ജയ്പ്പൂര്‍: ടേബിള്‍ ടോപ്പര്‍മാരാകാനുള്ള നിര്‍ണായക പോരാട്ടം ജയിച്ച് പഞ്ചാബ് കിങ്‌സ്. കരുത്തരായ മുംബൈ ഇന്ത്യന്‍സിനെതിരെ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം നേടിയാണ് ശ്രേയസ് അയ്യരുടെ സംഘം ആദ്യ രണ്ടില്‍ ഇടമുറപ്പിച്ചത്. 14 മത്സരങ്ങളില്‍നിന്ന് 19 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് ടീം. 16 പോയിന്റുള്ള മുംബൈ നാലാം സ്ഥാനത്തു തന്നെ തുടരും.
200 റണ്‍സ് ടോട്ടല്‍ ഉറപ്പായും പ്രവചിക്കപ്പെട്ട മത്സരത്തില്‍ മുംബൈയെ 184 റണ്‍സില്‍ പിടിച്ചുകെട്ടിയ പഞ്ചാബ് ബൗളര്‍മാര്‍ക്കാണ് ഇന്നത്തെ വിജയത്തിലെ പ്രധാന ക്രെഡിറ്റ്. അവര്‍ നല്‍കിയ അഡ്വന്റേജിന്റെ ആത്മവിശ്വാസത്തില്‍ പേരുകേട്ട മുംബൈ ബൗളിങ് നിരയെ നിഷ്പ്രഭമാക്കി ജോഷ് ഇംഗ്ലിസും പ്രിയാന്‍ഷ് ആര്യയും ചേസിങ് അനാസായാസമാക്കുകയും ചെയ്തു. രണ്ടുപേരും ഡ്രൈവിങ് സീറ്റിലിരുന്ന് ചേസിങ് നയിച്ചപ്പോള്‍ മുംബൈ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ഇംഗ്ലിസ് 73ഉം ആര്യ 62 റണ്‍സും അടിച്ചെടുത്ത് എതിരാളികളെ നിഷ്പ്രഭമാക്കിക്കളഞ്ഞു. നേരത്തെ, സൂര്യകുമാര്‍ യാദവിന്റെ(57) സെന്‍സിബിള്‍ ഇന്നിങ്‌സാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
നിര്‍ണായകമായ മത്സരത്തില്‍ ടോസ് ഭാഗ്യം തുണച്ചത് പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരെയായിരുന്നു. ബൗളിങ് തിരഞ്ഞെടുത്ത നായകന്റെ തീരുമാനം ശരിവയ്ക്കുകയായിരുന്നു ബൗളര്‍മാര്‍. 200നു മുകളില്‍ റണ്‍സ് വരുമെന്നു പ്രതീക്ഷിക്കപ്പെട്ട മത്സരത്തില്‍ പത്ത് റണ്‍റേറ്റിനു മുകളിലേക്ക് മുംബൈ സ്‌കോറിങ് ഉയരാതെ പിടിച്ചുകെട്ടുകയായിരുന്നു പഞ്ചാബ് ബൗളര്‍മാര്‍. സ്ലോപേസ് വേരിയേഷനുകളിലൂടെ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്തു.
ആദ്യം വീണത് മികച്ച ടച്ചിലാണെന്നു തോന്നിച്ച റിയാല്‍ റിക്കല്‍ട്ടന്‍(27). തപ്പിത്തടഞ്ഞു കളിച്ച രോഹിത് ശര്‍മയും(24) അധികം വൈകാതെ കൂടാരം കയറി. തൊട്ടടുത്ത ഓവറില്‍ തിലക് വര്‍മയും(ഒന്ന്). പത്ത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 87 എന്ന നിലയിലായിരുന്നു മുംബൈ. ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും മറ്റൊരറ്റത്ത് സെന്‍സിബിള്‍ ഇന്നിങ്‌സുമായി ടീം സ്‌കോര്‍ ഉയര്‍ത്തുന്നുണ്ടായിരുന്നു സൂര്യകുമാര്‍ യാദവ്. പതിവില്‍നിന്നു മാറി സിംഗിളും ഡബിളുമായി കളം നിറഞ്ഞു കളിച്ചു താരം. മോശം പന്തുകളെ ആക്രമിച്ചു ബൗണ്ടറി കണ്ടെത്താനും മറന്നില്ല. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ നമന്‍ധീറുമായി ചേര്‍ന്ന് അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ് ആവര്‍ത്തിക്കാമെന്ന പ്ലാനിലായിരുന്നു സൂര്യയുടെ ബാറ്റിങ്.
എന്നാല്‍, കെയില്‍ ജാമീസനും മാര്‍ക്കോ യാന്‍സനും അര്‍ഷദീപ് സിങ്ങും മികച്ച ഡെത്ത് ബൗളിങ്ങുമായി ആ പ്ലാന്‍ പൊളിച്ചു. എന്നാല്‍, അതുവരെയും കിടിലന്‍ ബൗളിങ്ങുമായി മുംബൈ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയ വിജയ്കുമാറിന് 19-ാം ഓവറില്‍ പിഴച്ചു. നമന്‍ധീറിന്റെ രണ്ട് സിക്‌സറും സൂര്യയുടെ രണ്ട് ബൗണ്ടറിയും സഹിതം 23 റണ്‍സാണ് പെനള്‍ട്ടിമേറ്റ് ഓവറില്‍ താരം വിട്ടുകൊടുത്തത്. എന്നാല്‍, അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി വെറും മൂന്ന് റണ്‍സ് വിട്ടുകൊടുത്ത അര്‍ഷദീപ് മുംബൈയെ 184 റണ്‍സില്‍ പിടിച്ചുകെട്ടുകയായിരുന്നു.
39 പന്ത് നേരിട്ട് ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 57 റണ്‍സെടുത്ത സൂര്യ തന്നെയാണ് മുംബൈ നിരയില്‍ ടോപ്‌സ്‌കോറര്‍. താരത്തിനൊപ്പം, എട്ടു പന്തില്‍ 17 റണ്‍സെടുത്ത വില്‍ ജാക്‌സിന്റെ കാമിയോയും ഹര്‍ദിക് പാണ്ഡ്യയുടെയും(26) നമന്‍ധീറിന്റെയും(20) ചെറിയ ഇന്നിങ്‌സുകളുമാണ് മുംബൈയെ പൊരുതിനോക്കാവുന്ന സ്‌കോറിലെത്തിച്ചത്.
പഞ്ചാബ് ബൗളിങ് നിരയില്‍ അര്‍ഷ്ദീപിനും യാന്‍സനും വൈശാഖിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. സ്പിന്നര്‍ ഹര്‍പ്രീത് ബ്രാര്‍ ഒരു വിക്കറ്റും വീഴ്ത്തി.
185 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് മൂന്നാം ഓവറില്‍ പ്രഭ്‌സിംറാന്‍ സിങ്ങിനെ നഷ്ടപ്പെട്ടത് മാത്രമായിരുന്നു ഇന്ന് മുംബൈയ്ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. പിന്നീടവിടെ കണ്ടത് ഓപണര്‍ പ്രിയാന്‍ഷ് ആര്യയും ഓസീസ് താരം ജോഷ് ഇംഗ്ലിസും ചേര്‍ന്നുള്ള മനോഹരമായ ചേസിങ് വിസ്മയമായിരുന്നു. ഒരു ഓവറിലും റണ്‍റേറ്റ് താഴാതെ ഇരുവരും ചേസിങ് മുന്നോട്ടുനയിച്ചു.
മുംബൈയുടെ ബൗളര്‍മാരെയെല്ലാം നിരന്തരം ബൗണ്ടറികളിലേക്ക് പായിച്ചു ആര്യയും ഇംഗ്ലിസും. മുംബൈ അറ്റാക്കിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്ക് പോലും അതില്‍ രക്ഷയുണ്ടായിരുന്നില്ല. താരം എറിഞ്ഞ 13-ാം ഓവറില്‍ ഒാരോ ഫോറും സിക്‌സറും സഹിതം 11 റണ്‍സാണ് രണ്ടുപേരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്.
ഒടുവില്‍ 15-ാം ഓവറിലാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ബൗണ്ടറി ലൈനില്‍ സൂര്യ പിടിച്ച് പ്രിയാന്‍ഷ് ആര്യ പുറത്താകുമ്പോള്‍ പഞ്ചാബ് രണ്ടിന് 143 എന്ന ശക്തമായ നിലയിലായിരുന്നു. 35 പന്ത് നേരിട്ട് ഒന്‍പത് ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തി 62 റണ്‍സെടുത്താണ് യുവതാരം മടങ്ങിയത്. 59 പന്തില്‍ 109 റണ്‍സാണ്, രണ്ടാം വിക്കറ്റില്‍ ആര്യയും ഇംഗ്ലിസും ചേര്‍ന്ന് പഞ്ചാബ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.
നാലാമനായി വന്ന ക്യാപ്റ്റന്‍ അയ്യര്‍ക്ക് ചടങ്ങുകള്‍ തീര്‍ക്കാനുള്ള ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. സീസണിലുടനീളം റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ജോഷ് ഇംഗ്ലിസ് നിര്‍ണായക മത്സരത്തില്‍ ടീമിന്റെ വിജയനായകനായി. 42 പന്ത് നേരിട്ട് ഒന്‍പത് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തി 73 റണ്‍സാണ് താരം അടിച്ചെടുത്തത്. അയ്യര്‍ 26 റണ്‍സെടുത്ത് ടീമിനെ ഫിനിഷിങ് ലൈനിലുമെത്തിച്ചു.