ഗുവാഹത്തി– ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ എട്ട് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ബൗളർമാർ ഒരുക്കിയ തകർപ്പൻ അടിത്തറയിൽ വൈഭവ് സൂര്യവംശിയുടെ മിന്നൽ ബാറ്റിംഗ് കൂടിയായപ്പോൾ രാജസ്ഥാൻ വിജയം അനായാസമായി. ചെന്നൈ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം വെറും 12.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു.
ബർസപര സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് തുടക്കം മുതലേ പിഴച്ചു. സി.എസ്.കെ ജഴ്സിയിൽ അരങ്ങേറ്റത്തിനിറങ്ങിയ സഞ്ജു സാംസൺ (6) രണ്ടാം ഓവറിൽ തന്നെ നന്ദ്രെ ബർഗറിന് മുന്നിൽ കീഴടങ്ങി. തൊട്ടുപിന്നാലെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് (6), ആയുഷ് മാത്ര (0), മാത്യു ഷോർട്ട് (2) എന്നിവരും മടങ്ങിയതോടെ പവർപ്ലേയിൽ തന്നെ ചെന്നൈ തകർന്നു. മധ്യനിരയിൽ സർഫറാസ് ഖാനും (17) കാർത്തിക് ശർമ്മയും (18) അല്പം പൊരുതിയെങ്കിലും രവീന്ദ്ര ജഡേജയും ജോഫ്ര ആർച്ചറും ചെന്നൈയുടെ നട്ടെല്ലൊടിച്ചു. ഒടുവിൽ വാലറ്റത്ത് ജാമി ഓവർടോൺ നടത്തിയ പോരാട്ടമാണ് (36 പന്തിൽ 43) ചെന്നൈ സ്കോർ 127-ൽ എത്തിച്ചത്. രാജസ്ഥാനായി ബർഗർ, ആർച്ചർ, ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ചെറിയ സ്കോർ പിന്തുടർന്ന രാജസ്ഥാൻ അതിവേഗം കളി അവസാനിപ്പിക്കാനാണ് നോക്കിയത്. ഓപ്പണർ വൈഭവ് സൂര്യവംശി വെറും 15 പന്തിൽ അർധസെഞ്ചുറി തികച്ച് ചെന്നൈ ബൗളർമാരെ നിലംതൊടാൻ അനുവദിച്ചില്ല. 17 പന്തിൽ 52 റൺസെടുത്ത വൈഭവ് പുറത്താകുമ്പോഴേക്കും രാജസ്ഥാൻ വിജയത്തിനടുത്തെത്തിയിരുന്നു. 5 സിക്സറും 4 ഫോറും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. മറ്റൊരു ഓപ്പണറായ യശസ്വി ജയ്‌സ്വാൾ (38) പുറത്താകാതെ നിന്ന് ടീമിനെ വിജയതീരത്തെത്തിച്ചു. ധ്രുവ് ജുറൽ (18), റിയാൻ പരാഗ് (14) എന്നിവരും വിജയത്തിൽ പങ്കാളികളായി. ചെന്നൈക്കായി അൻഷൂൽ കാംബോജ് രണ്ട് വിക്കറ്റ് നേടി. പന്തുകൊണ്ടും ബാറ്റുകൊണ്ടും രാജസ്ഥാൻ ആധിപത്യം പുലർത്തിയ മത്സരത്തിൽ ചെന്നൈക്ക് മറുപടിയുണ്ടായിരുന്നില്ല.



