മുല്ലാന്‍പൂര്‍: ചിന്നസ്വാമിയില്‍ ജയം കിട്ടാക്കനിയാകുമ്പോഴും എവേ മത്സരങ്ങളിലെ വിജയക്കുതിപ്പ് തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. പഞ്ചാബ് ഹോംഗ്രൗണ്ടായ മുല്ലാന്‍പൂരില്‍ ചേസ് മാസ്റ്റര്‍ വിരാട് കോഹ്ലിയാണ് സന്ദര്‍ശകരെ വിജയതീരത്തേക്ക് നയിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 158 എന്ന വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിനാണ് ബംഗളൂരു മറികടന്നത്. കോഹ്ലി 73 റണ്‍സുമായി പുറത്താകാതെ നിന്നു.
പഞ്ചാബ് ഉയര്‍ത്തിയ ടോട്ടല്‍ ബംഗളൂരു അനാസായം പിന്തുടരുന്നാണ് ഇന്ന് കണ്ടത്. ഓപണര്‍ ഫില്‍ സാള്‍ട്ട് ഒരിക്കല്‍ കൂടി പരാജയമായെങ്കിലും ടീമിനെ കൂട്ടത്തകര്‍ച്ചയിലേക്കു വിടാരെ മറ്റൊരറ്റം കാക്കുകയായിരുന്നു കോഹ്ലി. ദേവ്ദത്ത് പടിക്കല്‍ അപാര ടച്ചോടെ നിറഞ്ഞാടിയതോടെ സന്ദര്‍ശകര്‍ അനായാം വിജയത്തിലേക്കു കുതിച്ചു.
13-ാം ഓവറില്‍ ഹര്‍പ്രീത് ബ്രാറിന്റെ പന്തില്‍ കൂറ്റനടിക്കുള്ള ശ്രമത്തില്‍ ലോങ് ഓണില്‍ നേഹാല്‍ വധേര പിടിച്ച് പടിക്കല്‍ പുറത്തായെങ്കിലും അപ്പോഴേക്കും മത്സരം പഞ്ചാബിന്റെ കൈപ്പിടിയില്‍നിന്ന് അകന്നിരുന്നു. 35 പന്തില്‍ നാല് സിക്‌സറും അഞ്ച് ബൗണ്ടറിയും പറത്തിയാണ് ദേവ്ദത്ത് പടിക്കല്‍ കൂടാരം കയറിയത്.
അവസാനം ജിതേഷ് ശര്‍മയെ കൂട്ടുപിടിച്ചാണ് മത്സരത്തില്‍ മറ്റൊരു ട്വിസ്റ്റിനുള്ള സാധ്യത കോഹ്ലി അടച്ചത്. വധേരയുടെ ലെഗ്‌ബ്രേക്ക് സിക്‌സറിന് പറത്തി ജിതേഷ് തന്നെ വിജയറണ്‍ കുറിച്ചു. 54 പന്ത് നേരിട്ട് ഒരു സിക്‌സറും ഏഴ് ബൗണ്ടറിയും സഹിതമാണ് കോഹ്ലി 73 റണ്‍സെടുത്തത്.
നേരത്തെ ടോസ് ഭാഗ്യം തുണച്ച ബംഗളൂരു നായകന്‍ രജത് പട്ടിദാര്‍ ആതിഥേയരെ ബാറ്റിനയയ്ക്കുകയായിരുന്നു. എന്നാല്‍, ഒരിക്കല്‍കൂടി കാടനടികളുമായി പഞ്ചാബ് ഓപണര്‍മാരായ പ്രിയാന്‍ഷ് ആര്യയും(15 പന്തില്‍ 22) പ്രഭ്‌സിംറാന്‍ സിങ്ങും(17 പന്തില്‍ 33) പവര്‍പ്ലേയില്‍ ബംഗളൂരു പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. ആറ് ഓവറില്‍ 62 റണ്‍സാണ് രണ്ടുപേരും ചേര്‍ന്ന് അടിച്ചെടുത്തത്. എന്നാല്‍, പ്രിയാന്‍ഷിനെ ടിം ഡേവിഡിന്റെ കൈകളിലെത്തിച്ച് ക്രുണാര്‍ പാണ്ഡ്യ ടീമിനു ബ്രേക്ത്രൂ സമ്മാനിച്ചു. പവര്‍പ്ലേയ്ക്കു പിന്നാലെ പ്രഭ്‌സിംറാനെ കൂടി ക്രുണാന്‍ ഡേവിഡിന്റെ കൈകളില്‍ തന്നെ എത്തിച്ചതോടെ പഞ്ചാബിന്റെ പതനം ആരംഭിച്ചു.
ഫോമിലുള്ള നായകന്‍ ശ്രേയസ് അയ്യര്‍ വീണ്ടും രണ്ടക്കം കടക്കാനാകാതെ പുറത്താകുകയും ചെയ്തു. നാലാമനായി ഇറങ്ങിയ ജോഷ് ഇംഗ്ലിസ്(17 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 27) പഞ്ചാബിനെ കരകയറ്റുമെന്നു തോന്നിച്ചെങ്കിലും ആ ഇന്നിങ്‌സിനും അധികം ആയുസുണ്ടായില്ല. 14-ാം ഓവറില്‍ ക്രീസിലെത്തി അവസാന പന്ത് വരെ ക്രീസില്‍ നിന്നിട്ടും വെടിക്കെട്ട് ഫിനിഷര്‍ ശശാങ്ക് സിങ്ങിനും(33 പന്തില്‍ വെറും ഒരു ബൗണ്ടറിയോടെ 31) പിന്നീട് വന്ന മാര്‍ക്കോ യാന്‍സനും(20 പന്തില്‍ 25) പ്രതിരോധത്തിലാണ്ട പഞ്ചാബ് ഇന്നിങ്‌സില്‍ കാര്യമായൊരു ഓളവും ഉണ്ടാക്കാനായില്ല.