മ്യൂണിക് – യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഒന്നായ ജർമനിയിലെ ബുണ്ടസ് ലീഗക്ക് ഇന്ന് രാത്രി കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 12 മണിക്ക് ( സൗദി 9:30 PM) ന് നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് കരുത്തരായ ആർ. ബി ലെപ്സിഗിനെ ഏറ്റുമുട്ടുന്നതോടെ 2025-26 സീസണിലെ ബുണ്ടസ് ലീഗക്ക് തുടക്കമാകും. 18 ടീമുകൾ മത്സരിക്കുന്ന ഈ ടൂർണമെന്റിൽ ഓരോ ടീമിനും ഹോം ആൻഡ് എവേ മത്സരങ്ങൾ അനുസരിച്ചു 34 മത്സരങ്ങൾ ഉണ്ടാകും. ബയേൺ മ്യൂണിക്ക്, ആർ. ബി ലെപ്സിഗ്, ബയേർ 04 ലെവർകുസെൻ, ബൊറൂസിയ ഡോർട്ട്മുണ്ട്, ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുട്ട് പോലെയുള്ള മികച്ച ടീമുകൾ മത്സരിക്കുന്ന ജർമനിയിൽ ബയേണിന്റെ മേധാവിത്വമാണ് അധികം കാണുക.
33 തവണകീരിടം നേടിയ ബയേൺ തന്നെയാണ് ഏറ്റവും കൂടുതൽ ബുണ്ടസ് ലീഗ കിരീടങ്ങൾ നേടിയിട്ടുള്ളത്.
ഈ വർഷത്തെ ബയേൺ ടീമിൽ തോമസ് മുള്ളർ ഇല്ല എന്നത് സവിശേഷതയാണ്. നീണ്ട 17 വർഷം ബയേൺ ടീമിൽ കളിച്ച താരം ഈ സീസണിൽ അമേരിക്കൻ ക്ലബ്ബായ
വാൻകൂവർ വൈറ്റ്കാപ്സിലേക്ക് ചേക്കേറിയിരുന്നു.