യുവേഫ കോൺഫറൻസ് ലീഗ് ഫൈനലിൽ സ്പാനിഷ് ക്ലബ്ബ് റയൽ ബെറ്റിസ് ഇംഗ്ലീഷ് കരുത്തരായ ചെൽസിയെ നേരിടാനൊരുങ്ങുമ്പോൾ ഫുട്ബോൾ ലോകത്തിന്റെ കണ്ണുകളെല്ലാം ആ ബ്രസീലിയൻ താരത്തിലേക്കാണ്; ആന്റണി മാത്യൂസ് ദോസ് സാന്റോസ് എന്ന ആന്റണിയിലേക്ക്. അയാക്സ് ആംസ്റ്റർഡാമിലെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് എന്ന ലോകോത്തര ക്ലബ്ബിലേക്ക് വൻതുകയ്ക്ക് എത്തിയ ആന്റണി ഓൾഡ് ട്രാഫോഡിൽ പരിസാഹപാത്രമായി മാറുകയായിരുന്നു. എന്നാൽ, അവിടെ നിന്ന് സ്പാനിഷ് ലീഗിലെ റയൽ ബെറ്റിസിലേക്ക് ലോണിൽ പോയ 25-കാരൻ സ്വപ്നതുല്യമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഫുട്ബോൾ മൈതാനത്തെ തന്റെ മിഡാസ് ടച്ച് വീണ്ടെടുത്ത ആന്റണി ഗോളടിച്ചും അടിപ്പിച്ചും ബെറ്റിസിനെ ഒരു യൂറോപ്യൻ ടൂർണമെന്റിന്റെ ഫൈനലിലേക്കും ലാലിഗയിൽ ആറാം സ്ഥാനത്തേക്കും എത്തിച്ചുകഴിഞ്ഞു. നാല് മത്സരങ്ങൾ കൂടി ശേഷിക്കെ ബെറ്റിസ് ചാമ്പ്യൻസ് ലീഗ് യോഗ്യതയുടെ തൊട്ടരികിലുണ്ട് എന്നത് ആന്റണി ആ ക്ലബ്ബിലുണ്ടാക്കിയ ചലനങ്ങൾക്ക് അടിവരയിടുന്നു.
2022-ൽ 86 മില്യൺ പൗണ്ടിനാണ് യുണൈറ്റഡ് ആന്റണിയെ വാങ്ങുന്നത്. ഒരു ഡച്ച് ക്ലബ്ബിൽ നിന്ന് ഇത്രയും വലിയ തുകനൽകി ഒരു വിംഗറെ വാങ്ങണോ എന്ന ആരാധകരുടെ സംശയം ശരിവെക്കുന്ന വിധത്തിലായിരുന്നു താരത്തിന്റെ യുനൈറ്റഡിലെ പെർഫോമൻസ്. ചുവന്ന കുപ്പായത്തിൽ 96 മത്സരങ്ങളിൽ വെറും 12 ഗോളുകൾ മാത്രം നേടിയ താരം ആരാധകരുടെയും വിമർശകരുടെയും ട്രോൾ മെറ്റീരിയൽ ആയി മാറാൻ അധികം സമയമെടുത്തില്ല. എന്നാൽ, ഈ വർഷം ജനുവരിയിൽ റയൽ ബെറ്റിസിലേക്കുള്ള ലോൺ ട്രാൻസ്ഫർ അയാളുടെ കരിയർ മാറ്റി മറിച്ചിരിക്കുന്നു.
മാഞ്ചസ്റ്ററിലെ പരാജയം
അയാക്സിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ 2022 ലോകകപ്പിൽ ബ്രസീൽ ടീമിൽ ഇടം നേടിയെങ്കിലും ആന്റണിക്ക് ഓൾഡ് ട്രാഫോർഡിൽ സ്ഥിരത കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. “അയാളുടെ കേളീശൈലി എതിരാളികൾക്ക് ഒറ്റയടിക്ക് മനസ്സിലാകും. എപ്പോഴും ഇടത്തേക്ക് കട്ട് ചെയ്ത് ഷൂട്ട് ചെയ്യുന്ന ആ ശൈലിക്ക് വലിയ ആയുസ്സില്ല” എന്നായിരുന്നു വിമർശകർ പറഞ്ഞത്. ’86 മില്യൺ പൗണ്ട് നഷ്ടപ്പെടുത്തിയ മരപ്പാഴ്’ എന്ന് യുനൈറ്റഡ് ആരാധകർ തന്നെ അയാളെ വിളിച്ചു. ഒടുവിൽ ഒരു ഹൈ-പ്രൊഫൈൽ പരാജയം എന്ന് മുദ്രകുത്തപ്പെട്ട ആന്റണിയെ 2024-25 സീസണിന്റെ തുടക്കത്തിൽ ലോണിൽ വിടാൻ തീരുമാനിച്ചു.
ബെറ്റിസിലെ പുനർജന്മം
2025 ജനുവരിയിൽ റയൽ ബെറ്റിസിലെത്തിയ ആന്റണി, പരിശീലകൻ മാനുവൽ പെല്ലെഗ്രിനിയുടെ കീഴിൽ അക്ഷരാർത്ഥത്തിൽ പുതുജന്മം നേടുകയായിരുന്നു. “ആന്റണിയുടെ മനോഭാവവും ആത്മ വിമർശനവുമാണ് അവനെ വ്യത്യസ്തനാക്കിയത്” – പെല്ലെഗ്രിനി പറഞ്ഞു. ബെറ്റിസിന്റെ ആക്രമണ ശൈലിയിൽ ആന്റണി തന്റെ കഴിവുകൾ പൂർണമായി വിനിയോഗിച്ചു. 20 മത്സരങ്ങളിൽ 7 ഗോളുകളും 4 അസിസ്റ്റുകളും നേടിയ ബ്രസീലിയൻ താരം, ലാ ലീഗയിലും കോൺഫറൻസ് ലീഗിലും ബെറ്റിസിന്റെ നട്ടെല്ലായി മാറി.
ഫിയോറന്റീനക്കെതിരായ കോൺഫറൻസ് ലീഗ് സെമി-ഫൈനലിൽ ആന്റണി മിന്നും പ്രകടനമാണ് ബെറ്റിസിന് കലാശപ്പോരിലേക്കുള്ള വഴി തുറന്നത്. ആദ്യ ലെഗിൽ ഒരു അതിശയിപ്പിക്കുന്ന വോളിയിലൂടെ ഗോൾ നേടിയ ആന്റണി, രണ്ടാം ലെഗിൽ തകർപ്പനൊരു ഒരു ഫ്രീ-കിക്ക് ഗോളും അബ്ദെ എസ്സാൽസൂലിയുടെ നിർണായക ഗോളിന് അസിസ്റ്റും നൽകി. ഇരുപാദങ്ങളിലായി 4-3 ന് ബെറ്റിസ് ഫൈനലിലേക്ക് മുന്നേറിയപ്പോൾ മത്സരശേഷം കണ്ണീരോടെ ആന്റണി പറഞ്ഞതിങ്ങനെ: “മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ബെറ്റിസിൽ ചേർന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണ്…”
ബെറ്റിസിന്റെ ഫൈനൽ സ്വപ്നം
മെയ് 28-ന് വ്രോക്ലോവിൽ ചെൽസിയെ നേരിടാനൊരുങ്ങുന്ന റയൽ ബെറ്റിസിന്റെ ആദ്യ യൂറോപ്യൻ ഫൈനലാണിത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു ലോണി താരമായ ജാഡൻ സാഞ്ചോ ചെൽസിക്ക് വേണ്ടി കളിക്കുന്നുണ്ട്. “ബെറ്റിസിന്റെ ജേഴ്സിയിൽ ഒരു കിരീടം നേടുക എന്നത് എന്റെ സ്വപ്നമാണ്,” ആന്റണി പറഞ്ഞു. ബെറ്റിസ് പ്രസിഡന്റ് ഏഞ്ചൽ ഹാരോ, ആന്റണിയെ നിലനിർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആരാധകരുടെ പ്രിയങ്കരൻ
സെവിയ്യയിലെ ബെനിറ്റോ വില്ലമറിൻ സ്റ്റേഡിയത്തിൽ ആന്റണി ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. അയാൾ പന്ത് തൊടുമ്പോഴെല്ലാം ഗാലറി ആവേശത്തോടെ അലറുന്നു. സഹതാരങ്ങൾക്കും മാനേജ്മെന്റിനുമെല്ലാം അയാൾ പ്രിയങ്കരനായി മാറിക്കഴിഞ്ഞു. ആന്റണി ക്ലബ്ബിൽ നിലനിർത്താൻ വേണ്ടി തട്ടിക്കൊണ്ടു പോകണമെങ്കിൽ താൻ കാറുമായി വരാമെന്നാണ് ബെറ്റിസ് ഇതിഹാസം ജോക്വിൻ തമാശയായി പറഞ്ഞത്. ബെറ്റിസ് താരം ഇസ്കോയ്ക്കും ആന്റണിയെ പറ്റി പറയാൻ നൂറു നാവാണ്: “അസാമാന്യനായ കളിക്കാരനും നല്ലൊരു വ്യക്തിത്വത്തിന് ഉടമയുമാണ് ആന്റണി. വിനയവും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതിയും കൊണ്ട് അവൻ ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി. ആന്റണി വന്നതിനു ശേഷം ക്ലബ്ബിലെ അന്തരീക്ഷം ആകെ മാറി.’ ആന്റണിയെ നിലനിർത്താൻ ആവശ്യമുള്ള പണത്തിനു വേണ്ടി ജനങ്ങളെ സമീപിക്കണം എന്നും ഇസ്കോ പറയുന്നു.
മുന്നോട്ടുള്ള പാത
ആന്റണിയും ബെറ്റിസും തമ്മിലുള്ള പ്രണയബന്ധം ശക്തമാണെങ്കിലും സ്പാനിഷ് ക്ലബ്ബിൽ താരത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ലോൺ കരാർ നീട്ടാനുള്ള ആഗ്രഹം പലതവണ ബെറ്റിസ് ആവർത്തിച്ചിട്ടുണ്ട്. എന്നാൽ, റെക്കോർഡ് തുകയ്ക്ക് വാങ്ങിയ താരത്തെ ലോണിൽ കളിപ്പിക്കുന്നതിനോട് യുനൈറ്റഡിന് താൽപര്യമില്ല. 34-42 മില്യൺ പൗണ്ടിന് സ്ഥിരമായി വിൽക്കാനാണ് പ്രീമിയർ ലീഗ് ഭീമന്മാരുടെ പദ്ധതി. അത്രയും വലിയ തുക ചെലവഴിക്കാൻ കഴിയില്ല എന്നതാണ് ബെറ്റിസ് ഇപ്പോൾ നേരിടുന്ന പ്രതിസന്ധി.
ബ്രസീൽ താരത്തിന്റെ മികവിൽ കണ്ണു പതിഞ്ഞ അത്ലറ്റികോ മാഡ്രിഡ് താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്. അത്ലറ്റികോ വലിയ തുക വെച്ചുനീട്ടിയാൽ യുനൈറ്റഡിനു മുന്നിൽ വേറെ വഴിയുണ്ടാകില്ല. അതേസമയം, താരത്തെ വാങ്ങാൻ ക്ലബ്ബുകൾ വരുന്നില്ലെങ്കിൽ, ലോണിൽ തന്നെ തുടരാൻ യുനൈറ്റഡ് അനുവദിക്കും എന്നും റിപ്പോർട്ടുകളുണ്ട്.