മിലാൻ: രണ്ടാം പാദ സെമിയിൽ ബാഴ്‌സലോണയെ 4-3 ന് തകർത്ത് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. ഉദ്വേഗ നിമിഷങ്ങൾ മാറിമറിഞ്ഞ ആവേശപ്പോരിൽ എക്‌സ്ട്രാ ടൈമിൽ ഡേവിഡ് ഫ്രാറ്റെസി നേടിയ ഗോളിലാാണ് ഇന്ററിന് കലാശപ്പോരിന് ടിക്കറ്റെടുത്തു നൽകിയത്. ഇരുപാദങ്ങളിലായി 7-6 നാണ് ഇറ്റാലിയൻ ചാമ്പ്യൻമാരുടെ വിജയം. മിന്നുന്ന സേവുകളുമായി ബാഴ്സയുടെ ഉറച്ച ഗോളവസരങ്ങൾ വിഫലമാക്കിയ ഇന്റർ കീപ്പർ യാൻ സോമർ ആണ് കളിയിലെ താരം.
ലൗത്താറോ മാർട്ടിനസ്, ഹകാൻ കൽഹനോഗ്ലു എന്നിവരുടെ ഗോളിൽ ആദ്യപകുതിയിൽ 2-0 ലീഡെടുത്ത ഇന്ററിനെതിരെ രണ്ടാം പകുതിയിൽ എറിക് ഗാർഷ്യ, ഡാനി ഓൽമോ, റഫിഞ്ഞ എന്നിവർ നേടിയ ഗോളിൽ ബാഴ്‌സ ശക്തമായി തിരിച്ചുവന്നിരുന്നു. എന്നാൽ, ഇഞ്ച്വറി ടൈമിൽ സമനില ഗോൾ കണ്ടെത്തിയ ഫ്രാൻസെസ്‌കോ അസർബിയാണ് ഇന്ററിനെ ഒപ്പമെത്തിച്ചതും കളി അധികസമയത്തേക്ക് നീട്ടിയതും.
യൂൾസ് കുണ്ടേ, അലയാന്ദ്രോ ബാൾഡേ എന്നിവരില്ലാത്ത ബാഴ്‌സലോണ ഡിഫൻസിന്റെ ദൗർബല്യം പലതവണ തുറന്നുകാട്ടപ്പെട്ട മത്സരത്തിൽ, സ്വന്തം ഗോൾമുഖത്തിനു സമീപം വെച്ച് പന്ത് നഷ്ടപ്പെടുത്തിയാണ് സന്ദർശകർ ആദ്യഗോൾ വഴങ്ങുന്നതിലേക്ക് നയിച്ചത്. സെൻട്രൽ പൊസിഷനിൽ ബാഴ്‌സയിൽ നിന്ന് പന്ത് തട്ടിയെടുത്ത ഡിമാർകോ പന്ത് വലതുഭാഗത്ത് ഡെൻസിൽ ഡംഫ്രിയ്‌സിനു നൽകി. ഡച്ച് താരത്തിന്റെ ക്രോസിൽ നിന്ന് ലൗത്താറോ അനായാസം ലക്ഷ്യം കാണുകയും ചെയ്തു.
ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് പെനാൽട്ടിയിലൂടെ ഇന്റർ ലീഡ് വർധിപ്പിച്ചത്. ലൗത്താറോ മാർട്ടിനസിനെ പൗ കുബാർസി വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി കുറ്റമറ്റ ഫിനിഷിലൂടെ ഹകാൻ കൽഹനോഗ്ലു വലയിലാക്കി.
രണ്ടാം പകുതിയിൽ തീവ്രമായ ആക്രമണം നടത്തിയ ബാഴ്‌സ 54-ാം മിനുട്ടിൽ ഒരു ഗോൾ മടക്കി. ഇന്റർ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ ജെറാഡ് മാർട്ടിന്റെ പാസിൽ നിന്നാണ് എറിക് ഗാർഷ്യ ലക്ഷ്യം കണ്ടത്. ഒരു ഗോൾ വഴങ്ങിയതിന്റെ ആഘാതം ഇന്റർ മറക്കുംമുമ്പേ അടുത്ത ഗോളുമെത്തി. ഇടതുഭാഗത്തു നിന്ന് ജെറാഡ് മാർട്ടിൻ തൊടുത്ത ക്രോസിൽ ക്ലോസ് റേഞ്ചിൽ നിന്ന് ഹെഡ്ഡറിലൂടെ ഡാനി ഓൽമോ ഗോൾ നേടി.
87-ാം മിനുട്ടിൽ ഇന്റർ ഗോൾ കീപ്പർ യാൻ സോമർ ആദ്യഷോട്ട് തടഞ്ഞിട്ടെങ്കിലും റീബൗണ്ടിൽ ലക്ഷ്യം കണ്ട് റഫിഞ്ഞ ബാഴ്‌സയെ മുന്നിലെത്തിച്ചു. ഇഞ്ച്വറി ടൈമിൽ ലമീൻ യമാലിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചെങ്കിലും കളി ബാഴ്‌സ ജയിക്കുമെന്ന് തോന്നിച്ചു.
എന്നാൽ, നഷ്ടപ്പെടാത്ത വീര്യത്തോടെ പൊരുതി ഇന്റർ ഫൈനൽ വിസിലിനു ഒരു മിനുട്ട് മാത്രം ശേഷിക്കെ ഫ്രാൻസെസ്‌കോ അസർബിയിലൂടെ ഒപ്പമെത്തി. വലതുഭാഗത്തു നിന്ന് ഡെൻസിൽ ഡംഫ്രയ്‌സ് നൽകിയ ക്രോസിൽ സമർത്ഥമായി കാൽവെച്ച ഇറ്റാലിയൻ താരം ബാഴ്‌സ കീപ്പർ ചെസ്‌നിയെ നോക്കുകുത്തിയാക്കി വലകുലുക്കി.
എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ബാഴ്‌സയുടെ പ്രതിരോധപ്പിഴവ് അവർക്ക് ചാമ്പ്യൻസ് ലീഗ് നഷ്ടപ്പെടുത്തുന്ന കാഴ്ച കണ്ടു. സ്വന്തം ബോക്‌സിൽ എതിർ താരങ്ങൾക്ക് യഥേഷ്ടം പന്തുതട്ടാൻ അവസരം നൽകിയ സ്പാനിഷ് ടീം വലിയ വില കൊടുക്കേണ്ടി വന്നു. തരേമിയുടെ പാസ് സ്വീകരിച്ച ഡേവിഡ് ഫ്രറ്റേസി പന്ത് നിയന്ത്രിച്ച് വലയിലേക്ക് തിരിച്ചുവിടുമ്പോൾ ബാഴ്‌സ ഡിഫന്റർമാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഇന്ന് നടക്കുന്ന പി.എസ്.ജി – ആഴ്‌സനൽ മത്സരത്തിലെ ജേതാക്കളെയാണ് ഇന്റർ മിലാൻ ഫൈനലിൽ നേരിടുക. ആഴ്‌സലനിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദ മത്സരം ഒരു ഗോളിന് ജയിച്ച പി.എസ്.ജിക്ക് ഇന്ന് സ്വന്തം ഗ്രൗണ്ടിൽ സമനിലയെങ്കിലും നേടാനായാൽ കലാശപ്പോരിന് മുന്നേറാം. അതേസമയം, എവേ മാച്ചിൽ വിജയം ലക്ഷ്യമിട്ടാണ് മൈക്കൽ അർടേറ്റയുടെ സംഘം ഇറങ്ങുന്നത്.