മുംബൈ: തന്റെ മകന്റെ ക്രിക്കറ്റ് കരിയര്‍ നശിപ്പിച്ചത് ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയാണെന്ന് മുന്‍ ക്രിക്കറ്റര്‍ യോഗ്‌രാജ് സിങ് ദിവസങ്ങള്‍ക്ക് മുന്നേ പ്രസ്താവിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും മറ്റൊരു വിവാദ പ്രസ്താവനയുമായാണ് യുവരാജ് സിങിന്റെ പിതാവ് കൂടിയായ യോഗ്‌രാജ് രംഗത്തെത്തിയത്. ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റന്‍ കപില്‍ദേവിനേക്കാള്‍ ട്രോഫികള്‍ തന്റെ മകന്‍ നേടിയിട്ടുണ്ടെന്നാണ് യോഗ്‌രാജ് പറയുന്നത്. യുവരാജിന്റെ വിജയത്തിലൂടെ കപില്‍ദേവിനോട് താന്‍ പ്രതികാരം ചെയ്തതായും അദ്ദേഹം ഒരു യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്റെ മകന് 13 ട്രോഫികളുണ്ട്. കപിലിന് ഒന്നേ ഉള്ളൂ. ഇത് തന്റെ പ്രതികാരമെന്നാണ് യോഗ് രാജിന്റെ വ്യാഖ്യാനം.
കപില്‍ദേവിന്റെ സഹതാരമായിരുന്നു യോഗ്‌രാജ്. ആ കാലത്തെ മികച്ച ക്യാപ്റ്റനായിരുന്നു കപില്‍ദേവ്. ലോകമാകെ ശപിക്കുന്ന നിലയിലേക്ക് നിങ്ങളെ എത്തിക്കും. ലോകം നിങ്ങളുടെ മേല്‍ തുപ്പുമെന്നും യോഗ്‌രാജ് കപിലിനോട് പറഞ്ഞിരുന്നു.1981 കാലഘട്ടത്തില്‍ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കയിത് കപില്‍ ആണെന്നാണ് യോഗ്‌രാജിന്റെ ആരോപണം. യോഗ് രാജിന്റെ പ്രസ്താവനയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ഇന്ത്യയ്ക്കായി ആകെ ഏഴ് മല്‍സരങ്ങള്‍ കളിച്ച മുന്‍ താരമാണ് യോഗ്‌രാജ്. ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനയെയും പഞ്ചാബിനെയും പ്രതിനിധീകരിച്ചിരുന്നു. ധോണി ഇടപെട്ടില്ലായിരുന്നെങ്കില്‍ യുവരാജ് സിങ് 4-5വര്‍ഷം കൂടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരുമായിരുന്നു എന്നാണ് യോഗ് രാജ് ദിവസങ്ങള്‍ക്ക് മുന്നേ പറഞ്ഞത്. ധോണിയോട് താന്‍ ഒരിക്കലും ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരേ ധോണി പ്രതികരിച്ചിരുന്നില്ല. മുമ്പ് പലതവണ യോഗ് രാജ് ധോണിക്കെതിരേ രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടര്‍ ആയിരുന്നു യുവാരാജ് സിങ്. എന്നാല്‍ താരം പെട്ടെന്ന് കളം വിടുകയായിരുന്നു.