പുനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തോല്‍വി വഴങ്ങി ഇന്ത്യ ടെസ്റ്റ് പരമ്പര അടിയറ വച്ചു. ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പരയെന്ന നേട്ടം സ്വന്തമാക്കി. ഇന്ത്യ 12 വര്‍ഷത്തിനു ശേഷം സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര കൈവിട്ടു. രണ്ടാം ടെസ്റ്റില്‍ 113 റണ്‍സിന്റെ ജയമാണ് ന്യൂസിലന്റ് നേടിയത്. ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലന്‍ഡ് 2-0ത്തിനു നേടി.
359 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ പോരാട്ടം 245 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡ് 259 റണ്‍സും രണ്ടാം ഇന്നിങ്സില്‍ അവര്‍ 255 റണ്‍സും നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 156 റണ്‍സില്‍ അവസാനിച്ചിരുന്നു.
ഒന്നാം ഇന്നിങ്സില്‍ 7 വിക്കറ്റുകള്‍ വീഴ്ത്തിയ കിവി സ്പിന്നര്‍ മിച്ചല്‍ സാന്റ്നര്‍ രണ്ടാം ഇന്നിങ്സിലും മികവ് തുടര്‍ന്നു. താരം 6 വിക്കറ്റുകള്‍ നേടി. രണ്ടിന്നിങ്സിലുമായി താരം 13 വിക്കറ്റുകള്‍ കൊയ്തു.
2 വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയില്‍ നിന്നു ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സിലേക്ക് വീണു. ഇന്ത്യക്കായി യശസ്വി ജയ്സ്വാള്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. താരം 65 പന്തില്‍ 9 ഫോറും 3 സിക്സും സഹിതം 77 റണ്‍സ് കണ്ടെത്തി.രോഹിത് ശര്‍മ 8 റണ്‍സുമായി മടങ്ങി. ശുഭ്മാന്‍ ഗില്‍ (23), വിരാട് കോഹ്ലി (17), ഋഷഭ് പന്ത് (0), വാഷിങ്ടന്‍ സുന്ദര്‍ (21), സര്‍ഫറാസ് ഖാന്‍ (9), ആര്‍ അശ്വിന്‍ (18), ആകാശ് ദീപ് (1) എന്നിവരെല്ലാം അധികം ക്രീസില്‍ നില്‍ക്കാതെ മടങ്ങിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. രവീന്ദ്ര ജഡേജ 42 റണ്‍സുമായി ഒരറ്റത്ത് പൊരുതിയതിനാല്‍ സ്‌കോര്‍ 200 കടന്നു.
രണ്ടാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡ് 255 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ടോം ലാതം ആണ് ടോപ്പ് സ്‌കോറര്‍. കിവി ക്യാപ്റ്റന്‍ 86 റണ്‍സ് കണ്ടെത്തി. ലാതം ഫോമിലേക്ക് മടങ്ങിയെത്തി ടീമിനെ മുന്നില്‍ നിന്നു നയിച്ചു. താരത്തിനു അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി. ലാതം 86 റണ്‍സുമായി മടങ്ങി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണപ്പോഴും ഒരറ്റം കാത്ത് നിര്‍ണായക ബാറ്റിങുമായി ലാതം കളം വാണു. 133 പന്തുകള്‍ നേരിട്ട് താരം 10 ഫോറുകളും തൂക്കിയാണ് 86ല്‍ എത്തിയത്.
സ്‌കോര്‍ ഇന്ത്യാ 156/245. ന്യൂസിലന്റ് 255/259.