ജിദ്ദ– കഴിഞ്ഞ സീസണിൽ കൈവിട്ട കീരിടം തിരിച്ചുപിടിക്കാനായി ലിവർപൂൾ സൂപ്പർ താരത്തെ ടീമിൽ എത്തിച്ച് സൗദി ക്ലബായ അൽഹിലാൽ. ഉറുഗ്വേൻ സ്ട്രൈക്കറായ ഡാർവിൻ നുനെസിനെ മൂന്നു വർഷത്തെ കരാറിലാണ് ടീമിൽ എത്തിച്ചിരിക്കുന്നത്. 2022 മുതൽ ലിവർപൂളിന് വേണ്ടി പന്തു തട്ടുന്ന നുനെസിനായി എകദേശം 53 മില്യൺ യൂറോയാണ് ഹിലാൽ ചെലവാക്കിയിരിക്കുന്നത്.
ക്ലബ് ഉടൻ തന്നെ ഔദ്യോഗികമായി അറിയിക്കും. സ്‌ട്രൈക്കർ റോളിൽ കളിക്കുന്ന നുനെസ് ലിവർപൂളിനായി 40 ഗോളുകൾ നേടിയിട്ടുണ്ട്. ഉറുഗ്വേൻ ക്ലബ്ബായ അത്‌ലറ്റിക്കോ പെനറോളിലൂടെ കരിയർ തുടങ്ങിയ ഡാർവിൻ നുനെസ് പിന്നീട് സ്പാനിഷ് ക്ലബ്ബായ അൽമേരിയ,പോർച്ചുഗീസ് ക്ലബ്ല് ബെൻഫിക്ക എന്നിവർക്ക് വേണ്ടിയും ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്.
2019ൽ ഉറുഗ്വേ ദേശീയ ടീമിന് വേണ്ടി അരങ്ങേറിയ താരം നിലവിൽ ടീമിന്റെ പ്രധാന സ്‌ട്രൈക്കറാണ്. 35 മത്സരങ്ങൾ നിന്ന് 13 ഗോളുകളാണ് നുനെസ് നേടിയിരിക്കുന്നത്.വരും സീസണുകളിൽ ഡാർവിൻ നുനെസ് ടീമിന് ഒരു മുതൽക്കൂട്ടാകും എന്ന് തന്നെയാണ് ഹിലാൽ ആരാധകരുടെ പ്രതീക്ഷ.