ബംഗളൂരു: റൊമാരിയോ ഷെഫേര്‍ഡിന്റെ എക്‌സ്‌പ്ലോസീവ് ഇന്നിങ്‌സ്. 17കാരന്‍ ആയുഷ് മാത്രേയുടെ കിടിലന്‍ ബാറ്റിങ്. ഇതില്‍ ഏതിന്റെ പേരില്‍ ഈ മത്സരം അറിയപ്പെടുമെന്നായിരുന്നു ചോദ്യം. ഒടുവില്‍, നാടകീയത നിറഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ ചിരി തെളിഞ്ഞത് ഷെഫേര്‍ഡിന്റെ മുഖത്തായിരുന്നു. ചിന്നസ്വാമിയില്‍ വെറും രണ്ടു റണ്‍സിനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയം. 11 മത്സരത്തില്‍നിന്ന് 16 പോയിന്‍റുമായി ടേബിള്‍ തലപ്പത്തുമെത്തി ബംഗളൂരു.
വിരാട് കോഹ്ലിയും(62) ജേക്കബ് ബെഥലും(55) നല്‍കിയ വെടിക്കെട്ട് അടിത്തറയ്ക്കുമേല്‍ കാലുറപ്പിച്ച്, വാലറ്റത്ത് ഷെഫേര്‍ഡ്(14 പന്തില്‍ 53) നടത്തിയ സംഹാരതാണ്ഡവത്തില്‍ ചെന്നൈ കടപുഴകി വീഴുകയായിരുന്നു. ഐ.പി.എല്ലിലെ രണ്ടാം അതിവേഗ അര്‍ധസെഞ്ച്വറിയും കുറിച്ചു കരീബിയന്‍ താരം. നിര്‍ണായകമായ ആ ഇന്നിങ്‌സിന്റെ ബലത്തില്‍ ബംഗളൂരു വിജയം കുറിച്ചപ്പോള്‍ വിഫലമായിപ്പോയത് മാത്രേയുടെ(94) സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സാണ്. നാലാമനായി ഇറങ്ങി ക്രീസില്‍ മികച്ച ടച്ചിലുണ്ടായിരുന്നിട്ടും രവീന്ദ്ര ജഡേജയ്ക്ക്(65) മത്സരം ഫിനിഷ് ചെയ്യാനുമായില്ല.
അവസാന ഓവറില്‍ ജയിക്കാന്‍ 15 റണ്‍സ് മാത്രമായിരുന്നു ചെന്നൈയ്ക്കു വേണ്ടിയിരുന്നത്. പന്തെറിയുന്നത് യാഷ് ദയാല്‍ എന്ന യുവതാരം. ക്രീസില്‍ പരിചയസമ്പന്നരും ഫിനിഷിങ് മാസ്റ്റര്‍മാരുമായ എം.എസ് ധോണിയും രവീന്ദ്ര ജഡേജയും. സമ്മര്‍ദം ദയാലിനാണു സാധാരണ വരേണ്ടത്. എന്നാല്‍, ധോണിയെപ്പോലും നിരായുധനാക്കിക്കളഞ്ഞ ബൗളിങ് മികവില്‍ താരം മത്സരം ബംഗളൂരിന്റെ കൈപ്പിടിയിലൊതുക്കി.
214 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് ബാറ്റേന്തിയ ചെന്നൈയ്ക്ക് നിരാശപ്പെടുത്തിയാണു തുടങ്ങിയത്. ഓപണര്‍ ഷെയ്ഖ് റഷീദും(14) സാം കറനും(അഞ്ച്) അതിവേഗം മടങ്ങിയതോടെ ബംഗളൂരു മത്സരം അനായാസം പിടിമുറുക്കുമെന്ന് തോന്നിപ്പിച്ചതാണ്. എന്നാല്‍, പിന്നീടങ്ങോട്ട് ആ 17കാരന്റെ പകര്‍ന്നാട്ടമായിരുന്നു. മറ്റൊരറ്റത്ത് പരിചയസമ്പന്നനായ രവീന്ദ്ര ജഡേജ ഉറച്ച പിന്തുണയുമായി കൂടെനിന്നതോടെ ആയുഷ് മാത്രേ അനായാസം കളം നിറഞ്ഞാടി. 48 പന്ത് നേരിട്ട് ഒന്‍പത് ബൗണ്ടറിയും അഞ്ച് സിക്‌സറും പറത്തിയാണ് താരം 94 റണ്‍സെടുത്തത്. രവീന്ദ്ര ജഡേജ 36 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 65 റണ്‍സുമായും പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത സൂപ്പര്‍ കിങ്‌സിനെ കാഴ്ചക്കാരാക്കിയായിരുന്നു ബംഗളൂരു ഓപണര്‍മാരായ വിരാട് കോഹ്ലിയുടെയും ജേക്കബ് ബെഥലിന്റെയും ബാറ്റിങ് വിളയാട്ടം. സീസണിലുടനീളം പവര്‍പ്ലേയില്‍ മികച്ച റെക്കോര്‍ഡുള്ള ഖലീല്‍ അഹ്‌മദ് മുതല്‍ അന്‍ഷുല്‍ കാംബോജിനെയും നൂര്‍ അഹ്‌മദിനെയുമെല്ലാം ഗ്രൗണ്ടിന്റെ നാലു ഭാഗത്തേക്കും പറപറത്തുകയായിരുന്നു ഇരുവരും. ബെഥല്‍ ക്ലാസി ബൗണ്ടറികളും സിക്‌സറുകളും പറത്തി കളം വാണപ്പോള്‍ സിക്‌സര്‍ കൊണ്ട് തകര്‍ത്താടുകയായിരുന്നു കോഹ്ലി. പവര്‍പ്ലേയില്‍ 71 റണ്‍സാണ് ആര്‍.സി.ബി ഓപണര്‍മാര്‍ അടിച്ചെടുത്തത്.
ഒടുവില്‍ സീസണില്‍ ആദ്യമായി മതീഷാ പതിരാനയെ ചെന്നൈ നായകന്‍ എം.എസ് ധോണി ആദ്യ പത്ത് ഓവറിനുള്ളില്‍ പന്തേല്‍പിച്ചു. ആ നീക്കം ഫലം കാണുകയും ചെയ്തു. പതിരാനയുടെ ഓഫ് പേസ് പന്ത് ലെഗ് സൈഡിലേക്ക് തൂക്കിയടിച്ച ബെഥലിനെ കിടിലന്‍ ക്യാച്ചിലൂടെ ഡിവാല്‍ഡ് ബ്രെവിസ് പിടികൂടി. സ്‌കോര്‍ബോര്‍ഡില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഓപണിങ് സഖ്യം പിരിഞ്ഞത്. 33 പന്ത് നേരിട്ട് എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 55 റണ്‍സെടുത്താണ് ബെഥല്‍ മടങ്ങിയത്.
തകര്‍പ്പന്‍ ഫോമിലായിരുന്ന കോഹ്ലി തൊട്ടുപിന്നാലെ സാം കറനും വീഴ്ത്തി. സ്ലോവര്‍ ബംപറിന് ബാറ്റ് വച്ചുകൊടുത്ത സൂപ്പര്‍ താരത്തെ ബാക്ക്‌വാര്‍ഡ് പോയിന്റില്‍ ഖലീല്‍ അഹ്‌മദ് പുഷ്പം പോലെ കൈയിലൊതുക്കി. 33 പന്തില്‍ അഞ്ചുവീതം ബൗണ്ടറിയും സിക്‌സറും പറത്തിയാണ് കോഹ്ലി മടങ്ങിയത്.
വന്‍ ടോട്ടലിലേക്കു കുതിച്ച മത്സരം ഇതോടെ ചെന്നൈ ബൗളര്‍മാര്‍ തിരിച്ചുപിടിച്ചു. കിടിലന്‍ സ്‌പെല്ലുകളുമായി വന്‍ തിരിച്ചുവരവ് നടത്തിയ പതിരാന ദേവ്ദത്ത് പടിക്കലിനെയും ക്യാപ്റ്റന്‍ രജത് പട്ടിദാറിനെയും നൂര്‍ അഹ്‌മദ് ജിതേഷ് ശര്‍മയെയും അതിവേഗം തിരിച്ചയച്ചതോടെ ഗാലറിയില്‍ തിങ്ങിനിറഞ്ഞ ആര്‍.സി.ബി ആരാധകര്‍ തലയില്‍ കൈവച്ചു. 18-ാം ഓവറില്‍ ബംഗളൂരു അഞ്ചിന് 157.
എന്നാല്‍, പിന്നീടായിരുന്നു മത്സരം കാത്തുവച്ച ബാറ്റിങ് വിസ്‌ഫോടനം വരാനിരുന്നത്. പെനല്‍ട്ടിമേറ്റ് ഓവര്‍ എറിഞ്ഞ ഖലീല്‍ അഹ്‌മദിനായിരുന്നു ആ ദുരന്തം ഏറ്റുവാങ്ങാനുള്ള വിധി. റൊമാരിയോ ഷെഫേര്‍ഡിന്റെ സംഹാരതാണ്ഡവമായിരുന്നു പിന്നീട്. ആദ്യ പന്ത് ഡീപ് മിഡ്‌വിക്കറ്റിനു മുകളിലൂടെ ഗാലറിയിലേക്ക്. അടുത്തത് ലോങ് ഓഫിലൂടെ വീണ്ടും ഗാലറി തൊട്ടു. മൂന്നാം പന്ത് ഔട്ട്‌സൈഡ് എഡ്ജായി ബൗണ്ടറിയിലേക്ക് തന്നെ. നാലാം പന്ത് വീണ്ടും സിക്‌സര്‍. അടുത്ത പന്ത് നോബൗളും സിക്‌സറും. അവസാന പന്ത് ബൗണ്ടറിയിലേക്ക് പറത്തി ഓവറില്‍ 33 റണ്‍സ് അടിച്ചെടുത്തു ഷെഫേര്‍ഡ്.
അടുത്ത ഊഴം അതുവരെയും നന്നായി പന്തെറിഞ്ഞ പതിരാനയുടേതായിരുന്നു. ആദ്യ പന്ത് ടിം ഡേവിഡ് സിംഗിളിട്ടു കൊടുത്തു. പിന്നീട് രണ്ടുവീതം ബൗണ്ടറിയും സിക്‌സറും പറത്തി ആതിഥേയര്‍ക്ക് വെടിക്കെട്ട് ഫിനിഷിങ് സമ്മാനിച്ചു കരീബിയന്‍ ഓള്‍റൗണ്ടര്‍. വെറും 14 പന്തില്‍ ഐ.പി.എല്ലിലെ അതിവേഗ രണ്ടാം ഹാഫ് സെഞ്ച്വറിയും കുറിച്ചു താരം. ആറ് സിക്‌സറും നാല് ബൗണ്ടറിയും അകമ്പടിയേകിയ ആ ഇന്നിങ്‌സിനു മുന്നില്‍ കൂറ്റനടിക്കാരനായ ടിം ഡേവിഡിനു പോലും കാഴ്ചക്കാരനായി നില്‍ക്കാനായിരുന്നു വിധി.