ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാലു ഗോളിന് മുക്കിയ ആർസനലിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം ഗ്രൗണ്ടിൽ സമനില. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ബ്രെന്റ്‌ഫോഡ് ആണ് ഗണ്ണേഴ്‌സിനെ 1-1 ൽ പൂട്ടിയത്. 61-ാം മിനുട്ടിൽ മിഡ്ഫീൽഡർ തോമസ് പാർട്ടിയിലൂടെ ആർസനൽ മുന്നിലെത്തിയെങ്കിലും 74-ാം മിനുട്ടിൽ യോനെ വിസ്സ സന്ദർശകരെ ഒപ്പമെത്തിച്ചു. അഞ്ച് മത്സരങ്ങൾക്കിടെ ലീഗിൽ മൈക്കൽ അർടേറ്റയുടെ സംഘം വഴങ്ങുന്ന മൂന്നാമത്തെ സമനിലയാണിത്. ഇതോടെ ലീഗിലെ ലീഡർമാരായ ലിവർപൂളുമായുള്ള ഗണ്ണേഴ്‌സിന്റെ പോയിന്റ് വ്യത്യാസം 10 ആയി. നാളെ വെസ്റ്റഹാമിനെ നേരിടുന്ന ലിവർപൂളിന് ജയം കാണാനായാൽ 13 പോയിന്റ് ലീഡാകും.
അതേസമയം, കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനെ രണ്ടിനെതിരെ അഞ്ചു ഗോളിന് തകർത്തു. എട്ടാം മിനുട്ടിൽ എബറഷിയും 21-ാം മിനുട്ടിൽ ക്രിസ് റിച്ചാർഡ്‌സും ക്രിസ്റ്റൽ പാലസിനു വേണ്ടി ഗോളടിച്ച് ഞെട്ടിച്ചെങ്കിലും സിറ്റി ശക്തമായി തിരിച്ചെത്തുകയായിരുന്നു. സീസൺ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ച കെവിൻ ഡിബ്രുയ്‌നെയാണ് 33-ാം മിനുട്ടിൽ തിരിച്ചടിക്ക് തുടക്കമിട്ടത്. 36-ാം മിനുട്ടിൽ ഒമർ മർമൂഷ് സമനില ഗോൾ നേടി. മാത്യു കൊവാചിച് (47), ജെയിംസ് മക്കാറ്റീ (56), നിക്കോ ഓറിലി (79) എന്നിവരും നീലപ്പടക്കു വേണ്ടി ലക്ഷ്യം കണ്ടപ്പോൾ ആദ്യത്തെ അരമണിക്കൂറിൽ പാലസ് കണ്ട സ്വപ്‌നം വൃഥാവിലായി.
സതാംപ്ടണെ അവരുടെ ഗ്രൗണ്ടിൽ എതിരില്ലാതെ മൂന്നു ഗോളിന് തകർത്ത് ആസ്റ്റൻവില്ലയും കരുത്തുകാട്ടി. രണ്ടാം പകുതിയിൽ ഒലി വാറ്റ്കിൻസ് (73), ഡോനിൽ മാലൻ (79), ജോൺ മക്ഗിൻ (94) എന്നിവരാണ് സ്‌കോർ ചെയ്തത്. മറ്റൊരു മത്സരത്തിൽ ബ്രെയ്റ്റനും ലെസ്റ്റർ സിറ്റിയും 2-2 സമനിലയിൽ പിരിഞ്ഞു.