ധരംശാല: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 37 റണ്‍സിന്റെ ആധികാരിക ജയവുമായി കുതിപ്പ് തുടര്‍ന്ന് പഞ്ചാബ് കിങ്‌സ്. പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ(91) തകര്‍പ്പന്റെ ബാറ്റിങ്ങിന്റെ കരുത്തിലാണ് പഞ്ചാബ് വിജയം. പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തെത്തിയ സംഘം പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ്.
ധരംശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പഞ്ചാബിന് തുടക്കത്തില്‍ യുവതാരം പ്രിയാന്‍ഷ് ആര്യയെ നഷ്ടപ്പെട്ടു. എന്നാല്‍, ജോഷ് ഇംഗ്ലിഷ്(14 പന്തില്‍ 30), ശ്രേയസ് അയ്യര്‍(25 പന്തില്‍ 45) എന്നിവര്‍ക്കൊപ്പം പ്രഭ്‌സിമ്രാന്‍ (48 പന്തില്‍ 91) കൗണ്ടര്‍ അറ്റാക്കുമായി ലഖ്‌നൗ ബൗളര്‍മാരെ ആക്രമിച്ചു. അവസാനത്തില്‍ ശശാങ്ക് സിങ്ങിന്റെ(15 പന്തില്‍ 33) വെടിക്കെട്ട് കാമിയോ കൂടിയായതോടെ അഞ്ചിന് 236 എന്ന വമ്പന്‍ ടോട്ടലാണ് പഞ്ചാബ് ഉയര്‍ത്തിയത്. ഏഴ് സിക്‌സറും ആറ് ബൗണ്ടറിയും അടിച്ചുപറത്തിയാണ് പ്രഭ്‌സിമ്രാന്‍ 91 റണ്‍സ് നേടിയത്. ഇംഗ്ലിഷ് നാല് സിക്‌സറും ഒരു ബൗണ്ടറിയും നേടിയപ്പോള്‍ അയ്യര്‍ നാല് ബൗണ്ടറിയും രണ്ടു സിക്‌സറും കണ്ടെത്തി. ലഖ്‌നൗ ബൗളര്‍മാരില്‍ എല്ലാവരും കണക്കറ്റ് തല്ല് വാങ്ങിയപ്പോള്‍ ലഖ്‌നൗ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച ആകാശ് സിങ്ങാണു രണ്ടു വിക്കറ്റുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
വന്‍ ടോട്ടല്‍ പിന്തുടര്‍ന്ന ലഖ്‌നൗവിന് പവര്‍പ്ലേയിലെ പ്രകടനം വളരെ നിര്‍ണായകമായിരുന്നു. എന്നാല്‍, തുടക്കം തന്നെ പാളി. മൂന്നാം ഓവറില്‍ മിച്ചല്‍ മാര്‍ഷിനെ ഡക്കാക്കി മടക്കി അര്‍ഷ്ദീപ് സിങ് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഇതേ ഓവറില്‍ തന്നെ ഐഡന്‍ മാര്‍ക്രാമിനെയും മടക്കി. അഞ്ചാം ഓവറില്‍ അപകടകാരിയായ നിക്കോളാസ് പൂരാനെയും രണ്ടക്കം കാണാനാകാതെ അര്‍ഷ്ദീപ് വിക്കറ്റിനു മുന്നില്‍ കുരുക്കി. 27/3 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ച മുന്നില്‍ കാണുകയായിരുന്നു ലഖ്‌നൗ.
തകര്‍ന്നടിഞ്ഞ ടീമിനെ കരകയറ്റാനുള്ള ചുമതല ക്യാപ്റ്റന്‍ ഋഷഭ് പന്തിനായിരുന്നു. എന്നാല്‍, റണ്‍ കണ്ടെത്താനാകാതെ തപ്പിത്തടഞ്ഞ പന്ത്(17 പന്തില്‍ 18) എട്ടാം ഓവറില്‍ അസ്മത്തുല്ല ഒമര്‍സായിക്ക് വിക്കറ്റ് നല്‍കി മടങ്ങി. പന്ത് പുറത്തായതോടെ എല്‍.എസ്.ജി 58/4 എന്ന നിലയിലായി. വിജയലക്ഷ്യത്തിന് ആവശ്യമായ റണ്‍റേറ്റ് കുത്തനെ ഉയരുകയു ചെയ്തു.
ഒടുവില്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ആയുഷ് ബദോനിയും അബ്ദുല്‍ സമദും വന്‍ കൗണ്ടര്‍ അറ്റാക്കാണു നടത്തിയത്. 41 പന്തില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ടുമായി ലഖ്‌നൗ പ്രതീക്ഷകള്‍ വീണ്ടും കത്തിച്ചു താരങ്ങള്‍. മികച്ച സ്ട്രോക്കുകളും ഷോട്ടുകളുമായി ഇരുവരും കളം നിറഞ്ഞുകളിച്ചു. എന്നാല്‍, കത്തിക്കയറിയ സമദിനെ സ്വന്തം പന്തില്‍ പിടികൂടി മാര്‍ക്കോ യാന്‍സന്‍ പഞ്ചാബിന് ബ്രേക്ത്രൂ സമ്മാനിച്ചു. 24 പന്തില്‍ നാല് സിക്‌സറും രണ്ട് ബൗണ്ടറിയും സഹിതം 45 റണ്‍സെടുത്താണു താരം മടങ്ങിയത്. അവസാന ഓവറില്‍ ബദോനിയും മടങ്ങിയതോടെ ലഖ്‌നൗവിന്റെ പോരാട്ടം 199 റണ്‍സില്‍ അവസാനിച്ചു. 40 പന്തില്‍ അഞ്ചുവീതം സിക്‌സറും ബൗണ്ടറിയും പറത്തി 74 റണ്‍സെടുത്താണ് ആയുഷ് ബദോനി ചഹലിന്റെ പന്തില്‍ അര്‍ഷ്ദീപിനു ക്യാച്ച് നല്‍കി മടങ്ങിയത്.