റയോ ഡി ജനീറോ: ബ്രസീൽ ദേശീയ ഫുട്‌ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി കാർലോ ആൻചലോട്ടി എത്തും. നിലവിൽ റയൽ മാഡ്രിഡിനെ പരീശിലിപ്പിക്കുന്ന 65-കാരനുമായി ബ്രസീൽ ഫുട്‌ബോൾ അധികൃതർ കരാറിലെത്തിയതായി പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി. കോപ ദെൽ റേ ഫൈനലിൽ റയൽ മാഡ്രിഡ് ബാർസലോണയോട് തോറ്റതിനു പിന്നാലെ ആൻചലോട്ടി മാഡ്രിഡ് വിടാൻ തീരുമാനിച്ചതായി വാർത്തകളുണ്ടായിരുന്നു.
2026 ലോകകപ്പിൽ ബ്രസീലിനെ പരിശീലിപ്പിക്കുന്ന കാര്യത്തിൽ ആൻചലോട്ടിയും ബ്രസീൽ അധികൃതരും തമ്മിൽ കരാറായതായും ജൂൺ മുതൽ അദ്ദേഹം ദക്ഷിണ അമേരിക്കൻ ടീമിൽ ചാർജെടുക്കുമെന്നും ഫാബ്രിസിയോ റൊമാനോ പറഞ്ഞു. റയൽ മാഡ്രിഡും ആൻചലോട്ടിയും പരസ്പരമുള്ള ബന്ധം ശരിയായ രീതിയിൽ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെ ഏറ്റവും മികച്ച മാനേജർമാരിലൊരാളായി വാഴ്ത്തപ്പെടുന്ന കാർലോ ആൻചലോട്ടി അഞ്ചു വർഷത്തിനു ശേഷമാണ് റയൽ മാഡ്രിഡിനോട് വിടപറയുന്നത്. 2013-2015 കാലയളവിലും റയലിനെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം യുവന്റസ്, എ.സി മിലാൻ, ചെൽസി, പാരിസ് സെന്റ് ജെർമൻ, ബയേൺ മ്യൂണിക്ക്, നാപോളി, എവർട്ടൻ തുടങ്ങിയ മുൻനിര ക്ലബ്ബുകളുടെയും മാനേജറായിരുന്നിട്ടുണ്ട്. ഇറ്റലിക്കാരനായ അദ്ദേഹം ഇതാദ്യമായാണ് ഒരു ദേശീയ ടീമിന്റെ മാനേജർ പദവിയിലെത്തുന്നത്.
റയൽ മാഡ്രിഡുമായുള്ള കരാർ ഒരു വർഷം കൂടിയുണ്ടെങ്കിലും ഉഭയസമ്മത പ്രകാരം വേർപിരിഞ്ഞാവും ആൻചലോട്ടി ബ്രസീൽ ടീമുമായി ചേരുക. ജൂൺ മാസത്തിൽ നടക്കുന്ന ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അദ്ദേഹം ടീമിനൊപ്പമുണ്ടാകും. ദക്ഷിണ അമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യതാ പോയിന്റ് പട്ടികയിൽ ബ്രസീൽ (21 പോയിന്റ്) നാലാം സ്ഥാനത്താണ്. യോഗ്യത ഉറപ്പിച്ച അർജന്റീനയും (31), ഇക്വഡോർ (23), യൂറുഗ്വായ് (21) ടീമുകളുമാണ് മുന്നിലുള്ളത്. പാരഗ്വായ് (21), കൊളംബിയ (20) ടീമുകൾ ശക്തമായ മത്സരമുയർത്തി രംഗത്തുണ്ട്.
ഇക്കഴിഞ്ഞ മാർച്ചിൽ അർജന്റീനയോട് 4-1 ന് തോറ്റതിനെ തുടർന്ന് ബ്രസീൽ മാനേജർ ഡൊറിവൽ ജൂനിയറിനെ പുറത്താക്കിയിരുന്നു.