ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമായി. നിലവിലെ കിരീട ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം മല്‍സരത്തില്‍ ജയം തുടര്‍ന്നു. ഇപ്സിവിച്ച് ടൗണിനെതിരേ 4-1ന്റെ ജയമാണ് സിറ്റി നേടിയത്. മല്‍സരത്തില്‍ എര്‍ലിങ് ഹാലന്റ് ഹാട്രിക്ക് നേടി.ഒരു ഗോള്‍ കെവിന് ഡി ബ്രൂണിയുടെ വകയായിരുന്നു. 12, 16, 88 മിനിറ്റുകളിലായിരുന്നു ഹാലന്റിന്റെ ഗോളുകള്‍. പുതുതായി പ്രീമിയര്‍ ലീഗിലേക്ക് വന്ന ഇപ്സവിച്ചിനായി ഏഴാം മിനിറ്റില്‍ സിസ്മോഡിക്കിസ് ലീഡെടുത്തിരുന്നു.
മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ബ്രിങ്ടണ് 2-1ന് പരാജയപ്പെടുത്തി. സമനിലയിലേക്ക് നീങ്ങിയ മല്‍സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ജാവോ പെഡ്രോയാണ് ബ്രിങ്ടണിന്റെ വിജയ ഗോള്‍ നേടിയത്. യുനൈറ്റഡിനായി ഡിയെയോയാണ് 60ാം മിനിറ്റില്‍ സമനില ഗോള്‍ നേടിയത്. വെല്‍ബാക്കാണ് ബ്രിങ്ടണ്‍ന്റെ ലീഡെടുത്തത്.തുടര്‍ച്ചയായ രണ്ടാം മല്‍സരത്തില്‍ എവര്ട്ടണ് തോല്‍വി പിണഞ്ഞു.ടോട്ടന്‍ഹാമാണ് എതിരില്ലാത്ത നാല് ഗോളിന് എവര്‍ട്ടണെ വീഴത്തിയത്. മല്‍സരത്തില്‍ സണ്‍ ഹേങ് മിന് ഇരട്ട ഗോള്‍ നേടി. ബിസൗമ, റൊമേരോ എന്നിവരും ടോട്ടന്‍ഹാമിനായി ഗോള്‍ നേടി.
മറ്റ് മല്‍സരങ്ങളില്‍ നോട്ടിങ്ഹാം ഫോറസ്റ്റ് സതാംപടണിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ലെസ്റ്റര്‍ സിറ്റിയെ ഫുള്‍ഹാം 2-1നും വീഴ്ത്തി. ക്രിസ്റ്റല്‍ പാലസിനെ വെസ്റ്റ്ഹാം യുനൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിനും വീഴ്ത്തി.