കൊച്ചി: തിരുവോണം കളറാക്കി കേരളാ ബ്ലാസറ്റേഴ്‌സ് ഐഎസ്എല്ലിലെ ആദ്യ മല്‍സരം ജയിക്കുമെന്ന ആരാധക പ്രതീക്ഷ തെറ്റി. കഴിഞ്ഞ സീസണില്‍ ഐ ലീഗില്‍ നിന്നെത്തിയ പഞ്ചാബ് എഫ് സി മഞ്ഞപ്പടയെ 2-1ന് പരാജയപ്പെടുത്തി. വിരസമായ ആദ്യ പകുതിയില്‍ മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു. ഇരുടീമുകളും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പരാജയപ്പെട്ടിരുന്നു.
രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച ഫോമില്‍ വന്നു. സബ്‌സിസ്റ്റിയൂഷനിലൂടെ ജീസസും വിപിനും ടീമിലെത്തി. 58ാം മിനിറ്റില്‍ നോഹ നല്ലൊരു അവസരം സൃഷ്ടിച്ചിരുന്നു. 85ാം മിനിറ്റില്‍ പഞ്ചാബ് മല്‍സരത്തില്‍ ലീഡെടുത്തു.
ലിയോണ്‍ അഗസ്റ്റിനെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് പഞ്ചാബ് എഫ് സിക്ക് ലഭിച്ച പെനാല്‍റ്റി ലൂക്ക അനായാസം വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളിന് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ യെല്ലോ ആര്‍മി തിരിച്ചടി കൊടുത്തു. ബ്ലാസ്‌റ്റേഴ്‌സ് 91ാം മിനിറ്റില്‍ ജീസസിലൂടെ സമനില നേടി. പ്രിതം കോട്ടാല്‍ വലതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ഒരു മനോഹര ഹെഡറിലൂടെ ആണ് ജീസസ് വലയില്‍ എത്തിച്ചത്.
മല്‍സരം സമനിലയില്‍ കലാശിക്കുമെന്ന തോന്നിയ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം പഞ്ചാബ് മിന്നല്‍ പോലെ ഒരു ഗോള്‍ സ്‌കോര്‍ ചെയ്തു. ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ചുപിളര്‍ക്കുന്ന ഗോള്‍ നേടിയത് പഞ്ചാബിന്റെ ഫ്‌ളിപ്പ് മര്‍സല്‍ജാക്ക് ആണ്. 2-1ന്റെ ജയത്തോടെ പഞ്ചാബ് വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കി.