ദുബായ്: വനിതാ ട്വന്റി -20 ലോകകപ്പ് വേദിയില്‍ മാറ്റം. നേരത്തെ ബംഗ്ലാദേശില്‍ നിശ്ചയിച്ച ടൂര്‍ണ്ണമെന്റ് യുഎഇയിലാണ് നടക്കുക. ബംഗ്ലാദേശ് ആതിഥേയത്വത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുഎഇക്ക് നറുക്ക് വീണത്. രാജ്യത്തെ അടുത്തിടെയായി നടന്നുകൊണ്ടിരിക്കുന്ന സംഘാര്‍ഷാവസ്ഥയെ തുടര്‍ന്നാണ് ബംഗ്ലാദേശ് നടത്തിപ്പില്‍ നിന്ന് പിന്മാറിയത്. യുഎഇക്ക് പുറമെ ശ്രീലങ്ക, സിംബാബ്വെ എന്നീ രാജ്യങ്ങളേയു വേദിയായി പരിഗണിച്ചിരുന്നു. എന്നാല്‍ യുഎഇയെ തിരഞ്ഞെടുക്കുകയായിരുന്നു.
നേരത്തെ ഇന്ത്യയെ വേദിയാക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.വേദി ഒരുക്കാന്‍ ആവില്ലെന്ന് കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയെ ഐസിസി ഒഴിവാക്കുകയായിരുന്നു. ഒക്ടോബര്‍ മൂന്ന് മുതല്‍ 20 വരെയാണ് വനിത ട്വന്റി- 20 ലോകകപ്പ് നടക്കേണ്ടത്.
ബംഗ്ലാദേശിലെ അസ്വസ്ഥതകള്‍ക്കിടയില്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് സൈനിക മേധാവിയില്‍ നിന്ന് ബിസിബി അനുമതി തേടിയിരുന്നു. വനിതാ ട്വന്റി-20 ലോകകപ്പ് രണ്ട് നഗരങ്ങളിലായിട്ടാണ് നടക്കേണ്ടിയിരുന്നത്. സില്‍ഹെറ്റ്, മിര്‍പൂര്‍ എന്നിവയായിരുന്നു വേദികള്‍. സന്നാഹ മത്സരങ്ങള്‍ സെപ്റ്റംബര്‍ 27ന് ആരംഭിക്കേണ്ടിയിരുന്നത്.