മെക്സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിലെ രണ്ടാം റൗണ്ട് ഗ്രൂപ്പ് മത്സരങ്ങൾ ആവേശകരമായി പുരോഗമിക്കുമ്പോൾ, ആതിഥേയ രാജ്യങ്ങളായ മെക്സിക്കോയും കാനഡയും തകർപ്പൻ വിജയങ്ങളുമായി മുന്നേറുന്നു. കടുത്ത പോരാട്ടത്തിനൊടുവിൽ ദക്ഷിണ കൊറിയയെ 1-0 ന് പരാജയപ്പെടുത്തി മെക്സിക്കോ നോക്കൗട്ട് (റൗണ്ട് ഓഫ് 32) റൗണ്ടിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറി. മത്സരത്തിന്റെ 50-ാം മിനിറ്റിൽ ലൂയിസ് റോമോ നേടിയ ഏക ഗോളാണ് മെക്സിക്കോയ്ക്ക് വിജയം സമ്മാനിച്ചത്. ഗ്രൂപ്പ് എയിൽ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് 6 പോയിന്റോടെ മെക്സിക്കോ ഒന്നാം സ്ഥാനത്ത് സുരക്ഷിതരാണ്.
മറ്റൊരു മത്സരത്തിൽ ആതിഥേയരായ കാനഡ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം ചരിത്രപരമായ ഗോൾ വേട്ടയോടെ ആഘോഷിച്ചു. ഏകപക്ഷീയമായ ആറ് ഗോളുകൾക്കാണ് കാനഡ ഖത്തറിനെ തകർത്തുതരിപ്പണമാക്കിയത്. മത്സരത്തിൽ തകർപ്പൻ ഹാട്രിക് പ്രകടനവുമായി ജോനാഥൻ ഡേവിഡ് (29′, 45+3′, 90+2′) തിളങ്ങി. കാനഡയ്ക്കായി സിയിൽ ലാറിൻ (16′), സലിബ (64′) എന്നിവർ ഗോൾ നേടിയപ്പോൾ ഖത്തർ താരം മന്നായിയുടെ (75′) വക ഒരു ഓൺ ഗോളും കാനഡയുടെ പട്ടികയിൽ ചേർക്കപ്പെട്ടു. ഈ വമ്പൻ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ കാനഡ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. എന്നാൽ മത്സരത്തിനിടെ ഖത്തർ താരത്തിന്റെ ഫൗളിനെ തുടർന്ന് കാനഡയുടെ ഇസ്മാഈൽ കോനെയ്ക്ക് പരിക്കേറ്റത് ടീമിന് ആശങ്കയായിട്ടുണ്ട്.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബോസ്നിയ ആൻഡ് ഹെർസഗോവിനയെ പരാജയപ്പെടുത്തി. സ്വിറ്റ്‌സർലൻഡിനായി മാൻസാംബി ഇരട്ട ഗോളുകൾ (74′, 90′) നേടിയപ്പോൾ വർഗാസ് (84′), ഗ്രാനിറ്റ് ഷാക്ക (90+7′ പെനാൽറ്റി) എന്നിവരും ലക്ഷ്യം കണ്ടു. ബോസ്നിയയുടെ ആശ്വാസ ഗോൾ ഇൻജുറി ടൈമിൽ (90+3′) മഹ്മിക് നേടി. നിലവിൽ ഗ്രൂപ്പ് ബിയിൽ കാനഡയ്ക്കും സ്വിറ്റ്‌സർലൻഡിനും 4 പോയിന്റ് വീതമാണുള്ളത്.
നേരത്തെ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ചെക്കിയയും ദക്ഷിണാഫ്രിക്കയും 1-1 സമനിലയിൽ പിരിഞ്ഞു. ആറാം മിനിറ്റിൽ സാദിലേഖിലൂടെ ചെക്കിയ മുന്നിലെത്തിയെങ്കിലും 83-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി തബോഹോ മൊകോയ്ന ദക്ഷിണാഫ്രിക്കയ്ക്ക് സമനില സമ്മാനിക്കുകയായിരുന്നു. ആദ്യ മത്സരങ്ങൾ പരാജയപ്പെട്ട ഇരുടീമുകൾക്കും ഈ സമനിലയോടെ ഓരോ പോയിന്റ് മാത്രമാണുള്ളത്.



