ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മിന്നും ഫോം തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി. കഴിഞ്ഞ ദിവസം അര്‍ദ്ദരാത്രി നടന്ന മല്‍സരത്തില്‍ വെസ്റ്റഹാമിനെതിരേ 3-1ന്റെ ജയമാണ് സിറ്റി നേടിയത്. ഹാട്രിക്കുമായി നോര്‍വെ താരം എര്‍ലിങ് ഹാലന്റ് തിളങ്ങി. ആദ്യ പകുതിയിലായിരുന്നു ഹാലന്റിന്റെ രണ്ട് ഗോളുകള്‍(10, 30). മൂന്നാം ഗോള്‍ 83ാം മിനിറ്റിലാണ്. വെസ്റ്റ്ഹാമിന്റെ ഏക ഗോള്‍ സിറ്റി താരം റൂബന്‍ ഡയസ്സിന്റെ സെല്‍ഫ് ഗോളായിരുന്നു.
ബെര്‍ണാഡോ സില്‍വ, ലെവിസ്, മാത്യുസ് ന്യൂനസ് എന്നിവരാണ് ഹാലന്റിന്റെ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്. ഹാട്രിക്ക് നേട്ടത്തോടെ സീസണിലെ താരത്തിന്റെ ഗോളുകളുടെ എണ്ണം മൂന്നായി. സീസണിലെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലും ഹാട്രിക്ക് നേടിയ ബ്രാഡ്‌ഫോഡ് സിറ്റിയുടെ പോള്‍ ജൗലിന്റെ റെക്കോഡിനൊപ്പമെത്താനും ഹാലന്റിന് കഴിഞ്ഞു. 30 വര്‍ഷം മുമ്പാണ് ഈ റെക്കോഡ് പിറന്നത്.
മറ്റ് മല്‍സരങ്ങളില്‍ ബ്രിങ്ടണ്‍ കരുത്തരായ ആഴ്‌സണലിനെ 1-1 സമനിലയില്‍ പിടിച്ചുകെട്ടി. ബൂക്കായാ സാക്കയുടെ അസിസ്റ്റില്‍ കായ് ഹാവര്‍ട്‌സാണ് ആഴ്‌സ്ണലിന്റെ ഏക ഗോള്‍ 38ാം മിനിറ്റില്‍ നേടിയത്. 49ാം മിനിറ്റില്‍ റൈസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ഗണ്ണേഴ്‌സിന് തിരിച്ചടിയായി. 58ാം മിനിറ്റിലാണ് ജാവോ പെഡ്രോയിലൂടെ ബ്രിങ്ടണ്‍ സമനില പിടിച്ചത്. മറ്റ് മല്‍സരങ്ങളില്‍ എഎഫ്‌സി ബേണ്‍മൗത്ത് എവര്‍ട്ടണെ 3-2ന് പരാജയപ്പെടുത്തി. ഫുള്‍ഹാമിനെ ഇപ്‌സ് വിച്ച് ടൗണ്‍ 1-1 സമനിലയില്‍ കുരുക്കി. ആസ്റ്റണ്‍ വില്ല ലെസ്റ്റര്‍ സിറ്റിയെ 2-1ന് പരാജയപ്പെടുത്തി. നോട്ടിങ്ഹാം വോള്‍വ്‌സ് മല്‍സരവും 1-1സമനിലയില്‍ കലാശിച്ചു.
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ചെല്‍സി ക്രിസ്റ്റല്‍ പാലസിനെയും ന്യൂകാസില്‍ യുനൈറ്റഡ് ടോട്ടന്‍ഹാമിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലിവര്‍പൂളിനെയും നേരിടും.