മൊഹാലി: ഇന്ത്യന്‍ വംശജനായ അയര്‍ലന്റിന്റെ ദേശീയ താരമാണ് സിമി സിങ്. ഓള്‍ റൗണ്ടറായ സിമി സിങ് അയര്‍ലന്റിനായി 35 ഏകദിനങ്ങളും 53 ട്വന്റി-20 മല്‍സരങ്ങളും കളിച്ച ഓള്‍ റൗണ്ടറാണ്. എന്നാല്‍ 37കാരനായ താരം ഇപ്പോള്‍ കരള്‍ രോഗത്തിന് അടിമപ്പെട്ട് ജീവിക്കാനായി പോരാടുകയാണ്.
മൊഹാലിയില്‍ ജനിച്ച സിമി സിങ് പഞ്ചാബിന്റെ അണ്ടര്‍ 14, 17 ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. 2006ല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാന്‍ അയര്‍ലന്റിലെത്തിയ താരം ഡബ്ലിനിലെ ക്രിക്കറ്റ് ക്ലബ്ബില്‍ ചേരുകയായിരുന്നു. പിന്നീടുള്ള വളര്‍ച്ചയും അയര്‍ലന്റ് ദേശീയ ടീമിലേക്കുള്ള വരവും പെട്ടെന്നായിരുന്നു.
അയര്‍ലന്റിനായി 39 ഏകദിന വിക്കറ്റുകളും 44 ട്വന്റി-20 വിക്കറ്റുകളും നേടി താരം തിളങ്ങി. 2021ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏകദിന സെഞ്ചുറിയും താരം സ്വന്തമാക്കിയിരുന്നു.
ആറ് മാസം മുമ്പാണ് താരത്തിന് പെട്ടെന്ന് പനി ബാധിച്ചത്. ദിവസങ്ങളോളം താരത്തിന് വിട്ടുമാറാത്ത പനി ബാധിക്കുകയായിരുന്നു. അയര്‍ലന്റില്‍ പല ടെസ്റ്റുകളും നടത്തിയെങ്കിലും സിമിയുടെ രോഗം കണ്ടെത്താനോ പനി മാറാനോ സാധിച്ചില്ല. തുടര്‍ന്നാണ് താരം ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്.ആഴ്ചകള്‍ നീണ്ട ടെസ്റ്റുകള്‍ക്കൊടുവിലാണ് സിമിയുടെ രോഗം കണ്ടെത്തിയത്.
കരളിനെ ബാധിക്കുന്ന അപൂര്‍വ്വ രോഗമാണ് താരത്തിന് ബാധിച്ചത്. ഉടന്‍ കരള്‍ മാറ്റിവയ്ക്കാത്ത പക്ഷം താരം കോമയിലേക്ക് നീങ്ങുമെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്. സിമിയുടെ ഭാര്യ അംഗംദീപ് കൗറാണ് ഭര്‍ത്താവിനായി കരള്‍ നല്‍കുന്നത്. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തി സിമി പഴയ ഫോമിലേക്ക് തിരിച്ചുവരുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ .