ജയ്പ്പൂര്‍: നേരത്തെ തന്നെ പ്ലേഓഫില്‍ ആദ്യ രണ്ടില്‍ സ്ഥാനമുറപ്പിക്കാനിറങ്ങിയ പഞ്ചാബ് കിങ്‌സിന് പാരവച്ച് ഡല്‍ഹി. സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ പഞ്ചാബിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ക്യാപിറ്റല്‍സിന്‍റെ മടക്കം.
കന്നി ഐ.പി.എല്‍ ഹാഫ് സെഞ്ച്വറി നേടിയ സമീര്‍ റിസ് വി(59*) ആണ് ഡല്‍ഹിയെ ഫിനിഷിങ് ലൈനിലെത്തിച്ചത്. കരുണ്‍ നായരുടെ ഇന്നിങ്‌സും(44) നിര്‍ണായകമായി. നേരത്തെ, നായകന്‍ ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ച്വറിയുടെയും(53) മാര്‍ക്കസ് സ്റ്റോയിനിസിന്റെ വെടിക്കെട്ട് കാമിയോയുടെയും(44) കരുത്തിലാണ് പഞ്ചാബ് 206 എന്ന മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. എന്നാല്‍, കളി തീരാന്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കെ തന്നെ ഡല്‍ഹി ലക്ഷ്യം കണ്ടു.
ജയ്പ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ടോസ് ഭാഗ്യം തുണച്ചത് ഡല്‍ഹിയെയായിരുന്നു. ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ തീരുമാനം ശരിവച്ച് പഞ്ചാബിന്റെ രണ്ട് മുന്‍നിര ബാറ്റര്‍മാരും പവര്‍പ്ലേയില്‍ തന്നെ കൂടാരം കയറി. തകര്‍ത്തുകളിച്ച ജോഷ് ഇംഗ്ലിസിന്റെയും(12 പന്തി ല്‍ 32) ഓപണര്‍ പ്രിയാന്‍ഷ് ആര്യയുടെയും(ആറ്) വിക്കറ്റാണു നഷ്ടമായത്.
എന്നാല്‍, ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും കപ്പല്‍ ഉലയാതെ ക്യാപ്റ്റന്‍ അയ്യര്‍ ടീമിനെ മുന്നോട്ടുനയിച്ചു. 34 പന്തില്‍ രണ്ട് സിക്‌സറും അഞ്ചു ബൗണ്ടറിയും സഹിതം 53 റണ്‍സെടുത്ത് കുല്‍ദീപ് യാദവിന്റെ പന്തില്‍ താരം പുറത്തായി. പിന്നീടായിരുന്നു സ്‌റ്റോയിനിസിന്റെ വെടിക്കെട്ട് പൂരം. വെറും 16 പന്ത് നേരിട്ട് നാല് സിക്‌സറും മൂന്ന് ബൗണ്ടറിയും പറത്തി 44 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിങ്ങില്‍ ഓപണര്‍മാരായ കെ.എല്‍ രാഹുലും(21 പന്തില്‍ 35) ഫാഫ് ഡുപ്ലെസിയും(15 പന്തില്‍ 23) മികച്ച തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്. ഏഴാം ഓവറോടെ രണ്ട് ഓപണര്‍മാരും കൂടാരം കയറിയെങ്കിലും അത് ടീമിനെ ബാധിച്ചില്ല. സീനിയര്‍ താരം കരുണ്‍ നായര്‍ ചേസിങ് ഏറ്റെടുത്തു. അനായാസം ബൗണ്ടറികളും സിംഗിളും ഡബിളും കണ്ടെത്തി താരം ടീമിന്റെ സ്‌കോര്‍ വേഗം കൂട്ടി. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ അഫ്ഗാന്‍ താരം സെദിഖുല്ല അട്ടലിന്റെ(16 പന്തില്‍ 22) വെടിക്കെട്ട് ഇന്നിങ്‌സും ചേസിങ് അനായാസമാക്കി.
ഒടുവില്‍ നാലാം വിക്കറ്റില്‍ കരുണും സമീര്‍ റിസ് വിയും ചേര്‍ന്നാണ് പഞ്ചാബിന്റെ എല്ലാ പ്രതീക്ഷയും തല്ലിക്കെടുത്തിയത്. ഹര്‍പ്രീത് ബ്രാറിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായി കരുണ്‍ മടങ്ങിയെങ്കിലും റിസ് വി ടീമിനെ ഫിനിഷിങ് ലൈനിലെത്തിച്ചു. കരുണ്‍ 27 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 44 റണ്‍സെടുത്തപ്പോള്‍, 25 പന്ത് നേരിട്ട് അഞ്ച് സിക്‌സറും മൂന്ന് ബൗണ്ടറിയും പറത്തിയാണ് റിസ് വി 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്.