റിയോഡിജനീറോ-ലോകകപ്പ് ഫുട്ബോളിന്റെ യോഗ്യത റൗണ്ട് മത്സരത്തിൽ വെനസ്വേലയോട് സമനില വഴങ്ങി ബ്രസീൽ. ഒരു ഗോളിന് മുന്നിൽനിന്ന ശേഷമാണ് ബ്രസീൽ സമനില വഴങ്ങിയത്.
ആദ്യപകുതിയുടെ നാൽപ്പത്തിമൂന്നാമത്തെ മിനിറ്റിൽ റഫീഞ്ഞയിലൂടെ മൂന്നിലെത്തിയ ബ്രസീലിന്റെ ആഹ്ലാദത്തിന് രണ്ടാം പകുതിയുടെ ആദ്യനിമിഷം വരെ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. നാൽപത്തിയാറാമത്തെ മിനിറ്റിൽ ടെലസ്കോ സെഗോവിയ ബ്രസീലിന്റെ പോസ്റ്റിലേക്ക് വിജയകരമായി നിറയൊഴിച്ചു. നേരത്തെ ബോക്സിന് പുറത്ത് വലതുവശത്തുനിന്ന് ബ്രസീൽ സൂപ്പർ താരം റഫീഞ്ഞോ എടുത്ത എണ്ണം പറഞ്ഞ ഫ്രീ കിക്ക് വെനസ്വേലയുടെ ഗോളിക്ക് ഒരവസരവും നൽകാതെ ഗോളിലേക്ക് പറക്കുകയായിരുന്നു. ഇടതുഭാഗത്തെ പോസ്റ്റിൽ തട്ടിയ ശേഷമാണ് പന്ത് വലയിൽ കയറിയത്.
മത്സരത്തിന്റെ 89 -ാം മിനിറ്റിൽ വെനസ്വേലയുടെ അലക്സാണ്ടർ ഗോൺസാലസ് ചുവപ്പുകാർഡ് കണ്ടു പുറത്തായി. ബ്രസീൽ താരത്തെ ഫൗൾ ചെയ്തതിനായിരുന്നു മാർച്ചിംഗ് ഓർഡർ ലഭിച്ചത്. അവസാന നിമിഷങ്ങളിൽ ബ്രസീൽ അപകടകരമായ നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നും ഗോളായില്ല.
വെനസ്വേല നിരയിൽ പിന്നീട് നിരവധി തവണ ബ്രസീൽ മുന്നേറ്റം സൃഷ്ടിച്ചെങ്കിലും ഗോളായില്ല. പരിക്കുമൂലം കഴിഞ്ഞ മത്സരത്തിൽനിന്ന് വിട്ടുനിന്ന വിനീഷ്യസ് ജൂനിയർ കളത്തിലുണ്ടായിരുന്നു. വിനീഷ്യസിന്റെ സാന്നിധ്യം ബ്രസീലിന്റെ വിജയസാധ്യത കൂട്ടുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഈ മത്സരത്തിലും സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ബ്രസീലിന്റെ ആക്രമണങ്ങളെ തീർത്തും ഫലപ്രദമായാണ് വെനസ്വേല പ്രതിരോധ നിര പ്രതിരോധിച്ചത്.
ഒസാസുനയ്‌ക്കെതിരായ റയൽ മാഡ്രിഡിൻ്റെ മത്സരത്തിൽ ഇടത് കാലിൻ്റെ പേശിക്ക് പരിക്കേറ്റതിനാൽ റോഡ്രിഗോ ബ്രസീൽ നിരയിൽ ഇല്ലായിരുന്നു. റോഡ്രിഗോയുടെ അസാന്നിധ്യത്തിൽ വിനീഷ്യസാണ് ബ്രസീലിന്റെ ആക്രമണ നിരക്ക് നേതൃത്വം നൽകിയത്.
ചിലിക്കെതിരെയും (2-1), പെറുവിനെതിരെയും (4-0) ജയിച്ചാണ് ബ്രസീൽ വെനസ്വേലക്ക് എതിരെ എത്തിയത്. പരിശീലകൻ ഫെർണാണ്ടോ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള വെനസ്വേല അടുത്തിടെ പരാഗ്വേയോട് (2-1) തോൽക്കുകയും അർജൻ്റീനയോട് (1-1) സമനില വഴങ്ങുകയും ചെയ്തിരുന്നു.
നിലവിൽ, യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്താണ് ബ്രസീൽ. നവംബർ 19ന് സാൽവഡോറിൽ ബ്രസീൽ ഉറുഗ്വേയെ നേരിടും.