ജിദ്ദ– ആഗസ്റ്റ് 5 മുതൽ 17 വരെ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കാനിരിക്കുന്ന ഫിബാ ഏഷ്യ കപ്പ് 2025 ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ ടീമിന് ശക്തമായ പിന്തുണ നൽകണമെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ ആഹ്വാനം ചെയ്തു. ഇന്ത്യന്‍ ബാസ്‌കറ്റ്ബോളിന്റെ ശക്തിയും ആത്മവിശ്വാസവും ലോകത്തോട് പങ്കുവെക്കാനുള്ള ഈ അവസരത്തിൽ, ഇന്ത്യൻ സമൂഹം ഐക്യത്തോടെ ടീമിനൊപ്പം നിൽക്കണമെന്നും അദ്ദേഹത്തിന്റെ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
“അറീനയാകെ അഭിമാനവും ഊർജവും നിറച്ചുകൊണ്ട് ഇന്ത്യൻ ടീമിന് പിന്തുണ നൽകൂ. നമ്മുടെ കായികശക്തി ലോകത്തെ കാണിക്കാനുള്ള സുവർണ അവസരമാണിത്, ത്രിവർണ്ണ പതാക വാനോളം ഉയരട്ടെ” എന്നാണ് കോൺസുൽ ജനറലിന്റെ ആഹ്വാനം.
ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ:
ജോർഡാൻ vs ഇന്ത്യ – ഓഗസ്റ്റ് 5, ഉച്ച കഴിഞ്ഞ് 2:00 മണിക്ക്
ഇന്ത്യ vs ചൈന – ഓഗസ്റ്റ് 7, രാവിലെ 11:00 മണിക്ക്
ഇന്ത്യ vs സൗദി അറേബ്യ – ഓഗസ്റ്റ് 9, വൈകിട്ട് 6:00 മണിക്ക്
ജിദ്ദയിലേയും സമീപപ്രദേശങ്ങളിലേയും ഇന്ത്യൻ പ്രവാസികൾ മത്സരങ്ങള്‍ കാണാനും, ടീമിന് പ്രചോദനം പകരാനുമായി സ്റ്റേഡിയത്തിലേക്ക് എത്തണമെന്നും ഇന്ത്യന്‍ കോൺസുലേറ്റ് അറിയിച്ചു.
ഫിബാ ഏഷ്യ കപ്പ് ഏഷ്യൻ ബാസ്ക്കറ്റ്ബോൾമേഖലയിൽ ഏറ്റവും പ്രധാനമായ ടൂർണമെന്റുകളിലൊന്നാണ്. ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ ബാസ്ക്കറ്റ്ബോൾ കഴിവ് തെളിയിക്കാൻ ടീം ഇന്ത്യക്ക് ഇത് വലിയ അവസരമായി മാറും.