മഡ്രിഡ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കുടുതല്‍ തുടര്‍ ജയങ്ങള്‍ എന്ന റെക്കോഡിന് സ്‌പെയിന്‍ ക്രിക്കറ്റ് ടീം അര്‍ഹര്‍. ട്വന്റി-20 ലോകകപ്പ് യൂറോപ്പ് സബ് റീജിയനല്‍ ക്വാളിഫയര്‍ സി ഗ്രൂപ്പില്‍ ഗ്രീസിനെതിരെ ജയിച്ചതോടെയാണ് സ്പാനിഷ് ടീം പുതിയ നേട്ടം സ്വന്തമാക്കിയത്. ഗ്രീസിനെതിരേ ഏഴു വിക്കറ്റ് വിജയമാണ് നേടിയത്. സ്‌പെയിനിന്റെ തുടര്‍ച്ചയായ 14ാം വിജയമാണിത്. 2022ല്‍ തുടര്‍ച്ചയായി 13 വിജയങ്ങള്‍ നേടിയ മലേഷ്യയുടെ റെക്കോഡാണ് സ്‌പെയിന്‍ തകര്‍ത്തത്. ബെര്‍മൂഡയും മലേഷ്യയുടെ റെക്കോഡിനൊപ്പമുണ്ട്.
ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, റുമാനിയ എന്നീ ടീമുകളാണ് സംയുക്തമായി മൂന്നാം സ്ഥാനത്തുള്ളത്. 12 മത്സരങ്ങളിലാണ് ഈ ടീമുകള്‍ തുടര്‍ച്ചയായി ജയിച്ചത്. വനിതാ ക്രിക്കറ്റില്‍ തുടര്‍ച്ചയായി 17 വിജയങ്ങള്‍ കുറിച്ച് തായ്ലന്‍ഡ് വനിതാ ടീം സ്ഥാപിച്ച റെക്കോര്‍ഡ് തകര്‍ക്കുകയാണ് സ്‌പെയിനിന്റെ അടുത്ത ലക്ഷ്യം .