ചെന്നൈ: ഒരുകാലത്ത് ലോക ഫുട്‌ബോളിലെ രാജാക്കന്‍മാരായിരുന്ന റൊണാള്‍ഡീഞ്ഞോയുടെ ബ്രസീല്‍ ഒരുവശത്ത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലം അനുസ്മരിപ്പിച്ച് ഐ.എം. വിജയന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം മറുവശത്തും. ലോകഫുട്‌ബോളിലെ ഇതിഹാസ താരങ്ങള്‍ നേര്‍ക്കുനേര്‍ പോരടിച്ച പ്രദര്‍ശന മത്സരത്തില്‍, ഐ.എം. വിജയന്‍ നേതൃത്വം നല്‍കിയ ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സിനെതിരെ റൊണാള്‍ഡിഞ്ഞോയും റിവാള്‍ഡോയും ഉള്‍പ്പെടെ അണിനിരന്ന ബ്രസീല്‍ ലെജന്‍ഡ്‌സ് ടീമിന് വിജയം.
35 മിനിറ്റ് വീതമുള്ള രണ്ടു പകുതികളാക്കി തിരിച്ചുനടത്തിയ മത്സരത്തില്‍ 2-1നാണ് ബ്രസീല്‍ ഇന്ത്യയെ വീഴ്ത്തിയത്. 43ാം മിനിറ്റില്‍ വിയോള, 63ാം മിനിറ്റില്‍ റിക്കാര്‍ഡോ ഒലിവേര എന്നിവരാണു ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. 44ാം മിനിറ്റില്‍ ബിബിയാനോ ഫെര്‍ണാണ്ടസ് ഇന്ത്യയുടെ ആശ്വാസഗോള്‍ നേടി.