കൊച്ചി; ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ് നാളെ തുടക്കം. ആദ്യ മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജെയ്ന്റസിനെ നേരിടും. കഴിഞ്ഞ സീസണിന്റെ ഫൈനലിന്റെ തനിയാവര്‍ത്തനമാണ് നാളെ രാത്രി 7.30യ്ക്ക് കൊല്‍ക്കത്തിയില്‍ നടക്കുക. 11 സീസണില്‍ 13 ടീമുകളാണ് പങ്കെടുക്കുന്നത്. ഐ ലീഗില്‍ നിന്നെത്തിയ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങും ഇത്തവണ കിരീട പോരിനുണ്ട്.
കേരളത്തിന്റെ പ്രതീക്ഷയായ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇക്കുറി ഇറങ്ങുന്നത് പുതിയ കോച്ച് മൈക്കല്‍ സ്റ്റാറേയ്ക്ക് കീഴിലാണ്. ആദ്യ കിരീടം ലക്ഷ്യമിട്ടാണ് യെല്ലോ ആര്‍മി എത്തുന്നത്. മൂന്ന് തവണ ഫൈനലില്‍ എത്തിയിട്ടും കിരീടം നേടാനാവാത്ത നിര്‍ഭാഗ്യം ഇത്തവണ ഇല്ലാതാവുമെന്നാണ് കൊമ്പന്‍മാരുടെ പ്രതീക്ഷ. മോഹന്‍ ബഗാനും ഇക്കുറി പുതിയ കോച്ചിന് കീഴിലാണ് ഇറങ്ങുന്നത്. ഹൊസെ മൊളീനയാണ് പുതിയ ബഗാന്‍ പരിശീലകന്‍. കഴിഞ്ഞ തവണ ഐ ലീഗില്‍ നിന്നെത്തിയ പഞ്ചാബ് എഫ്‌സിയും പുതിയ കോച്ചിന് കീഴിലാണ് വരുന്നത്. ഗ്രീക്ക് കോച്ച് പനാഗിയോറ്റിസ് ഡിംപെറിസാണ് പഞ്ചാബിനെ പരിശീലിപ്പിക്കുന്നത്.
ഐഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിനാണ് ഇക്കുറി ഇന്ത്യ സാക്ഷ്യം വഹിക്കുക. ഡുറന്റ് കപ്പ് നേടിയ നോര്‍ത്ത് ഈസ്റ്റും കിരീട പോരിനായിറങ്ങുന്ന മുംബൈ, മോഹന്‍ ബഗാന്‍, ബ്ലാസ്‌റ്റേഴ്‌സ്, ബെംഗളൂരു എന്നിവരും പുതുമുഖങ്ങളായ മുഹമ്മദന്‍സും ശക്തി തെളിയിക്കാനിരിക്കുന്ന പഞ്ചാബും പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഹൈദരാബാദും ജെംഷഡ്പൂരും അണിനിരക്കുമ്പോള്‍ ഇക്കുറി പോരാട്ടം തീപാറുമെന്നുറപ്പ്. സെപ്തംബര്‍ 15നാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. പഞ്ചാബ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഹോം ഗ്രൗണ്ടായ കൊച്ചിയിലാണ് മല്‍സരം.