ചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. യശ്വസി ജയ്‌സ്വാള്‍ (56) ഒഴികെയുള്ള മുന്‍ നിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ തുണയായത് സെഞ്ചുറി നേടിയ അശ്വനും (102) അര്‍ദ്ധസെഞ്ചുറി നേടിയ ജഡേജയുമാണ്(86).ഇന്ന് കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് നേടിയിട്ടുണ്ട്.
108 പന്തില്‍ നിന്നാണ് അശ്വിന്റെ സെഞ്ച്വറി നേട്ടം. നാലുതവണ അതിര്‍ത്തികടത്തിയ അശ്വിന്‍ രണ്ട് സിക്സറുകളും പറത്തി. അശ്വിന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 86 റണ്‍സുമായി രവീന്ദ്ര ജഡേജയാണ് അശ്വിന്റെ കൂട്ട്. അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും അവസരോചിതമായ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ കരകയറ്റിയത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന നിലയില്‍ പരുങ്ങുന്ന ഘട്ടത്തിലാണ് ഇരുവരും ക്രീസില്‍ ഒരുമിച്ചത്.
ഏകദിനശൈലിയില്‍ ബാറ്റ് വീശിയാണ് ഇരുവരും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. ഓപ്പണര്‍ യശ്വസി ജയ്‌സ് വാളും അര്‍ധ സെഞ്ച്വറി നേടി. 118 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ യശ്വസി നാഹിദ് റാണയുടെ പന്തില്‍ കൂടാരം കയറി. ഇന്ത്യന്‍ ടോപ്പ് ഓര്‍ഡറില്‍ ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഇറങ്ങിയ ഋഷഭ് പന്ത് മാത്രമാണ് ഇവരെക്കൂടാതെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഋഷഭ് പന്ത് (52 പന്തില്‍ 39) റണ്‍സ് എടുത്ത് പുറത്തായി.
കെഎല്‍ രാഹുല്‍ (52 പന്തില്‍ 16), രോഹിത് ശര്‍മ (ആറ്), വിരാട് കോഹ് ലി (ആറ്), ശുഭ്മന്‍ ഗില്‍ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു ബാറ്റര്‍മാര്‍. 9.2 ഓവറില്‍ 34 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (19 പന്തില്‍ ആറ്), ശുഭ്മന്‍ ഗില്‍ (പൂജ്യം), വിരാട് കോഹ്ലി (ആറു പന്തില്‍ ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ സെഷനില്‍ തന്നെ നഷ്ടമായത്. പേസര്‍ ഹസന്‍ മഹ്‌മൂദിനാണു മൂന്നു വിക്കറ്റുകളും.