സൂറിച്ച്: ഇസ്രായേലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ കാണികളുടെ മോശം പെരുമാറ്റത്തെ തുടർന്ന് ഇറ്റാലിയൻ ഫുട്‌ബോൾ ടീമിനെതിരെ ഫിഫ അച്ചടക്ക നടപടിയെടുക്കാൻ സാധ്യത. മത്സരത്തിനു മുമ്പ് ഇസ്രായേലിന്റെ ദേശീയ ഗാനം ആലപിച്ചപ്പോൾ കാണികൾ കൂട്ടത്തോടെ കൂവി വിളിച്ചിരുന്നു. ഇത് അച്ചടക്ക ചട്ടങ്ങളുടെ ലംഘനമാണെന്നു കാണിച്ച് ഇറ്റലിക്കെതിരെ ഫിഫ നടപടിക്ക് ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉദിനെ നഗരത്തിലെ ബ്ലു എനർജി സ്‌റ്റേഡിയത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് നിർണായക മത്സരം നടന്നത്. ഗാസയിലെ വംശഹത്യയിൽ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഇസ്രായിൽ ടീമിന് ഒരുക്കിയത്. സുരക്ഷയുടെ ഭാഗമായി വെറും 9000 പേർക്കാണ് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചത്. എന്നിട്ടും, ഇസ്രായേൽ ടീം കളത്തിലിറങ്ങുകയും അവരുടെ ദേശീയ ഗാനം മുഴങ്ങുകയും ചെയ്തപ്പോൾ നിർത്താതെയുള്ള കൂവലോടെയാണ് ഇറ്റാലിയൻ ആരാധകർ വരവേറ്റത്. മത്സരത്തിനിടെ ഫലസ്തീൻ പതാകയുമായി മൈതാനത്തേക്ക് ഇരച്ചുകയറാൻ ശ്രമിച്ച രണ്ട് കാണികളെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും ചെയ്തു. എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റതോടെ ഇസ്രായേലിന്റെ ലോകകപ്പ് സാധ്യതകൾ അവസാനിച്ചു.
മത്സരം നടക്കുമ്പോൾ സ്‌റ്റേഡിയത്തിനകത്ത് ഉണ്ടായിരുന്നതിനേക്കാൾ ജനങ്ങൾ പ്രതിഷേധവുമായി പുറത്തുണ്ടായിരുന്നു. ഫലസ്തീൻ പതാകകളും ‘ഇസ്രായേലിന് ചുവപ്പുകാർഡ് കാണിക്കുക’ എന്നെഴുതിയ പ്ലക്കാർഡുകളുമായി പ്രതിഷേധക്കാർ ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചു.
മത്സരത്തിനു മുമ്പായി ദേശീയ ഗാനം മുഴങ്ങുമ്പോൾ കാണികൾ നിശ്ശബ്ദത പാലിക്കണമെന്നും ബഹുമാനിക്കണമെന്നുമാണ് ഫിഫയുടെ 16-ാം അച്ചടക്ക ചട്ടത്തിൽ പറയുന്നത്. ഇറ്റലി – ഇസ്രായേൽ മത്സരത്തിലെ സംഭവത്തെപ്പറ്റി ഫിഫ അച്ചടക്ക സമിതി അന്വേഷണം നടത്തുകയാണെന്നും ഇറ്റലിക്കെതിരെ പിഴ ചുമത്താൻ സാധ്യതയുണ്ടെന്നും ഒരു ഫിഫ വക്താവ് പറഞ്ഞു. ഇക്കാര്യത്തിൽ ആഴ്ചകൾക്കുള്ളിൽ നടപടിയുണ്ടായേക്കും.
2021-ൽ സ്‌കോട്ട്‌ലാന്റും ഇസ്രായേലും തമ്മിൽ യോഗ്യതാ മത്സരം കളിച്ചപ്പോൾ സ്‌കോട്ടിഷ് കാണികളും ഇസ്രായേൽ ടീമിനെ കൂവിയിരുന്നു. ഗാലറിയിൽ ഫലസ്തീൻ പതാകകൾ വീശുകയും ചെയ്തു. അന്ന് 8024 യൂറോ ആണ് ഫിഫ സ്‌കോട്ട്‌ലാന്റിന് പിഴ ചുമത്തിയത്. എന്നാൽ, ഇക്കഴിഞ്ഞ ഒക്ടോബർ 11-ന് നോർവേയും ഇസ്രായേലും തമ്മിലുള്ള മത്സരത്തിലും സമാന സംഭവങ്ങൾ ഉണ്ടായിരുന്നെങ്കിലും ഫിഫ നടപടിയൊന്നും എടുത്തിരുന്നില്ല.



