ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ഒന്നാംപാദത്തിൽ ഇന്റർ മിലാനെതിരെ സമനില വഴങ്ങി ബാർസലോണ. സ്വന്തം ഗ്രൗണ്ടായ ഒളിംപിക് സ്‌റ്റേഡിയത്തിൽ 3-3 നാണ് ബാർസ സമനിലയുമായി രക്ഷപ്പെട്ടത്. ഒരു ഘട്ടത്തിൽ 0-2 നും പിന്നീട് 2-3 നും പിന്നിൽ നിന്ന ശേഷമായിരുന്നു സ്പാനിഷ് സംഘത്തിന്റെ തിരിച്ചുവരവ്. ഡെൻസിൽ ഡംഫ്രീസ് (രണ്ട്), മാർക്കസ് തുറാം എന്നിവർ സന്ദർശകരുടെ ഗോളുകൾ നേടിയപ്പോൾ ലമീൻ യമാൽ, ഫെറാൻ ടോറസ് എന്നിവരും സെൽഫ് ഗോളിലൂടെ യാൻ സോമറും ആയിരുന്നു ബാർസയുടെ സ്‌കോറർമാർ. ഇതോടെ മെയ് ഏഴിന് ഇന്റററിന്റെ തട്ടകത്തിൽ നടക്കുന്ന രണ്ടാം പാദം നിർണായകമായി.
റോബർട്ട് ലെവൻഡവ്‌സ്‌കി, ഡൊണാൾഡ് അരൗഹോ, ഗാവി എന്നീ പ്രമുഖരില്ലാതെ ഇറങ്ങിയ ബാർസക്കെതിരെ ഇന്റർ ടീമിൽ ബെഞ്ചമിൻ പവാർഡും കളിച്ചില്ല. ആക്രമണാത്മകമായി കളിക്കുന്ന ബാർസയുടെ പ്രതിരോധത്തിലെ ദൗർബല്യം മുതലെടുക്കാനുറച്ച് ഇറങ്ങിയ ഇന്റർ കളി തുടങ്ങി ഒരു മിനുട്ടാകുംമുമ്പേ ഗോളടിക്കുകയും ചെയ്തു. വലതുഭാഗത്തു നിന്ന് വിങ്ബാക്ക് ഡെൻസിൽ ഡംഫ്രീസ് തൊടുത്ത ക്രോസ് ഒരുവട്ടം യൂൾസ് കുണ്ടേ ക്ലിയർ ചെയ്‌തെങ്കിലും റിക്കവർ ചെയ്ത ഡച്ച് താരം വീണ്ടും പന്ത് തൊടുത്തു. ഇത്തവണ മനോഹരമായ ഫിനിഷിലൂടെ മാർക്കസ് തുറാം ഗാലറിയെ നിശ്ശബ്ദമാക്കി.
ആദ്യത്തെ ആഘാതത്തിൽ നിന്ന് കരകയറിയ ബാർസ താളം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് അടുത്ത അടിവന്നത്. 21-ാം മിനുട്ടിൽ കോർണർ കിക്കിനെ തുടർന്ന് ബോക്‌സിൽ രൂപപ്പെട്ട കൂട്ടപ്പൊരിച്ചിലിനിടെ കിടിലനൊരു അക്രോബാറ്റിക് കിക്കിലൂടെ ഡംഫ്രീസ് പന്ത് വലയിലാക്കുകയായിരുന്നു.
ഇന്ററിന്റെ രണ്ടുഗോൾ ലീഡിന് പക്ഷേ അധികം ആയുസ്സുണ്ടായില്ല. ഉയർന്നു കളിച്ച ആതിഥേയർ ലമീൻ യമാലിന്റെ വ്യക്തിഗത മികവു കൊണ്ട് 24-ാം മിനുട്ടിൽ തന്നെ ഒരു ഗോൾ മടക്കി. വലതുഭാഗത്ത് പന്ത് സ്വന്തമാക്കിയ 17-കാരൻ നിരവധി പ്രതിരോധക്കാരെ വകഞ്ഞുമാറ്റി ബോക്‌സിൽ കയറുകയും തന്റെ ട്രേഡ്മാർക്ക് ഇടങ്കാലൻ ഷോട്ടിലൂടെ പന്ത് വലയിലേക്ക് പറഞ്ഞയക്കുകയുമായിരുന്നു.
രണ്ടു മിനുട്ടിനുള്ളിൽ യമാൽ ഒരിക്കൽക്കൂടി ഗോളടിച്ചെന്ന് തോന്നിയെങ്കിലും യമാലിന് ഇത്തവണ ഇന്റർ കീപ്പർ യാൻ സോമറും പിന്നാലെ വുഡ് വർക്കും തടസ്സമായി. ഡ്രിബിൾ ചെയ്ത് ബോക്‌സിൽ കയറിയ യമാൽ ടൈറ്റ് ആംഗിളിൽ നിന്ന് തൊടുത്ത ഷോട്ട് സോമറിന്റെ വിരൽത്തുമ്പിൽ തട്ടി ക്രോസ്ബാറിലുരസി വിഫലമായി.
ശക്തമായ സമ്മർദം ചെലുത്തിയ ബാർസയ്ക്ക് 38-ാം മിനുട്ടിൽ അതിനുള്ള ഫലം ലഭിച്ചു. പെഡ്രിയുടെ ക്രോസിൽ നിന്ന് റഫിഞ്ഞ ഹെഡ്ഡ് ചെയ്തു നൽകിയ പന്ത് പോയിന്റ് ബ്ലാങ്കിൽ നിന്ന് കിടിലൻ ഫിനിഷിലൂടെ ഫെറാൻ ടോറസ് വലയിലാക്കുകയായിരുന്നു. ബാർസ ടീം വർക്കിന്റെ മികവ് വിളിച്ചോതുന്നതായിരുന്നു ഗാലറിയെ പൊട്ടിത്തെറിപ്പിച്ച ആ ഗോൾ.
രണ്ടാം പകുതിയിൽ ബാർസ ജെറാഡ് മാർട്ടിനെ പിൻവലിച്ച് അരൗഹോയെ കളത്തിലിറക്കി. എന്നാൽ, ആ പ്രതിരോധ നീക്കം കാര്യമായ ഫലമുണ്ടാക്കും മുമ്പ് 63-ാം മിനുട്ടിൽ ഇന്റർ വീണ്ടും ലീഡെടുത്തു. ഇത്തവണയും ഹൈബോൾ കൈകാര്യം ചെയ്യുന്നതിലുള്ള ബാർസയുടെ പിഴവാണ് ഗോളിൽ കലാശിച്ചത്. ഹകാൻ കൽഹനോഗ്ലു ബോക്‌സിലേക്ക് ഉയർത്തിവിട്ട പന്തിൽ ഹെഡ്ഡറുതിർത്താണ് ഡംഫ്രീസ് വലകുലുക്കിയത്.
എന്നാൽ, തൊട്ടുപിന്നാലെ തന്നെ ബാർസ ഗോൾ മടക്കി. ബോക്‌സിനു പുറത്തുനിന്ന് റഫിഞ്ഞ തൊടുത്ത കനത്തൊരു ഷോട്ട് ക്രോസ്ബാറിലും പിന്നെ ഡൈവ് ചെയ്ത യാൻസോമറിന്റെ ശരീരത്തിലും തട്ടിയാണ് ഗോളായി മാറിയത്.
75-ാം മിനുട്ടിൽ ഇന്റർ ഒരിക്കൽക്കൂടി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡിൽ കുടുങ്ങി വിഫലമായി. 88-ാം മിനുട്ടിൽ യമാലിന്റെ ശ്രമത്തിന് പോസ്റ്റ് തടസ്സമായതും ഇഞ്ച്വറി ടൈമിൽ റഫിഞ്ഞയുടെ ഷോട്ട് യാൻ സോമർ തടഞ്ഞിട്ടതും ബാർസയ്ക്ക് വിജയം നിഷേധിച്ചു.