ദോഹ– മുൻ ലിവർപൂൾ താരം ഫിർമിന്യോ ഖത്തർ ക്ലബായ അൽ സാദിലേക്ക് കൂടുമാറി. സൗദി ക്ലബായ അൽ അഹ്ലിയിലായിരുന്നു നിലവിൽ താരം കളിച്ചിരുന്നത്. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് വിജയത്തിനു ശേഷമായിരുന്നു അൽ അഹ്ലിയുമായുള്ള കരാർ താരം അവസാനിപ്പിക്കുന്നത്.
മുപ്പത്തിമൂന്നുക്കാരനായ ബ്രസീലിയൻ സ്‌ട്രൈക്കറുടെ ലിവർപ്പൂളുമായുള്ള കരാര്‍ 2023ല്‍ അവസാനിച്ചിരുന്നു. ഈ സമയത്താണ് സൗദി പ്രോ ലീഗില്‍ നിന്നും ഫിര്‍മിനോയ്ക്കു വലിയ ഓഫര്‍ ലഭിക്കുന്നത്. അല്‍ അഹ്‌ലി ക്ലബ്ബിലേക്കു താരം കൂടുമാറുകയും ചെയ്തു. പിന്നീട് നിരവധി മല്‍സരങ്ങളില്‍ ടീമിനെ ഫിര്‍മിനോ നയിക്കുകയും ചെയ്തിട്ടുണ്ട്. അവസാനമായി അൽ അഹ്ലിക്ക് ഏഷ്യൻ ചാമ്പ്യൻഷിപ്പ് പട്ടം ചൂടിക്കൊടുത്തതിനു ശേഷമാണ് പടിയിറക്കം. പക്ഷെ സൗദിയിലേക്കുള്ള മാറ്റം ഫുട്‌ബോളറെന്ന നിലയില്‍ അദ്ദേഹത്തിനു ഒട്ടും തന്നെ ഗുണം ചെയ്തിട്ടില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. സൗദിയിലേക്കു മാറിയതോടെ ബ്രസീല്‍ ടീമിലും ഫിര്‍മിനോയുടെ സ്ഥാനം നഷ്ടമായിരിക്കുകയാണ്. അൽ സാദുമായുള്ള പുതിയ കളിയരങ്ങേറ്റം ഖത്തർ ഫുട്ബോളിന് വലിയ സംഭാവനകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.