ബേസൽ– വാശിയേറിയ വനിതാ യൂറോ കപ്പ് ഫൈനൽ പോരാട്ടത്തിൽ സ്പെയിനിനെ തകർത്ത് ഇംഗ്ലണ്ടിന്റെ പെൺ പട കിരീടം ചൂടി. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിൽ കലാശിച്ച കളി അന്തിമ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിധിയെഴുതിയത്. അങ്ങനെ സ്പെയിനിനെ തകർത്തു കൊണ്ട് ഇംഗ്ലണ്ട് വനിതകൾ യൂറോകപ്പ് കിരീടം നിലനിര്‍ത്തി.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലുമായി ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ തുടരുകയായിരുന്നു. 25-ാം മിനിറ്റിൽ ഓണ ബാറ്റ്‌ലെയുടെ അളന്നു മുറിച്ച ക്രോസിൽ മരിയോൺ കാൽഡെന്റി ഹെഡർ വഴി സ്പെയിനിന് ലീഡ് നേടിക്കൊടുത്തു. പക്ഷേ രണ്ടാംപകുതിയിൽ 57-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ കോൾ കെല്ലിയുടെ ക്രോസിൽ അലസിയ റൂസോ അദ്ഭുത ഹെഡറിലൂടെ സമനിലയിലെത്തി.
എക്സ്ട്രാ ടൈമിൽ ഇരുടീമുകൾക്കും അവസരങ്ങൾ ഉണ്ടായെങ്കിലും ഗോൾകീപ്പർമാരുടെ മികവ് മൂലം ഗോളിലേക്ക് നയിക്കാനായില്ല.
തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിൻ്റെ ബെത്ത് മീഡിൻ്റെ ആദ്യകിക്ക് തടഞ്ഞിട്ട് കാറ്റ കോൾ സ്പെയിനിന് അനുകൂലമായ വിധിയെഴുത്ത് തോന്നിച്ചെങ്കിലും ഇംഗ്ലണ്ടിൻ്റെ ഗോൾവലയം കാത്ത ഹന്ന ഹാംപ്ടണിന് മുന്നിൽ തകരേണ്ടി വരികയായിരുന്നു കറ്റാലൻ പെൺ പട.
ആദ്യ കിക്കിനുശേഷം സ്പെയിനിൻ്റെ രണ്ടു കിക്കുകളും ഇംഗ്ലണ്ട് ഗോൾ കീപ്പർ ഹന്ന പറന്നുതടുക്കുകയായിരുന്നു. കാൽഡെന്റിന്റെയും ബാലൻ ഡി ഓർ ജേത്രിയും ബാഴ്സലോണയുടെ സൂപ്പർ താരവുമായ ഐറ്റാന ബോൺമാറ്റിയുടെയും ഷോട്ടുകളായിരുന്നു തടുത്തിട്ടത്. മറുവശത്ത് സ്പെയിൻ ഗോൾകീപ്പർ ലിയ വില്യംസൻ്റെ ഷോട്ട് ഒറ്റക്കൈയാൽ തടഞ്ഞിട്ടെങ്കിലും, സ്പെയിൻറെ സൽമ പാരല്ലുലോയുടെ കിക്ക് പുറത്തേക്ക് പോയി. തുടർന്ന് അവസാനത്തെ കിക്കെടുത്ത കോൾ കെല്ലി മനോഹരമായ പ്രാങ്ക് കിക്കിലൂടെ ഇംഗ്ലണ്ടിന് കിരീടം നേടി കൊടുക്കുകയായിരുന്നു