ലണ്ടന്‍: ക്ലബ്ബ് ഫുട്‌ബോളിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടില്‍ ഇന്ന് മുതല്‍ ഫുട്‌ബോള്‍ മേള. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിനാണ് ഇന്ന് തുടക്കമാവുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ലീഗാണ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ഇറങ്ങുന്നത്. പെപ്പ് ഗ്വാര്‍ഡിയോളയുടെ ടീം തന്നെയാണ് കിരീട ഫേവററ്റുകളും. കഴിഞ്ഞ രണ്ട് സീസണുകളിലും കിരീടം കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട ആഴ്‌സണല്‍ ഇത്തവണയെങ്കിലും കിരീടത്തില്‍ മുത്തമിടാമെന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നത്. നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് അര്‍ട്ടറ്റേയുടെ ടീം കഴിഞ്ഞ രണ്ട് തവണയും കിരീടം നഷ്ടമായത്. ആഴ്‌സണലിന് ഇക്കുറിയും സ്‌ട്രൈക്കറുടെ അഭാവം നേരിടുമെന്നുറപ്പ്. ആഴ്‌സണലും പുതിയ സ്‌ട്രൈക്കറെ ടീമിലെത്തിച്ചിട്ടില്ല.
ലിവര്‍പൂളാണ് കിരീട പ്രതീക്ഷയുമായി മുന്നിലുള്ള മറ്റൊരു ടീം. കഴിഞ്ഞ തവണ ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വര്‍ഷങ്ങളായി കോച്ച് യര്‍ഗന്‍ ക്ലോപ്പിന് കീഴിലാണ് ചെമ്പട പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും ഇറങ്ങിയത്. ഇത്തവണ പുതിയ കോച്ച് ആര്‍നെ സ്ലോട്ടിന് കീഴിലാണ് ലിവര്‍പൂള്‍ ഇറങ്ങുന്നത്. പുതിയ സീസണില്‍ ഒരു താരത്തെ പോലും ലിവര്‍പൂള്‍ സൈന്‍ ചെയ്തിട്ടില്ല.
കഴിഞ്ഞ തവണ മികവ് പ്രകടിപ്പിക്കാനാവത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും ഇക്കുറി രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങുക. കഴിഞ്ഞ തവണ എട്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫിനിഷ് ചെയ്തത്. കിരീട ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയെ എഫ് എ കപ്പില്‍ വീഴ്ത്തിയാണ് യുനൈറ്റഡ് ശക്തി തെളിയിച്ചത്. ഇതോടെയാണ് കോച്ച് എറിക് ടെന്‍ ഹാഗിനെ ഇത്തവണയും യുനൈറ്റഡ് നിലനിര്‍ത്തിയത്. ലീഗില്‍ ഇത്തവണ കൂടുതല്‍ താരങ്ങളെ സൈന്‍ ചെയ്തതും യുനൈഡ് തന്നെ. മാത്തിജ്‌സ് ഡിലൈറ്റ്, നൗസയര്‍ മസ്രോയി, ലെനി യോരൊ, ജോഷ്വ സിര്‍ക്കി എന്നിവരെയാണ് യുനൈറ്റഡ് ഇത്തവണ രംഗത്തിറക്കിയത്.
ലീഗിലെ ആദ്യ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുള്‍ഹാമിനെ നേരിടും. ഇന്ന് അര്‍ദ്ധരാത്രി ഇന്ത്യന്‍ സമയം 12.30നാണ് യുനൈറ്റഡിന്റെ മല്‍സരം. യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡിലാണ് മല്‍സരം. നാളെ 12.30ന് ലിവര്‍പൂള്‍ ഇപ്‌സിവിച്ച് ടൗണിനെ നേരിടും. ഇപ്‌സിവിച്ച് ലീഗിലേക്ക് പ്രമോട്ട് ചെയ്ത് വന്ന ടീമാണ്. ഇതേ ദിവസം ആഴ്‌സണല്‍ വോള്‍വസിനെയും നേരിടും.