പാരീസ്: ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്കെതിരെ ലൈംഗിക പീഡനാരോപണം. 25കാരനായ റയല്‍മാഡ്രിഡ് താരം അടുത്തിടെ സ്റ്റോക്ക്ഹോമില്‍ നടത്തിയ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് സംഭവം നടന്നതെന്ന് സ്വീഡിഷ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ സ്വീഡിഷ് പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചു. ഒക്ടോബര്‍ 10നാണ് വിവാദ സംഭവം.
എംബാപ്പെയെ പ്രതിയെന്ന് സ്വീഡിഷ് പത്രമായ എക്സ്പ്രെസെന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിന്റെ നേഷന്‍സ് ലീഗ് മത്സരങ്ങളില്‍ എംബാപ്പെ കളിച്ചിരുന്നില്ല. ഇതിനിടെയാണ് താരം സ്റ്റോക്ക്ഹോം സന്ദര്‍ശിച്ചത്.
എംബാപ്പെ അന്നു രാത്രി ചെസ് ജോളി റെസ്റ്റോറന്റ് സന്ദര്‍ശിച്ചിരുന്നു. നൈറ്റ്ക്ലബിലേക്ക് പോകുന്നതിന് മുമ്പായിരുന്നു ഇത്. പിന്നീട് താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചുവന്നു. തുടര്‍ന്ന് എംബാപ്പെയും സംഘവും വെള്ളിയാഴ്ച ഇവിടം വിട്ടിരുന്നു. വൈദ്യസഹായം തേടിയ ശേഷമാണ് ഇര പരാതി നല്‍കിയതെന്ന് സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വീഡിഷ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് വ്യാജമാണെന്ന് എംബാപ്പെ എക്സില്‍ കുറിച്ചിട്ടു.