി.
എവേ മത്സരത്തിൽ രണ്ടാം പകുതിയിൽ ഡൊമിനിക് സോളങ്കി, പെഡ്രോ പോറോ എന്നിവർ നേടിയ ഗോളിനായിരുന്നു ടോട്ടനത്തിന്റെ ജയം. രണ്ട് പാദങ്ങളിലുമായി 5-1 നാണ് ടോട്ടനം ബോഡോ ഗ്ലിംതിനെ വീഴ്ത്തി കലാശപ്പോരിന് ടിക്കറ്റെടുത്തത്.
പ്രീമിയർ ലീഗിൽ 15-ഉം 16-ഉം സ്ഥാനങ്ങളിലുള്ള യുനൈറ്റഡും ടോട്ടനവും തമ്മിൽ മെയ് 21-നാണ് കലാശപ്പോരിൽ ഏറ്റുമുട്ടുക. ജയിക്കുന്ന ടീമിന് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാമെന്നതിനാൽ മത്സരം ആവേശകരമാവും.