ലണ്ടൻ: എഫ്.എ കപ്പ് ഫൈനലിൽ ക്രിസ്റ്റൽ പാലസിനോട് തോറ്റതോടെ ഫുട്‌ബോൾ ലോകത്തെ അതികായന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഈ സീസണിൽ ഒരു ട്രോഫിയും നേടാനാകാത്ത നിരാശ. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിന്റെ 16-ാം മിനിറ്റിൽ എബെറെച്ചി എസെ നേടിയ ഗോളാണ് ക്രിസ്റ്റൽ പാലസിന് ചരിത്ര വിജയം സമ്മാനിച്ചത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഒമർ മർമൗഷിന്റെ പെനാൽറ്റി ക്രിസ്റ്റൽ പാലസ് ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്‌സൺ രക്ഷപ്പെടുത്തിയത മത്സരഗതിയിൽ നിർണായകമായി. 2016-17 സീസണിനു ശേഷം ഇതാദ്യമായാണ് സിറ്റി ട്രോഫിയില്ലാത്ത സീസൺ അവസാനിപ്പിക്കുന്നത്.
‘ഞങ്ങൾ എല്ലാം ചെയ്തു, ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചു, പക്ഷേ ഫലം വന്നില്ല. ഫുട്‌ബോളിൽ ചിലപ്പോൾ ഇങ്ങനെയാണ്’ – എന്നായിരുന്നു എഫ്.എ കപ്പ് ഫൈനൽ മത്സരത്തിന് ശേഷം സിറ്റി മാനേജർ പെപ് ഗ്വാർഡിയോളയുടെ പ്രതികരണം. ഈ സീസണിലെ ടീമിന്റെ പ്രകടനത്തെ ‘വളരെ മോശം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ടീമിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും പറഞ്ഞു.
സീസണിലെ നിരാശകൾ
ഒരു പതിറ്റാണ്ടിലേറെയായി ഏറ്റവും കരുത്തുറ്റ ഇംഗ്ലീഷ് ടീമായ മാഞ്ചസ്റ്റർ സിറ്റിക്ക് ഈ സീസൺ ദുരിതങ്ങളുടെയും ദുരന്തങ്ങളുടേതുമായിരുന്നു. ഇംഗ്ലീഷ് ലീഗ് കപ്പ് പ്രീക്വാർട്ടറിൽ ടോട്ടനം ഹോട്‌സ്പറിനോട് തോറ്റ പെപ് ഗ്വാർഡിയോളയുടെ ടീം യുവേഫ ചാമ്പ്യൻസ് ലീഗിൽ റയലിനു മുന്നിലാണ് മുട്ടുമടക്കിയത്. പ്രീമിയർ ലീഗിൽ ലിവർപൂൾ നേരത്തെ തന്നെ കിരീടം ഉറപ്പിച്ചതോടെ സീസണിൽ സിറ്റിക്ക് ആകെയുള്ള കിരീട പ്രതീക്ഷ എഫ്.എ കപ്പ് ആയിരുന്നു. പ്രമുഖ കളിക്കാരെയെല്ലാം അണിനിരത്തിയിട്ടും താരതമ്യേന ദുർബലരായ ക്രിസ്റ്റൽ പാലസിനെ മറികടക്കാൻ സിറ്റിക്ക് കഴിഞ്ഞില്ല. രണ്ട് മത്സരങ്ങൾ ശേഷിക്കെ പ്രീമിയർ ലീഗ് ടേബിളിലെ ആറാം സ്ഥാനത്തുള്ള സിറ്റിക്ക് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കണമെങ്കിൽ രണ്ട് ജയങ്ങൾ അനിവാര്യമാണ്.
കഴിഞ്ഞ വർഷം വരെ കെട്ടുറപ്പോടെ കളിച്ച സിറ്റി ടീം ഒന്നിനു പിന്നാലെ മറ്റൊന്നായി പ്രതിസന്ധിയെ നേരിടുന്നതാണ് ഈ സീസണിൽ കണ്ടത്. ബാലൺ ഡി ഓർ ജേതാവായ റോഡ്രിയുടെ ദീർഘകാല പരിക്കായിരുന്നു അതിൽ പ്രധാനം. കെവിൻ ഡി ബ്രൂയിന, ജോൺ സ്റ്റോൺസ്, മാനുവൽ അകാഞ്ചി, റൂബൻ ഡയസ്, ജാക് ഗ്രീലിഷ്, ജെറമി ഡോകു തുടങ്ങിയ പ്രധാന താരങ്ങളുടെ പരിക്കുകളും ഫോം തകർച്ചയും ടീമിനെ വലച്ചു.
മാഞ്ചസ്റ്റർ സിറ്റിയുടെ സുവർണ യുഗത്തിന്റെ അവസാനമാണോ ഈ സീസണിലെ പരാജയങ്ങൾ സൂചിപ്പിക്കുന്നത് എന്ന ആശങ്ക ആരാധകർക്കിടയിൽ ഉയർന്നിട്ടുണ്ട്. കെവിൻ ഡി ബ്രൂയിന, ബെർണാഡോ സിൽവ, എഡേഴ്‌സൺ തുടങ്ങിയ താരങ്ങൾ ടീമിന്റെ നെടുംതൂണുകളായിരുന്നു. എന്നാൽ, ഡി ബ്രൂയിനയുടെ വരാനിരിക്കുന്ന വിടവാങ്ങലും, ടീമിന്റെ പുതിയ താരങ്ങളായ ഡോകുവിന്റെയും സവിനോയുടെയും സ്ഥിരതയില്ലാത്ത പ്രകടനങ്ങളും ആശങ്കകൾ ഉയർത്തുന്നു.
ക്രിസ്റ്റൽ പാലസിന്റെ എഫ്.എ കപ്പ് വിജയം അവരുടെ 120 വർഷത്തെ ചരിത്രത്തിലെ ആദ്യ പ്രധാന ട്രോഫിയാണ്. ഇതോടെ യൂറോപ്പ ലീഗ് യോഗ്യതയും അവർക്ക് ലഭിച്ചു.