റിയാദ്: 2024ലെ സമ്മര്‍ ട്രാന്‍സര്‍ വിന്‍ഡോ അവസാനിച്ചു.യൂറോപ്പിലെ അഞ്ച് ലീഗുകളിലേക്ക് നിരവധി താരങ്ങളെയാണ് ക്ലബ്ബുകള്‍ എത്തിച്ചത്. നിരവധി കൈമാറ്റങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. ജൂലായ് ഒന്നിന് തുറന്ന ട്രാന്‍സഫര്‍ വിന്‍ഡോയാണ് ഇന്ന് പുലര്‍ച്ചെയോടെ അവസാനിച്ചത്.
ഇംഗ്ലണ്ട് താരം ഇവാന്‍ ടോണിയെ സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ അഹ്ലി സ്വന്തമാക്കി. ബ്രന്റ്‌ഫോഡ് സ്‌ട്രൈക്കറാണ് താരം. 28കാരനായ താരത്തെ 40മില്ല്യണ്‍ യൂറോയ്ക്കാണ് അല്‍ അഹ്ലി സ്വന്തമാക്കിയത്. നാല് വര്‍ഷമായി ബ്രന്റ്‌ഫോഡിനായി കളിക്കുന്ന താരത്തിനായി മറ്റ് ക്ലബ്ബുകളും രംഗത്തെത്തിയിരുന്നു. 2022-23 സീസണില്‍ ബ്രന്റ്‌ഫോഡിനായി 20 ഗോളുകള്‍ താരം നേടിയിരുന്നു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇംഗ്ലണ്ട് താരം ജേഡന്‍ സാഞ്ചോയെ ചെല്‍സി സ്വന്തമാക്കി. ഒരു വര്‍ഷത്തെ ലോണിലാണ് ചെല്‍സി താരത്തെ വാങ്ങിയത്. യുവന്റസും സാഞ്ചോയ്ക്കായി രംഗത്തുണ്ടായിരുന്നു. ചെല്‍സിയുടെ റഹീം സ്‌റ്റെര്‍ലിങിനെ ആഴ്‌സണല്‍ സ്വന്തമാക്കി. അവസാന നിമിഷമാണ് ആഴ്‌സണല്‍ ചെല്‍സി താരത്തിനായി രംഗത്ത് വന്നത്. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നാണ് ചെല്‍സി ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കിയത്.
ബൊറൂസിയാ ഡോര്‍ട്ട്മുണ്ടിന്റെ ഐവറി കോസ്റ്റ് മുന്നേറ്റനിര താരമായ സെബാസ്റ്റിയാന്‍ ഹാളര്‍ സ്പാനിഷ് ലീഗിലെത്തി. സ്പാനിഷ് ക്ലബ്ബ് ലെഗാനസുമായാണ് ഹാളര്‍ കരാറിലെത്തിയത്. ഐവറികോസ്റ്റിന് ആഫ്രിക്കന്‍ നാഷന്‍സ് ലീഗ് കിരീടം നേടുന്നതില്‍ പ്രധാന പങ്കു വഹിച്ച താരമാണ് ഹാളര്‍. ക്യാന്‍സറിനെ അധിജീവിച്ച താരമാണ് ഹാളര്‍.
ഉറുഗ്വെയുടെ മധ്യതാരം ഉഗാര്‍തെയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ടീമിലെത്തിച്ചത്. താരത്തിനായി നിരവധി ക്ലബ്ബുകള്‍ രംഗത്തെത്തിയിരുന്നു. പിഎസ്ജിയില്‍ നിന്നാണ് താരം വരുന്നത്. 2029വരെയാണ് കരാര്‍. 50 മില്ല്യണ്‍ യൂറോയാണ് ട്രാന്‍സ്ഫര്‍ തുക.അര്‍ജന്റീനയുടെ മധ്യനിര താരം ജിയോവാണി സ്പാനിഷ് ക്ലബ്ബ് റയല്‍ ബെറ്റിസില്‍ തിരിച്ചെത്തി. ടോട്ടന്‍ഹാം താരമായ ജിയോവാണി 2019ലാണ് ക്ലബ്ബിലെത്തിയത്.
സ്‌കോട്ട്‌ലന്റ് അന്താരാഷ്ട്ര താരം സ്‌കോട്ട് മക്ടോമിനെയാണ് സീരി എ ക്ലബ്ബ് നപ്പോളി സ്വന്തമാക്കി. ഗോള്‍കീപ്പര്‍ ആരോണ്‍ രാംസഡെലിനെ ആഴ്‌സണല്‍ സതാംപ്ടണിനായി വിറ്റു.
ഏവരും നോട്ടമിട്ട നൈജീരിയയുടെ വിക്ടര്‍ ഒഷിമന്‍ നപ്പോളിയില്‍ തന്നെ തുടരും. താരത്തെ ടീമിലെത്തിക്കാനുള്ള ചെല്‍സിയുടെ നീക്കങ്ങള്‍ ഫലം കണ്ടില്ല. താരത്തിനായി സൗദി ക്ലബ്ബുകളും രംഗത്തുണ്ടായിരുന്നു. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാവും താരം മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുക. വിന്റര്‍ ട്രാന്‍സ്ഫര്‍ വിപണി ജനുവരി രണ്ട് മുതല്‍ ഫെബ്രുവരി മൂന്ന് വരെയാണ്.