എമിറേറ്റ്‌സ്: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിക്ക് തോല്‍വി. ഇംഗ്ലിഷ് വമ്പന്‍മാരായ ആഴ്‌സണലിനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് പിഎസ്ജി തോല്‍വി അടിയറ വച്ചത്. കിലിയന്‍ എംബാപ്പെയില്ലാത്ത പിഎസ്ജിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. സൂപ്പര്‍ താരം ഉസ്മാനെ ഡെംബലേയും ഇന്നലെ ടീമിനൊപ്പം ഇല്ലായിരുന്നു.
ആദ്യ പകുതിയില്‍ തന്നെ ആഴ്‌സണല്‍ രണ്ട് ഗോള്‍ സ്‌കോര്‍ ചെയ്ത് ലീഡ് ഉറപ്പിച്ചിരന്നു. കായ് ഹാവര്‍ട്‌സ്(20), ബുക്കായ സാക്ക (35) എന്നിവരാണ് ഗണ്ണേഴ്‌സിനായി സ്‌കോര്‍ ചെയ്തത്. ചാംപ്യന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റലാന്റയോട് ആഴ്‌സണല്‍ സമനില വഴങ്ങിയിരുന്നു. പിഎസ്ജി ലീഗിലെ ആദ്യ മല്‍സരത്തില്‍ സ്പാനിഷ് ക്ലബ്ബ് ജിറോണയോട് ഒരു ഗോളിന് കഷ്ടിച്ച് ജയിച്ചിരുന്നു.
എംബാപ്പെ, മെസ്സി, നെയ്മര്‍ എന്നീ സൂപ്പര്‍ താരങ്ങളില്ലാത്ത പിഎസ്ജിയുടെ മല്‍സരം നിരാശജനകമായിരുന്നു. രണ്ടാം പകുതിയില്‍ ചില ഭേദപ്പെട്ട നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും കാര്യമായി മുന്നേറാന്‍ പിഎസ്ജിക്കായില്ല. എടുത്ത പറയത്തക്ക പ്രകടനമുള്ള ഒരു താരം പോലും പിഎസ്ജി നിരയില്‍ ഉണ്ടായിരുന്നില്ല. മികച്ച താരങ്ങളെ അണിനിരത്തി വന്ന ആഴ്‌സണലാവട്ടെ മല്‍സരത്തിലുടെ നീളം പരിചയസമ്പത്തും കഴിവും തെളിയിച്ചുകൊണ്ടേയിരുന്നു. പിഎസ്ജിയുടെ അടുത്ത മല്‍സരം നെതര്‍ലന്റസ് ക്ലബ്ബ് പിഎസ് വി ഐന്തോവനെതിരേയാണ്. പിഎസ് വി ഇന്ന് നടന്ന മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്‌പോര്‍ട്ടിങിനെതിരേ സമനില വഴങ്ങിയിരുന്നു. ആഴ്‌സണലിന്റെ അടുത്ത മല്‍സരം ഉക്രെയ്ന്‍ ക്ലബ്ബ് ശക്തര്‍ ഡൊണറ്റ്കസിനെതിരേയാണ്.