മ്യൂണിക്ക് – കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ബയേർ ലെവർകുസൻ സമനിലയിൽ കുരുങ്ങിയതോടെ ബയേൺ മ്യൂണിക്ക് ജർമൻ ബുണ്ടസ് ലിഗ ചാമ്പ്യന്മാരായി. നാല് മത്സരങ്ങൾ ശേഷിക്കെയാണ് വിൻസന്റ് കംപനി പരിശീലിപ്പിക്കുന്ന ബവേറിയൻസ് കപ്പടിക്കുന്നത്. ശനിയാഴ്ച ഫ്രെയ്ബർഗിനെതിരെ 3-3 സമനില വഴങ്ങിയതോടെ ബയേണിന്റെ കിരീടധാരണം വൈകുമെന്ന് കരുതിയിരുന്നെങ്കിലും നിർണായക മത്സരത്തിൽ എസ്.സി ഫ്രെയ്ബർഗുമായി ലെവർകൂസൻ 2-2 സമനിലയിൽ പിരിഞ്ഞതോടെ കാര്യങ്ങൾ തീരുമാനമാവുകയായിരുന്നു. ബയേണിന്റെ 34-ാം ജർമൻ കിരീടമാണിത്.
32 മത്സരങ്ങളിൽ നിന്ന് 76 പോയിന്റ് സ്വന്തമാക്കിയാണ് ബയേൺ കിരീടം ഉറപ്പാക്കിയത്. അത്രയും കളിയിൽ നിന്ന് 68 പോയിന്റുള്ള ലെവർകൂസിന് ഇനി എല്ലാ കളിയും ജയിച്ചാലും കപ്പടിക്കാൻ കഴിയില്ല. 24 ഗോളുമായി സ്‌ട്രൈക്കർ ഹാരി കെയ്ൻ ആണ് കിരീട നേട്ടത്തിൽ ബയേണിന്റെ നെടുംതൂണായത്. ജമാൽ മുസിയാല (12 ഗോൾ), ലിറോയ് സാനെ (11) എന്നിവരുടെ സംഭാവനയും നിർണായകമായി. ഇതിനകം 13 ഗോളിന് വഴിയൊരുക്കി ഫ്രഞ്ച് താരം മൈക്കൽ ഒലിസെയും താരമായി.
2011 മുതൽ ജർമൻ ലീഗ് ചാമ്പ്യന്മാരായ ബയേൺ കഴിഞ്ഞ വർഷം ബയേർ ലെവർകുസന്റെയും സ്റ്റുട്ട്ഗട്ടിന്റെയും സർപ്രൈസ് കുതിപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നെങ്കിലും ഈ സീസണിൽ വ്യക്തമായ ആധിപത്യത്തോടെ മുന്നേറുകയായിരുന്നു. വെറും രണ്ടുതവണ മാത്രമാണ് 2024-25 ൽ അവർ തോൽവിയറഞ്ഞത്.
ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് വിടുന്ന ഇതിഹാസ താരം തോമസ് മുള്ളർക്ക് കിരീടത്തോടെ വിടനൽകാൻ ഇതോടെ ബയേണിനു കഴിഞ്ഞു. ഈയിടെ 500-ാം ബുണ്ടസ് ലിഗ മത്സരം കളിച്ച മുള്ളർ ക്ലബ്ബ് ലോകകപ്പോടെയാണ് 25 വർഷം താൻ ചെലവിട്ട ക്ലബ്ബിൽ നിന്ന് വിടവാങ്ങുന്നത്.
കരിയറിൽ ഒരു ട്രോഫി പോലുമില്ലെന്ന വിമർശനങ്ങൾക്ക് മറുപടി നൽകാൻ ബയേണിന്റെ ഇംഗ്ലീഷ് ആക്രമണതാരം ഹാരി കെയ്‌നിനും ഇതോടെ കഴിഞ്ഞു. പ്രൊഫഷണൽ കരിയറിൽ 14 വർഷത്തിനു ശേഷമാണ് കെയ്ൻ ഒരു സീനിയർ ട്രോഫി സ്വന്തമാക്കുന്നത്.