റിയാദ്: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാണാന്‍ ആരാധകന്‍ 13,000 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി സൗദിയിലെത്തി. ചൈനീസ് ആരാധകനായ 24 കാരന്‍ താരത്തെ കാണാന്‍ ചൈനയില്‍ നിന്ന് ഏഴുമാസം സൈക്കിള്‍ ചവിട്ടിയാണ് സൗദിയിലെത്തിയത്. മാര്‍ച്ച് 18ന് ആരംഭിച്ച യാത്ര ഒക്ടോബര്‍ 20നാണ് സൗദിയിലെ അല്‍ നസര്‍ ഫുട്‌ബോള്‍ ക്ലബ്ബിന് മുന്നിലെത്തിയത്. സിന്‍ചിയാങില്‍ നിന്ന് കസാഖിസ്ഥാനിലെത്തി. പിന്നീട് ആറുരാജ്യങ്ങള്‍ കടന്നാണ് ഗോങ് സൗദിയിലെത്തിയത്.
ജോര്‍ജിയ, ഇറാന്‍, ഖത്തര്‍ തുടങ്ങി ആറു രാജ്യങ്ങളിലൂടെ സൈക്കിള്‍ ചവിട്ടിയാണ് റൊണാള്‍ഡോയുടെ നിലവിലെ താവളമായ സൗദി തലസ്ഥാനമായ റിയാദില്‍ ഗോങ് എത്തിയത്. ഒട്ടേറെ തടസങ്ങള്‍ യാത്രക്കിടെ ഗോങ്ങിന് നേരിടേണ്ടിവന്നു. ഫെബ്രുവരിയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചൈനയിലേക്കുള്ള യാത്ര റൊണാള്‍ഡോ റദ്ദാക്കിയതിന് പിന്നാലെയാണ് റിയാദിലേക്ക് സൈക്കിള്‍ ചവിട്ടുക എന്ന ആശയം ഗോങ്ങിന്റെ തലയിലുദിച്ചത്.
വിവര്‍ത്തന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ആളുകളുമായി സംസാരിച്ചു. ഓഗസ്റ്റില്‍ അര്‍മേനിയയിലായിരിക്കെ കടുത്ത പനി ബാധിച്ച് റോഡരികില്‍ കുഴഞ്ഞുവീണു. ആശുപത്രിയില്‍ സൗജന്യ ചികിത്സ ലഭിച്ചതായി അദ്ദേഹം പറയുന്നു. ചൈനയില്‍ നിന്ന് സൗദിയിലേക്കുള്ള ദുഷ്‌കരമായ യാത്ര ഗോങ്ങിനെ കൂടുതല്‍ പക്വതയും ക്ഷമയും ഉള്ളവനാക്കിയെന്ന് ഇയാള്‍ പറയുന്നു. ഒക്ടോബര്‍ 10 ന് റിയാദിലെത്തിയപ്പോള്‍, റൊണാള്‍ഡോ യൂറോപ്പില്‍ ആയിരുന്നതിനാല്‍ തന്റെ ആരാധനാപാത്രത്തെ കാണാന്‍ കുറച്ച് ദിവസം കാത്തിരിക്കേണ്ടി വന്നു. അല്‍ നാസര്‍ എഫ്സി സ്റ്റാഫ് സഹകരിച്ചതിനാല്‍ ഒരു മിനിറ്റ് റൊണാള്‍ഡോയെ കാണാന്‍ സാധിച്ചതായും ഗോങ് പറയുന്നു.