മാഡ്രിഡ് – ബ്രസീൽ ദേശീയ ഫുട്‌ബോൾ ടീമിന്റെ പരിശീലകനായി കാർലോ ആൻചലോട്ടി എത്താനുള്ള സാധ്യത മങ്ങുന്നു. റയൽ മാഡ്രിഡുമായുള്ള കരാർ കാലാവധി പൂർത്തിയാക്കാതെ ആൻചലോട്ടി ക്ലബ്ബ് വിടുന്ന സാഹചര്യത്തിൽ ‘എക്‌സിറ്റ് ഫീ’ സംബന്ധിച്ചുള്ള തർക്കമാണ് കാരണം. കരാറിൽ അവശേഷിക്കുന്ന ഒരു വർഷത്തെ ശമ്പളം എക്‌സിറ്റ് ഫീ ആയി നൽകണമെന്ന ആൻചലോട്ടിയുടെ ആവശ്യം റയൽ മാഡ്രിഡ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസ് അംഗീകരിച്ചില്ല. ഇതോടെ, നിലവിൽ അൽ ഹിലാലിനെ പരിശീലിപ്പിക്കുന്ന ജോർജ് ജീസസിനെ സമീപിക്കാനാണ് ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷന്റെ തീരുമാനം.
ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തെ തുടർന്ന് രാജിവെച്ച ഡൊറിവാൾ ജൂനിയറിനു പകരക്കാരനായി കാർലോ ആൻചലോട്ടി ബ്രസീലിനെ പരിശീലിപ്പിക്കും എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത. റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ കാർലോ ആൻചലോട്ടി ക്ലബ്ബ് വിടുമെന്നും ജൂൺ മുതൽ ബ്രസീൽ ടീമിനൊപ്പമുണ്ടാകുമെന്നും സ്പാനിഷ് മാധ്യമങ്ങളും ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും റിപ്പോർട്ട് ചെയ്തു. എന്നാൽ, ബ്രസീൽ ഫെഡറേഷനുമായി ധാരണയിൽ എത്തിയെങ്കിലും റയൽ മാഡ്രിഡ് ഇടഞ്ഞു നിൽക്കുന്നതിനാൽ വൻ നഷ്ടം സഹിച്ച് ആൻചലോട്ടി മഞ്ഞപ്പടയെ പരിശീലിപ്പിക്കാൻ എത്തില്ല എന്നാണ് നിലവിലെ വാർത്തകൾ.
ക്ലബ്ബുമായുള്ള കരാർ ആൻചലോട്ടി ഏകപക്ഷീയമായാണ് റദ്ദാക്കുന്നതെന്നും അതിനാൽ ശേഷിക്കുന്ന ശമ്പളം നൽകാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നുമാണ് റയൽ പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസ് പറയുന്നത്. റയലും കോച്ചും തമ്മിൽ ചർച്ചകളിലൂടെ സമവായത്തിൽ എത്തുന്നതു വരെ കാത്തിരിക്കാൻ തങ്ങൾക്ക് സമയമില്ലെന്നാണ് ബ്രസീലിന്റെ നിലപാട്. സൗദി ലീഗിലെ അൽ ഹിലാലിനെ പരിശീലിപ്പിക്കുന്ന ജോർജ് ജീസസിനെ ബ്രസീൽ അധികൃതർ സമീപിച്ചുവെന്നും 70-കാരൻ സമ്മതം അറിയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ, ആൻചലോട്ടിയുടെ ബ്രസീൽ സ്വപ്‌നങ്ങൾ അവസാനിച്ചേക്കും.