ജയ്പ്പൂര്‍: വെറുമൊരു 14കാരന്‍. നേരിടുന്നത് ലോകോത്തര ബൗളര്‍മാരെയാണെന്ന ഒരു ഭാവവും അവനുണ്ടായിരുന്നില്ല. തലങ്ങും വിലങ്ങും സിക്‌സറുകളും ബൗണ്ടറികളും കൊണ്ട് ആറാട്ട്. അതെ, വൈഭവ് സൂര്യവംശി എന്ന പുതിയൊരു സൂപ്പര്‍ താരം ലോകക്രിക്കറ്റില്‍ ഉദയം ചെയ്തിരിക്കുന്നു. അതും ഒരൊന്നൊന്നര സെഞ്ച്വറിയിലൂടെ. തുടര്‍തോല്‍വികളുമായി തകര്‍ന്നടിഞ്ഞ രാജസ്ഥാന്‍ സംഘത്തിന് ആശ്വാസജയം സമ്മാനിച്ചു പുതിയ ജീവന്‍ പകര്‍ന്നിരിക്കുകയാണ് വൈഭവും(101), യശസ്വി ജയ്‌സ്വാളും(70). കരുത്തരായ ഗുജറാത്തിനെ 25 പന്ത് ബാക്കിനില്‍ക്കെയാണ് ആതിഥേയര്‍ എട്ടു വിക്കറ്റിനു തകര്‍ത്തത്. ശുഭ്മന്‍ ഗില്ലിന്റെയും((84), ജോസ് ബട്‌ലറിന്റെയും(50) അര്‍ധസെഞ്ച്വറികളാണ് വൈഭവ് താണ്ഡവത്തില്‍ അപ്രസക്തമായിപ്പോയത്. വന്‍ വിജയത്തോടെ തങ്ങളുടെ പ്ലേഓഫ് സാധ്യതകള്‍ അസ്തമിച്ചിട്ടില്ലെന്നു പ്രഖ്യാപിക്കുക കൂടിയാണ് രാജസ്ഥാന്‍ ചെയ്തിരിക്കുന്നത്. ഗുജറാത്ത് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങുകയും ചെയ്തു.
ഗില്ലും ബട്‌ലറും ചേര്‍ന്ന് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ രാജസ്ഥാന്‍ ആരാധകരുടെയെല്ലാം മനസില്‍ ആ രണ്ടുപേര്‍ മാത്രമായിരിക്കും നിറഞ്ഞുനിന്നത്. വൈഭവും ജയ്‌സ്വാളും. പവര്‍പ്ലേ മുതല്‍ ആഞ്ഞടിച്ച് ഇരുവരും ടീമിനെ മികച്ച റണ്‍റേറ്റില്‍ നല്ല സ്‌കോറിലേക്ക് എത്തിക്കും. അവര്‍ ഔട്ടൗയിപ്പോയാല്‍ പിന്നീട് വന്നവരെല്ലാം ചേര്‍ന്ന് അനായാസം ജയിക്കാമായിരുന്ന മത്സരം തുലച്ചുകളയും. കഴിഞ്ഞ കുറച്ചു മത്സരങ്ങളായുള്ള പതിവുകാഴ്ചയായിരുന്നു അത്.
എന്നാല്‍, ഇന്ന് വൈഭവും ജയ്‌സ്വാളും ചേര്‍ന്ന് സ്വന്തമായങ്ങുതന്നെ എതിരാളികളെ തീര്‍ത്തേക്കാം എന്ന് നോമ്പുനോറ്റ് ഇറങ്ങിയ പോലെയായിരുന്നു ഗ്രൗണ്ടില്‍. ഇന്ത്യന്‍ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് സിറാജിനെയും പരിചയസമ്പന്നനായ വെറ്ററന്‍ താരം ഇശാന്ത് ശര്‍മയെയും പ്രസിദ് കൃഷ്ണയെയുമെല്ലാം മൈതാനത്തിന്റെ നാലുഭാഗത്തേക്കും അടിച്ചുപറത്തുകയായിരുന്നു വൈഭവ്. വലിയ ടോട്ടല്‍ ഉയര്‍ത്തിയ ആത്മവിശ്വാസവുമായി ഫീല്‍ഡില്‍ ഇറങ്ങിയ ഗുജറാത്ത് പിന്നീട് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. താല്‍ക്കാലിക ക്യാപ്റ്റന്‍ റാഷിദ് ഖാനും ബാക്കി 10 താരങ്ങളും തലയില്‍ കൈവച്ചു നിസ്സഹായരായി മൈതാനത്ത് നില്‍ക്കുന്ന കാഴ്ചയാണു പിന്നീട് കണ്ടത്.
സിക്‌സര്‍ മഴയുമായി ആ കൗമാരക്കാരന്‍ തകര്‍ത്താടിയപ്പോള്‍ മികച്ച ടച്ചിലുണ്ടായിരുന്ന ജയ്‌സ്വാള്‍ മറ്റൊരു എന്‍ഡില്‍ കാഴ്ചക്കാരനായി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ആറ് ഓവര്‍ അവസാനിക്കുമ്പോള്‍ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡില്‍ ഉയര്‍ത്തിയത് 87 റണ്‍സാണ്. ഇശാന്തിന്റെ ഒരു ഓവറില്‍ അടിച്ചെടുത്ത 30 റണ്‍സും അതില്‍ ഉള്‍പ്പെടും.
പവര്‍പ്ലേയില്‍ തന്നെ 17 പന്തില്‍ അര്‍ധസെഞ്ച്വറിയും പിന്നിട്ടു വൈഭവ്. പവര്‍പ്ലേ കഴിഞ്ഞിട്ടും അയാളെ തടഞ്ഞുനിര്‍ത്താന്‍ റാഷിദ് ഖാനും സംഘത്തിനുമായില്ല. ഒടുവില്‍ 35-ാം പന്തില്‍ ചരിത്രത്തിലേക്കു സിക്‌സര്‍ പറത്തി വൈഭവ് സെഞ്ച്വറി കുറിച്ചു. ടി20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞയാളെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ഐപിഎല്ലിലെ അതിവേഗ സെഞ്ച്വറിക്കാരില്‍ ഇതിഹാസ താരം ക്രിസ് ഗെയിലിനു തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തും എത്തി.
സെഞ്ച്വറിക്കു പിന്നാലെ പ്രസിദ് കൃഷ്ണ താരത്തെ ക്ലീന്‍ ബൗള്‍ഡാക്കിയെങ്കിലും അപ്പോഴേക്കും രാജസ്ഥാന്‍ സ്‌കോര്‍ 11.5 ഓവറില്‍ 166 റണ്‍സ് പിന്നിട്ടിരുന്നു. 38 പന്ത് നേരിട്ട് 11 സിക്‌സറും ഏഴ് ബൗണ്ടറിയും അടിച്ചുപറത്തി 101 റണ്‍സെടുത്താണു താരം നിറഞ്ഞ കരഘോഷത്തിന്റെ പശ്ചാത്തലത്തില്‍ പവലിയനിലേക്കു തിരിച്ചുനടന്നത്.
വൈഭവ് പോയതോടെ എത്രയും പെട്ടെന്ന് കളി തീര്‍ക്കാനുള്ള തിരക്കിലായിരുന്നു ജയ്‌സ്വാളും ക്യാപ്റ്റന്‍ റിയാന്‍ പരാഗും. വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ 16-ാമത്തെ ഓവറിലെ അഞ്ചാം പന്ത് സിക്‌സര്‍ പറത്തി പരാഗ് വിജയറണ്‍ കുറിക്കുകയും ചെയ്തു. ജയ്‌സ്വാള്‍ 40 പന്തില്‍ രണ്ട് സിക്‌സറും ഒന്‍പതു ബൗണ്ടറിയും സഹിതം 70 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പരാഗ് 15 പന്തില്‍ രണ്ടുവീതം സിക്‌സറും ബൗണ്ടറിയുമായി 32 റണ്‍സുമെടുത്തു.
നേരത്തെ, ടോസ് നഷ്ടമായിട്ടും മികച്ച ടോട്ടലാണ് ഗുജറാത്ത് ഉയര്‍ത്തിയത്. ഒരിക്കല്‍കൂടി ഓപണിങ് കൂട്ടുകെട്ടില്‍ സായ് സുദര്‍ശനും(39) ശുഭ്മന്‍ ഗില്ലും നല്‍കിയ മികച്ച തുടക്കമാണു ടീമിനെ തുണച്ചത്. ജോസ് ബട്‌ലര്‍ മൂന്നാം നമ്പറിലിറങ്ങി പതിവ് ഫിനിഷിങ് ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തു. ഗില്‍ 50 പന്തില്‍ അഞ്ച് ബൗണ്ടറിയും നാല് സിക്‌സറും സഹിതം 84 റണ്‍സെടുത്തപ്പോള്‍ ബട്‌ലര്‍ വെറും 25 പന്ത് നേരിട്ട് നാല് സിക്‌സറും മൂന്ന് ബൗണ്ടറിയും പറത്തി 50 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.